| Tuesday, 15th August 2023, 1:17 pm

'ഒരുപക്ഷേ രോഹിത് ശര്‍മക്ക് സംഭവിച്ചത് സഞ്ജുവിനും സംഭവിക്കാം, അവനോട് നീതിപുലര്‍ത്താന്‍ ചെയ്യേണ്ടത് ഇത് മാത്രം'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഞ്ജുവിനെ ഇനി ടീമില്‍ എടുക്കരുതെന്നും അവന് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല എന്ന് പോലും ചില കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ സഞ്ജുവിനെ പിന്തുണച്ചെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ ഇറക്കണമെന്നും ആ പൊസിഷനില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ രോഹിത് ശര്‍മക്കുണ്ടായ മാറ്റത്തെ കുറിച്ച് പരാമര്‍ശിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ചും സംസാരിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണിന്റെ മികച്ച പ്രകടനമാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ അവനെ ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിനിറക്കണം. അവനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയാല്‍ മാത്രമേ അവന്റെ ടാലന്റിനോട് നിങ്ങള്‍ക്ക് നീതി പുലര്‍ത്താന്‍ സാധിക്കൂ. രോഹിത് ശര്‍മയുടെ കാര്യം പോലെ ഇത് കാണാം,’ അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അഭിഷേക് നായരും രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ ഇറക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ടീമിലെടുക്കേണ്ടതില്ലെന്നും അഭിഷേക് നായര്‍ അഭിപ്രായപ്പെട്ടു.

‘സഞ്ജു അവസരം പാഴാക്കിയോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അവന്‍ സഞ്ജു സാംസണ്‍ ആയതുകൊണ്ടുതന്നെ മറ്റൊരു അവസരം ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അവന്റെ പൊട്ടെന്‍ഷ്യല്‍ അവസാനിച്ചു എന്നൊന്നും പറയാന്‍ സാധിക്കില്ല. അവനെ സംബന്ധിച്ച് ഇതൊരു പുതിയ റോള്‍ ആയാണ് തോന്നിയത്. അവന്‍ മൂന്ന് ഇന്നിങ്സ് മാത്രമാണ് കളിച്ചത്. ഇതില്‍ നിന്നും ഒരു മതിപ്പുണ്ടാക്കാനും അവന് സാധിച്ചില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിക്കാനും സാധ്യതയുണ്ട്.

അവനെ അഞ്ചാം നമ്പറിലാണ് കളിപ്പിച്ചത്. സഞ്ജു സാംസണില്‍ നിന്നും നിങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കണം. ആ പൊസിഷനില്‍ അവന്‍ വളരെയധികം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അല്ലാത്തപക്ഷം അവനെ ടീമില്‍ എടുക്കരുത്,’ അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Akash Chopra backs Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more