| Tuesday, 17th September 2024, 4:37 pm

അന്നാദ്യമായി സച്ചിനെ നിരാശനായി കാണപ്പെട്ടു; കാരണം വ്യക്തമാക്കി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2004ലെ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനം എന്നും വിരേന്ദര്‍ സേവാഗിന്റെ പേരില്‍ ഓര്‍ക്കപ്പെടുന്നതാണ്. മുള്‍ട്ടാനിലെ സുല്‍ത്താന്‍ എന്ന വിളിപ്പേര് വീരുവിന് ചാര്‍ത്തി നല്‍കിയ പ്രസിദ്ധമായ മുള്‍ട്ടാന്‍ ടെസ്റ്റ് ആ പര്യടനത്തിന്റെ ഭാഗമായിരുന്നു. അന്ന് പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് സേവാഗ് തിളങ്ങിയത്.

മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരുന്നു ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അഞ്ചാം വിക്കറ്റായി യുവരാജ് സിങ് പുറത്തായതിന് പിന്നാലെയായിരുന്നു ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 675 റണ്‍സാണ് ഇന്ത്യ നേടിയത്.

ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സച്ചന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസില്‍ തുടരുന്നുണ്ടായിരുന്നു. പുറത്താകാതെ 194 റണ്‍സ് നേടി നില്‍ക്കവെയാണ് ദ്രാവിഡ് ഇന്നിങ്‌സ് അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

ദ്രാവിഡിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. സച്ചിന് അര്‍ഹമായ ഇരട്ട സെഞ്ച്വറി ദ്രാവിഡ് തട്ടിത്തെറിപ്പിച്ചെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.

ഇപ്പോള്‍ ആ ഇന്നിങ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുള്‍ട്ടാന്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഓപ്പണറുമായ ആകാശ് ചോപ്ര. അന്ന് ഇരട്ട സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതില്‍ സച്ചിന്‍ ഏറെ നിരാശനായിരുന്നു എന്നാണ് ചോപ്ര പറയുന്നത്.

2 സ്ലോഗേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചോപ്ര ഇതിനെ കുറിച്ച് സംസാരിച്ചത്.

‘ഞാനന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു, പക്ഷേ ആ സംഭഷണത്തില്‍ ഞാനുണ്ടായിരുന്നില്ല. ഞാനന്ന് തീരെ ചെറുപ്പമായതിനാല്‍ അതില്‍ ഇടപെടാന്‍ പോയില്ല എന്നതാണ് സത്യം. അതെ പാജി (സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍) ഒട്ടും സന്തോഷവാനായിരുന്നില്ല. അന്ന് ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ നിരാശനായി കണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

അദ്ദേഹം നിലവിട്ടുപെരുമാറുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അന്ന് അദ്ദേഹം നിലവിട്ട് പെരുമാറിയിട്ടില്ല, പക്ഷേ തീര്‍ത്തും നിരാശനായാണ് കാണപ്പെട്ടത്,’ ചോപ്ര പറഞ്ഞു.

ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം രാഹുല്‍ ദ്രാവിഡ് ഒറ്റയ്ക്ക് കൈക്കൊണ്ടതായിരുന്നില്ല എന്നും ചോപ്ര പറഞ്ഞു.

‘രാഹുലാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. അന്ന് ദാദയും (സൗരവ് ഗാംഗുലി) ഡ്രസ്സിങ് റൂമിന്റെ ഭാഗമായിരുന്നു. അദ്ദേഹം ആ മത്സരം കളിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു. ആ ചര്‍ച്ചയില്‍ അദ്ദേഹവും ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ക്യാപ്റ്റന്‍ ഒറ്റയ്ക്ക് സ്വീകരിച്ച തീരുമാനമായിരുന്നില്ല.

നാല് ദിവസം കൊണ്ട് മത്സരം അവസാനിക്കുകയായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമായിരുന്നില്ല എന്നാണ് മത്സരശേഷം ദ്രാവിഡ് പറഞ്ഞത്. രാഹുലിന്റെ തീരുമാനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ ഒരിക്കല്‍ സ്വീകരിച്ച തീരുമാനത്തെ വീണ്ടും സംശയിക്കരുത്. ആ അവസ്ഥയില്‍ ദ്രാവിഡ് ആയിരുന്നാലും അദ്ദേഹം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 52 റണ്‍സിനും വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങാന്‍ നിര്‍ബന്ധിതരായ പാകിസ്ഥാന് രണ്ടാം ഇന്നിങ്‌സിലും ലീഡ് നേടാന്‍ സാധിച്ചില്ല.

സ്‌കോര്‍

ഇന്ത്യ: 675/5d

പാകിസ്ഥാന്‍: (fo) 407 & 216

പരമ്പരയില്‍ ഇന്ത്യ 2-1ന് വിജയിക്കുകയും ചെയ്തിരുന്നു. മുള്‍ട്ടാനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ലാഹോറില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടു. നിര്‍ണായകമായ റാവല്‍പിണ്ടി ടെസ്റ്റില്‍ ഇന്നിങ്‌സിനും 131 റണ്‍സിനും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Content highlight: Akash Chopra about Sachin Tendulkar

We use cookies to give you the best possible experience. Learn more