| Saturday, 29th July 2023, 4:49 pm

സഞ്ജു ഇത്തവണയും കളിക്കാന്‍ പോണില്ല, നിര്‍ഭാഗ്യം എന്ന് അല്ലാതെ എന്ത് പറയാന്‍: സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 27ന് ആരംഭിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം അരങ്ങേറിയത്.

മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നുവെങ്കിലും സൂപ്പര്‍ താരം സഞ്ജു സാംസണെ കളത്തിലിറക്കാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു. സഞ്ജുവിനെക്കാള്‍ മോശം സ്റ്റാറ്റ്‌സുള്ള താരങ്ങള്‍ സ്ഥിരമായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമ്പോഴും രാജസ്ഥാന്‍ നായകന് അവസരം ലഭിക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.

വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ കളത്തിലിറക്കിയ മത്സരത്തില്‍ നാലാം നമ്പറില്‍ സൂര്യകുമാറിനെയാണ് ഇന്ത്യ ബാറ്റിങ്ങിനിറക്കിയത്. ഇഷാന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ സൂര്യകുമാര്‍ എന്നത്തെയും പോലെ വീണ്ടും പരാജയമാവുകയായിരുന്നു.

ഇക്കാരണം കൊണ്ട് തന്നെ സഞ്ജുവിന് രണ്ടാം മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുകയാണ്.

എന്നാല്‍ രണ്ടാം മത്സരത്തിലും സഞ്ജുവിന് നിരാശപ്പെടേണ്ടി വരുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറിലല്ല ഇറങ്ങിയത് എന്ന കാരണത്താലും പരമ്പരയില്‍ മറ്റൊരു മത്സരം കൂടിയുണ്ട് എന്ന കാരണത്താലും ഇഷാനെ തന്നെ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് ചോപ്ര പറഞ്ഞത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സഞ്ജു രണ്ടാം ഏകദിനത്തില്‍ കളിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ അവനിപ്പോള്‍ കളിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്.

പരമ്പരയിലെ ഒരു മത്സരം മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. ഇഷാനെയാണെങ്കില്‍ നാലാം നമ്പറില്‍ ഇന്ത്യ ഇറക്കിയിട്ടുമില്ല. സൂര്യകുമാറിനെ ആറാം നമ്പറിലും കളിപ്പിക്കാന്‍ സാധിക്കില്ലല്ലോ. ഇതുകൊണ്ടുതന്നെ അവര്‍ പരീക്ഷണം തുടരും. സഞ്ജുവിന്റെ കാര്യത്തില്‍ എനിക്കേറെ വിഷമമുണ്ട്. ഇത് വളരെ നിര്‍ഭാഗ്യകരമാണ്,’ ചോപ്ര പറഞ്ഞു.

ശനിയാഴ്ചയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം. മൂന്നാം മത്സരത്തിന് കാത്തുനില്‍ക്കാതെ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരം നടന്ന കെന്‍സിങ്ടണ്‍ ഓവല്‍ തന്നെയാണ് രണ്ടാം മത്സരത്തിനും വേദിയാകുന്നത്.

Content highlight: Akash Chopra about Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more