വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെതിരെ രൂക്ഷവിമര്‍ശനനുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. 6ixty എന്ന പേരില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌കരിച്ച പുതിയ ടി-10 ലീഗിനെതിരെയാണ് ആകാശ് ചോപ്ര വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ക്രിക്കറ്റിനെ എത്രത്തോളം മാറ്റിമറിക്കുമെന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. ക്രിക്കറ്റില്‍ കാലാതീതമായി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഇത് അസംബന്ധമാണ് എന്നുമായിരുന്നു ചോപ്രയുടെ അഭിപ്രായം.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം 6ixty യെ കുറിച്ചുള്ള തന്റെ എതിര്‍പ്പുകള്‍ തുറന്നുപറഞ്ഞത്.
‘ടെസ്റ്റ് മത്സരങ്ങള്‍ കാലാതീതമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു ടീമിന് തങ്ങളുടെ കപ്പല്‍ മിസ്സായപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. പിന്നീട് ഏകദിന ക്രിക്കറ്റ് വന്നു. അത് 60 ഓവറില്‍ നിന്നും 50 ഓവറിലേക്ക് മാറി.
പിന്നാലെ ടി-20യും ഇപ്പോള്‍ ടി-10ഉം എത്തിയിരിക്കുന്നു. ഇവര്‍ ഇനിയുമെത്ര ക്രിക്കറ്റിനെ മാറ്റി മറിക്കും. 6ixty വരാന്‍ പോവുകയാണ്. ഇത് ട്വിസ്റ്റുള്ള ഒരു ലീഗാണ്,’ ചോപ്ര പറയുന്നു.
ക്രിക്കറ്റിനെ തന്നെ മാറ്റി മറിക്കുന്ന രീതിയിലാണ് 6ityയുടെ നിയമങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ആറ് താരങ്ങളാണ് ഒരു ടീമില്‍ കളിക്കുന്നത്. രണ്ട് ഓവറാണ് നിര്‍ബന്ധിത പവര്‍പ്ലേ, എന്നാല്‍ ആദ്യ രണ്ട് ഓവറില്‍ രണ്ട് സിക്‌സര്‍ നേടിയാല്‍ മൂന്നാം ഓവറും പവര്‍പ്ലേ ആവുമെന്നതാണ് ഇതിന്റെ വിചിത്രമായ പ്രത്യേകത.
സാധാരണയായി ഓരോ ഓവര്‍ കഴിയുമ്പോഴുള്ള സ്‌ട്രൈക്ക് ചേഞ്ച് ഇതിലുണ്ടാവില്ല, പകരം അഞ്ച് ഓവര്‍ കഴിയുമ്പോഴാണ് സ്‌ട്രൈക്ക് മാറുന്നത്.
45 മിനിറ്റിനുള്ളില്‍ 10 ഓവറും എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ഓവറില്‍ ഒരു ഫീല്‍ഡറെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കേണ്ടി വരും!
മിസ്റ്ററി ഫ്രീ ഹിറ്റാണ് അടുത്ത പ്രത്യേകത. ആരാധകരാണ് ഇതില് ഫ്രീ ഹിറ്റ് തീരുമാനിക്കുന്നത്. വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ആരാധകര്‍ മിസ്റ്ററി ഫ്രീ ഹിറ്റിനായി വോട്ട് ചെയ്യും.
ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് ലീഗ് നടക്കുന്നത്. കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
സെന്റ് ലൂസിയ കിങ്സ്, ഗയാന ആമസോണ്‍ വാറിയേഴ്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, ബാര്‍ബഡോസ് റോയല്‍സ്, ജമൈക്ക താല്ലവാസ്, സെന്റ് കീറ്റ്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സ് എന്നീ ആറ് പുരുഷ ടീമുകള്‍ക്കൊപ്പം മൂന്ന് വനിതാ ടീമുകളും ആദ്യ സീസണില്‍ കളിക്കും.
Content Highlight: Akash Chopra against 6ixty