കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – ഇന്ത്യ മത്സരത്തില്‍ മിന്നും വിജയമണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എടുത്തെങ്കിലും ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
ബംഗ്ലാ കടുവകള്‍ക്കെതിരെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി 97 പന്തില്‍ നേടിയ 103 റണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായത്. നാല് സിക്സറുകളും ആറ് ബൗണ്ടറികളുമാണ് താരം നേടിയത്.
ഇന്ത്യക്കുവേണ്ടി ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 40 പന്തില്‍ 48 റണ്‍സുമായി രോഹിത് ശര്‍മ തിളങ്ങിയപ്പോള്‍ 55 പന്തില്‍ 53 റണ്‍സാണ് ഗില്‍ നേടിയത്.
ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ രോഹിത് നടത്തിയ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ചെയ്സിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുട്ടികളുമൊത്ത് ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നത് പോലെയാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. തനിക്കിഷ്ടമുള്ള പന്തെല്ലാം തട്ടിയും ഷോര്‍ട്ട് ബോളുകളെല്ലാം വീശിയും താരം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്തില്‍ അദ്ദേഹം പുറത്താവുകയായിരുന്നു.’ ചോപ്ര പറഞ്ഞു.
രോഹിത് മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും ആ ഇന്നിങ്സ് സെഞ്ച്വറിയിലെത്തിക്കാന്‍ കഴിയാത്തതില്‍ ആരാധകര്‍ നിരാശപ്പെട്ടുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ അങ്ങനെ കളിക്കുകയാണെങ്കില്‍ പന്ത് ഉയര്‍ത്തിയടിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ല, പക്ഷെ ഓരോ തവണയും അവന്‍ അത് അടിക്കുമ്പോള്‍ സിക്സറാകുന്നു. ഓരോ തവണയും രോഹിത് കളിക്കുന്ന രീതി സെഞ്ച്വറിയിലെത്തുമെന്ന് തോന്നുമെങ്കിലും അത് ചെയ്യാത്തത് നിരാശാജനകമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ റണ്‍ചെയ്സിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്നതും ഏഷ്യന്‍ ഗ്രൗണ്ടില്‍ 6,000 റണ്‍സ് തികക്കുന്നതുമായ ബഹുമതിയും രോഹിത് കഴിഞ്ഞ മത്സരത്തില്‍ നിന്നും സ്വന്തമാക്കിയിരിക്കിയുകയാണ്.
നിലവില്‍ റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് രോഹിത് നിലയുറപ്പിച്ചിരിക്കുന്നത്. 265 റണ്‍സാണ് രോഹിത്തിനുള്ളത്. 259 റണ്‍സോടെ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും 249 റണ്‍സോടെ ഡെവോണ്‍ കോണ്‍വേ മൂന്നാം സ്ഥാനത്തുമാണ്.
Content Highlight: Akash Chopra about Rohit Sharma