എസ്.എ 20 ലീഗില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സും പ്രിട്ടോറിയ ക്യാപ്പിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ ആര്‍.പി. സിങ്ങിനെക്കൊണ്ട് സച്ചിനോട് മാപ്പ് പറയിച്ച് ആകാശ് ചോപ്ര. മത്സരത്തിന്റെ കമന്റേറ്റര്‍മാരായിരുന്നു ഇരുവരും.
ജോബെര്‍ഗ്-പ്രിട്ടോറിയ മത്സരത്തിനിടെ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് താരം തെയുനീസ് ഡി ബ്രൂയ്ന്‍ റണ്‍ ഔട്ടായി പുറത്തായതിന് പിന്നാലെയാണ് ചോപ്ര ആര്‍.പി. സിങ്ങിനെക്കൊണ്ട് സച്ചിനോട് മാപ്പ് പറയിച്ചത്.
രസകരമായ രീതിയിലായിരുന്നു ഡി ബ്രൂയ്ന്‍ പുറത്തായത്. അല്‍സാരി ജോസഫ് എറിഞ്ഞ ഡെലിവറി സ്‌ട്രൈക്കറായ ഫില്‍ സോള്‍ട്ട് ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചു. ഷോട്ട് അല്‍സാരി ജോസഫിന്റെ കാലില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്യുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഉണ്ടായിരുന്ന തെയൂനിസ് ഡി ബ്രൂയ്‌നെ റണ്‍ ഔട്ടാക്കുകയുമായിരുന്നു.
കമന്ററി ബോക്‌സില്‍ നിന്നും കളി വിവരിക്കുകയായിരുന്ന ആകാശ് ചോപ്ര സഹ കമന്റേറ്ററായ ആര്‍.പി. സിങ്ങിനോട് നിങ്ങള്‍ ഇത്തരത്തില്‍ ആരെയെങ്കിലും പുറത്താക്കിയിട്ടുണ്ടോ എന്ന് ചോദിച്ചു.
ചിരിച്ചുകൊണ്ട് പണ്ട് ഞാന്‍ ബാറ്റ് ചെയ്യുന്നതിനിടെ സച്ചിന്‍ പാജിയെ ഇങ്ങനെ ഔട്ടാക്കിയിട്ടുണ്ടെന്നായിരുന്നു രുദ്രയുടെ മറുപടി. ഇതുകേട്ട ആകാശ് ചോപ്രയുടെ എക്‌സ്പ്രഷനും ബോഡി ലാംഗ്വേജും ഏറെ രസകരമായിരുന്നു.
ഒരു നിമിഷം മിണ്ടാതിരുന്ന ആകാശ് ചോപ്ര ‘പറയ്, പറയ്, സച്ചിന്‍ പാജിയോട് ഇപ്പോള്‍ തന്നെ മാപ്പ് പറയ്,’ എന്ന് പറഞ്ഞ് ആര്‍.പി. സിങ്ങിനെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ആകാശ് ചോപ്രയും സച്ചിനോട് സോറി പറയുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി സച്ചിന്‍ തന്നെ എത്തിയിരുന്നു.
‘ഒരിക്കല്‍ മാത്രം സ്‌ട്രൈറ്റ് ഡ്രൈവ് എന്റെ ഫേവറിറ്റ് ഷോട്ടായിരുന്നില്ല, ആര്‍.പി. സിങ് ബാറ്റ് ചെയ്യുമ്പോള്‍ വരെ എന്റെ വിക്കറ്റെടുത്തിട്ടുണ്ട്,’ എന്നായിരുന്നു സച്ചിന്റെ മറുപടി ട്വീറ്റ്.
അതേസമയം, മത്സരത്തില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.