|

ടി-20 ലോകകപ്പ് നേടിത്തന്ന അവന്‍ എവിടെ? ടി-20 പരമ്പരയില്‍ സൂപ്പര്‍ താരത്തെ ഒഴിവാക്കിയതില്‍ ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കാണ് കളമൊരുങ്ങുന്നത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പായി ഇരു ടീമുകളും കളിക്കുന്ന അവസാന പരമ്പരകളാണിത്.

അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഇതില്‍ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യയിറങ്ങുന്നത്. അക്‌സര്‍ പട്ടേലാണ് സ്‌കൈയുടെ ഡെപ്യൂട്ടി.

ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ സൂപ്പര്‍ താരം ശിവം ദുബെയ്ക്ക് ഇടം ലഭിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ശിവം ദുബെയെ കുറിച്ച് ഇപ്പോള്‍ ഒരാള്‍ പോലും സംസാരിക്കുന്നില്ലെന്നും പൊടുന്നനെ അവന്‍ അപ്രത്യക്ഷനായിപ്പോയെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശ് ചോപ്ര

‘ശിവം ദുബെയ്ക്ക് എന്ത് സംഭവിച്ചു? ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അവനും അംഗമായിരുന്നു. ടീം വിജയിക്കുകയാണെങ്കില്‍ അതിനുള്ള ക്രെഡിറ്റ് എല്ലാവര്‍ക്കും ലഭിക്കണം. ഫൈനലില്‍ മോശമല്ലാത്ത പ്രകടനം അവന്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു.

അതിന് മുമ്പ് അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നില്ലെന്നും ഫീല്‍ഡിങ്ങില്‍ മികച്ചതല്ല എന്നുമുള്ള ചോദ്യങ്ങളും ചര്‍ച്ചകളും ഉണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ടി-20 ലോക ചാമ്പ്യനാവുകയും ചെയ്തു.

ശിവം ദുബെ

ലോകകപ്പിന് ശേഷം അവന് ചെറിയ പരിക്കേല്‍ക്കുകയും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ പോവുകയുമായിരുന്നു. ഇപ്പോള്‍ അവന് ടീമിന് പുറത്തുമായി. ആരും തന്നെ അവനെ കുറിച്ച് സംസാരിക്കുന്നില്ല. ക്രിക്കറ്റിന്റെ ചക്രവാളത്തില്‍ നിന്നും പെട്ടെന്ന് അവന്‍ അപ്രത്യക്ഷനായി’

അതേസമയം, ജനുവരി 22നാണ് ഇംഗ്ലണ്ട് – ഇന്ത്യ ടി-20 പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

Content Highlight: Akash Chopra about Shiva Dube