| Tuesday, 15th August 2023, 2:02 pm

ഐ.പി.എല്‍ 'വേ' ടി-20 'റെ', രണ്ടും തമ്മില്‍ കൂട്ടിക്കുഴക്കരുത്: സഞ്ജുവിന്റെ പ്രകടനം മോശമാണെന്ന് സ്ഥിരം വിമര്‍ശകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തിന് ടീമില്‍ അവസരം നേടിക്കൊടുക്കാത്തതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു ഇന്ത്യക്കായി കളിച്ച ടി-20 മത്സരത്തില്‍ നിന്നും അധികം റണ്‍സ് ഒന്നും തന്നെ നേടിയിട്ടില്ലെന്നും ഇതുകാരണമാണ് സെലക്ടര്‍മാര്‍ മുഖം തിരിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ സഞ്ജുവിന്റെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് ആകാശ് ചോപ്ര ഇക്കാര്യം പറഞ്ഞത്. പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ ബാറ്റേന്തിയ സഞ്ജു 10.67 എന്ന ശരാശരിയില്‍ 32 റണ്‍സ് മാത്രമായിരുന്നു നേടിയത്.

അന്താരാഷ്ട്ര ടി-20യില്‍ മാത്രമല്ല, ഐ.പി.എല്ലിന്റെ സമീപകാല സീസണിലും സഞ്ജുവിന്റെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

‘അവന്‍ 22 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 18 എന്ന ശരാശരിയില്‍ 333 റണ്‍സാണ് സഞ്ജു നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയാണ് അവന്റെ പേരിലുള്ളത്. മികച്ച സ്‌കോര്‍ 77 ആണ്. ഇത് അത്ര മികച്ച പ്രകടനമല്ല.

നിങ്ങള്‍ ഒരിക്കലും ഐ.പി.എല്ലും അന്താരാഷ്ട്ര ടി-20 മത്സരങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കരുത്, അത് തെറ്റായ ചിത്രം മാത്രമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ അവന്റെ പ്രകടനത്തെ കുറിച്ച് മനസിലാക്കാന്‍ ഞാന്‍ ഐ.പി.എല്ലിലെ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തുകയാണ്.

ഐ.പി.എല്‍ 2023ല്‍ അവന്‍ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി. 30 എന്ന ശരാശരിയും 153 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഇത് മോശമല്ലാത്ത പ്രകടനം തന്നെയാണ്.

തൊട്ടുമുമ്പത്തെ സീസണ്‍ കണക്കിലെടുത്താല്‍ 28 എന്ന ശരാശരിയില്‍ 458 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് അവന്റെ പേരിലുണ്ടായിരുന്നത്. ഇതൊരു മീഡിയോക്കര്‍ പ്രകടനമാണ്. അവന്റെ ടി-20യിലെ നമ്പറുകള്‍ ഒട്ടും സന്തോഷം തരുന്ന ഒന്നല്ല,’ ആകാശ് ചോപ്ര പറഞ്ഞു.

ടി-20യില്‍ അത്രകണ്ട് മികച്ച പ്രകടനമല്ല താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിലും ഏകദിനത്തില്‍ സഞ്ജുവിന്റേത് മികച്ച പ്രകടനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അവന്റെ ഏകദിന സ്റ്റാറ്റുകള്‍ മികച്ചതാണ്. അവന്‍ 13 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അതാകട്ടെ തുടര്‍ച്ചയായുള്ള മത്സരങ്ങളും ആയിരുന്നില്ല. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയാണ് ആ മത്സരങ്ങളില്‍ അവന്‍ ബാറ്റ് ചെയ്തത്.

55 എന്ന ശരാശരിയിലും 104 എന്ന സ്‌ട്രൈക്ക് റേറ്റിലും 390 റണ്‍സാണ് അവന്‍ നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഏകദിന നമ്പറുകളെല്ലാം മികച്ചതാണ്, എന്നാല്‍ സാംപിള്‍ സൈസ് അല്‍പം ചെറുതാണ്.

എന്തുകൊണ്ടാണ് എല്ലാവരും സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് പറയുന്നത്? അവന്റെ സ്റ്റാറ്റ്‌സുകള്‍ കാരണമല്ല, മറിച്ച് അവന്റെ പൊട്ടെന്‍ഷ്യല്‍ കാരണമാണ് ആളുകള്‍ ഇത് ആവശ്യപ്പെടുന്നത്. സഞ്ജു നന്നായി കളിക്കുമ്പോള്‍ അവനേക്കാള്‍ മികച്ചതായി ആരും കളിക്കുന്നില്ല എന്ന് തോന്നിപ്പോകും,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra about Sanju Samson’s T20 performance

We use cookies to give you the best possible experience. Learn more