സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യന്‍ ടീമിന്റെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം. പാകിസ്ഥാനെയാണ് ഇന്ത്യ മത്സരത്തില്‍ നേരിടുക. മത്സരത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചിരുന്നു.
പരിക്ക് പൂര്‍ണമായും ഭേദമാകാതെയായിരുന്നു രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി താരത്തിനെ സജ്ജമാക്കാനായിരുന്നു സെലക്ട് ചെയ്തത്. എന്നാല്‍ ആദ്യ രണ്ട് മത്സരം രാഹുലിന് കളിക്കാന്‍ സാധിക്കില്ല.
ലോകകപ്പിന് അദ്ദേഹത്തെ കൂടുതല്‍ ആരോഗ്യവാനായി ലഭിക്കാനാണ് ആദ്യ രണ്ട് മത്സരത്തില്‍ ഇറക്കാത്തത് എന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ടീമിന്റെ ആദ്യ ഇലവന്‍ സെലക്ട് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസറ്റുമായ ആകാശ് ചോപ്ര.
ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറും മധ്യ നിര ബാറ്ററുമായ രാഹുല്‍ കളിക്കാതിരുന്നാല്‍ ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ പാളിച്ചകള്‍ സംഭവിച്ചേക്കാമെന്നാണ് ചോപ്ര പറയുന്നത്. രാഹുല്‍ കളിക്കാതിരുന്നാല്‍ ടീമിന്റെ രണ്ടാം കീപ്പര്‍ ഇഷാന്‍ കിഷനായിരിക്കും കളിക്കുക.
കിഷന്‍ ടീമില്‍ വരുകയാണെങ്കിലുള്ള ബാറ്റിങ് പൊസിഷനിലുണ്ടാകുന്ന ആശങ്കകളും അല്ലാതെയുളള പ്രശ്‌നങ്ങളുമാണ് അദ്ദേഹം പങ്കുവെച്ചത്.
‘രാഹുല്‍ ആദ്യ രണ്ട് മത്സരത്തില്‍ ഉണ്ടാകുകയില്ല, ഇതൊരു ചര്‍ച്ചയിലേക്ക് വഴിയൊരുക്കുന്ന കാര്യമാണ്. കിഷന്‍ ഓപ്പണ്‍ ചെയ്യുമോ? അങ്ങനെയാണെങ്കില്‍ ഗില്‍ എവിടെ ബാറ്റ് ചെയ്യും? അതോ രോഹിത്-ഗില്‍-കിഷന്‍ എന്നിങ്ങെയായിരിക്കുമോ ടോപ് ത്രീ? അങ്ങനെയാണെങ്കില്‍ വിരാട് എവിടെ നാലാമത് ഇറങ്ങണോ? അതോ രോഹിത്തും ഗില്ലും ഓപ്പണ്‍ ചെയ്തകൊണ്ട് വിരാട് മൂന്നാമതും കിഷന്‍ അഞ്ചാമതും കളിക്കണോ? ഇതൊന്നുമല്ലെങ്കില്‍ ഗില്ലിനെ മാറ്റി സൂര്യകുമാറിനെയോ, തിലക് വര്‍മയെയോ അഞ്ചാമത് ഇറക്കണോ?’ ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ വിക്കറ്റ് കീപ്പറായ കളിക്കുകയാണെങ്കില്‍ ഗില്‍-രോഹിത്-കോഹ്‌ലി-അയ്യര്‍-രാഹുല്‍ എന്നിങ്ങനെ ബാറ്റിങ് ഓര്‍ഡര്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുനീങ്ങിയേനെ. എന്നാല്‍ താരത്തിന്റെ അഭാവം ടീമിനെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
Content Highlight: Akash Chopra asks Questions about Indian Team’s Batting position