| Thursday, 27th April 2023, 4:17 pm

സഞ്ജുവിന് ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുമോ? അവന്‍ നേട്ടമുണ്ടാക്കിയില്ലെങ്കില്‍ ടീമിനും തിരിച്ചടി; തുറന്നടിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ താതപര്യപ്പെട്ടേക്കാമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രാജസ്ഥാന്‍ നിരയിലേക്ക് നോക്കുമ്പോള്‍ സഞ്ജു സാംസണ്‍ നാലാം നമ്പറിന് പകരം മൂന്നാം നമ്പറായി ബാറ്റിങ്ങിനിറങ്ങുമെന്നാണ് എനിക്ക് തോന്നുന്നത്. നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന് വേണ്ടത്ര മികവോടെ കളിക്കാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ക്ക് സ്വയം നേട്ടമുണ്ടാക്കാനാകാതെ പോയാല്‍ അത് ടീമിനെയും ബാധിക്കും,’ ആകാശ് ചോപ്ര പറഞ്ഞു.

ദേവ്ദത്ത് പടിക്കലിന് നാലാം നമ്പറില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും മൂന്നാം നമ്പറില്‍ സഞ്ജു തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും മികച്ച ഓപ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നാലാം നമ്പറിലിറങ്ങുകയാണെങ്കില്‍ ദേവ്ദത്ത് പടിക്കലിനും ഒരുപക്ഷേ തിരിച്ചടിയായേക്കാം. ദേവ്ദത്ത് പടിക്കലിന് ഒറ്റയ്ക്ക് ഒരു മത്സരം വിജയിപ്പിക്കാന്‍ സാധിക്കുമോ, ചിലപ്പോള്‍ സാധിക്കും ചിലപ്പോള്‍ സാധിക്കില്ല എന്ന് മാത്രമേ പറയാന്‍ പറ്റൂ.

എന്നാല്‍ സഞ്ജു മികച്ച രീതിയില്‍ കളിക്കുകയാണെങ്കില്‍ അവന് ഒറ്റയ്ക്ക് മാച്ച് വിജയിപ്പിക്കാന്‍ സാധിക്കുമോ, ഉറപ്പായും സാധിക്കും. ആദ്യ ആറ് അല്ലെങ്കില്‍ ഏഴ് ഓവറുകളില്‍ വിക്കറ്റ് വീണിട്ടില്ലെങ്കില്‍ സഞ്ജു തന്നെ മൂന്നാം നമ്പറില്‍ ഇറങ്ങും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 27നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ മത്സരം അരങ്ങേറുന്നത്. രാജസ്ഥാന്റെ കളിത്തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

സീസണില്‍ നേരത്തെ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ധോണിപ്പടയുടെ തോല്‍വി.

അതേസമയം, നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ചെന്നൈ. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 12 പോയിന്റുമായി പട്ടികയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സാധിക്കും.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ചെന്നൈക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ രാജസ്ഥാന് സാധിക്കും.

Content Highlight: Akash Chopra about Sanju Samson

We use cookies to give you the best possible experience. Learn more