ഐ.പി.എല്‍ 2025 റിഷബ് പന്തിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയുടെ ടി-20 ടീമിലേക്ക് തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് പന്തിന് മുമ്പിലുള്ളതെന്നും അത് താരം കൃത്യമായി വിനിയോഗിക്കണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെ വലിയ അവസരമാണ് റിഷബ് പന്തിന്റെ മുമ്പിലുള്ളത്. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്? അവന്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ഭാഗമല്ല എന്നതുതന്നെ കാരണം. ഇന്ത്യയുടെ ടി-20 സെറ്റപ്പില്‍ പോലും പന്ത് ഇല്ല എന്ന് വേണം കരുതാന്‍.
ഇത്തരത്തില്‍ ശക്തനായ ഒരു താരം ടി-20 ടീമിന്റെ ഭാഗമല്ല എന്നതില്‍ ആളുകള്‍ ഏറെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇത് നിന്റെ സീസണാണ്. സാധ്യമാകുന്നതെത്രയോ അത്രയും റണ്‍സടിച്ച് എല്ലാവരെയും ഞെട്ടിക്കൂ,’ ചോപ്ര പറഞ്ഞു.
പന്തിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ടീമന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനും സൗത്ത് ആഫ്രിക്കയ്ക്കുമെതിരായ പരമ്പരയില്‍ താരം കരുത്ത് തെളിയിച്ചിരുന്നു.
ഒരുവശത്ത് സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ റിഷബ് പന്ത് തന്റെ ബാറ്റിങ് പൊസിഷന്‍ ശ്രദ്ധേയോടെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘അവന്‍ എവിടെ ബാറ്റ് ചെയ്യും എന്നതാണ് ഒരു ചോദ്യം. അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നീയൊരിക്കലും സഞ്ജു സാംസണുമായി മത്സരിക്കേണ്ടതില്ല. നീ നിന്റെ സ്ഥാനം ശരിയായി കണ്ടെത്തണം.
മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മുകളില്‍ ബാറ്റ് ചെയ്യേണ്ടതില്ല എന്നതാണ് എന്റെ അഭിപ്രായം. നിങ്ങള്‍ക്ക് ഒരു മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാം. അല്ലെങ്കില്‍ നിങ്ങളുടെ എല്ലാ ഇടംകയ്യന്‍ ബാറ്റര്‍മാരെ നാല്, അഞ്ച്, ആറ് നമ്പറുകളില്‍ ഇറങ്ങി എല്ലാവരെയും അടിച്ചുപറത്താന്‍ ശ്രമിക്കണം,’ ചോപ്ര പറഞ്ഞു.
ഐ.പി.എല്‍ 2025ല്‍ പുതിയ ടീമിനൊപ്പം പുതിയ ഇന്നിങ്‌സിനാണ് റിഷബ് പന്ത് ഒരുങ്ങുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് റിഷബ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം എകാന സ്‌പോര്‍ട്‌സ് സിറ്റിയിലെത്തിയത്. ടീമിന്റെ ക്യാപ്റ്റനും പന്ത് തന്നെയാണ്.
മാര്‍ച്ച് 24നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം പന്ത് ആദ്യ മത്സരത്തിനിറങ്ങുന്നത്. തന്റെ പഴയ ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Akash Chopra advices Rishabh Pant before IPL 2025