'രോഹിത് 24 കാരറ്റ് തനിത്തങ്കമാണ്, അവനെ കുറിച്ച് മോശമായി പറയുന്ന ഒരാളെ പോലും ഇതുവരെ കണ്ടിട്ടില്ല'
Sports News
'രോഹിത് 24 കാരറ്റ് തനിത്തങ്കമാണ്, അവനെ കുറിച്ച് മോശമായി പറയുന്ന ഒരാളെ പോലും ഇതുവരെ കണ്ടിട്ടില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 7:46 am

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് നായകന്‍ രോഹിത് ശര്‍മ. ഏറെ കാലമായി തേടിയലഞ്ഞ ഐ.സി.സി കിരീടം രോഹിത് ശര്‍മയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2024 ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീട വരള്‍ച്ചക്കാണ് ഇന്ത്യ വിരാമമിട്ടത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്നതിലുപരി ഒരു മികച്ച ടീം പ്ലെയറാണ് രോഹിത്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന് പ്രധാന്യം നല്‍കിയാണ് താരം ഇന്ത്യയെ മുമ്പില്‍ നിന്നും നയിച്ചത്. ഒപ്പം തന്റെ ചുറ്റുമുള്ളവരെ എല്ലായ്‌പ്പോഴും ചേര്‍ത്തുനിര്‍ത്താനും രോഹിത് ശ്രദ്ധിച്ചിരുന്നു.

 

ഇപ്പോള്‍ രോഹിത് ശര്‍മയെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ഒരു വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ കുറിച്ച് മോശമായി സംസാരിക്കുന്ന ഒരാളെ പോലും ഇതുവരെ കണ്ടിട്ടില്ല എന്നും ചോപ്ര പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം പറയുന്നത്.

‘ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും രോഹിത് ശര്‍മ തനി തങ്കമാണ്. രോഹിത് ഒരു മോശം വ്യക്തിയാണെന്ന് പറയുന്ന ഒരാളെ പോലും ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. എല്ലാവരും പറയുന്നത് അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ് എന്നാണ്. രോഹിത് ശര്‍മ 24 കാരറ്റ് സ്വര്‍ണം പോലുള്ള മനുഷ്യനാണ്,’ ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ നിരാശയിലാണ് നിലവില്‍ രോഹിത് ശര്‍മ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0നാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്.

ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിനും അവസാന മത്സരം 110 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു.

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര പരാജയപ്പെടുന്നത്. 1997ല്‍ അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ മൈറ്റി ലങ്കയോടായിരുന്നു ഇതിന് മുമ്പ് ഇന്ത്യ അവസാനമായി പരാജയപ്പെട്ടത്.

എന്നാല്‍ ഈ പരാജയത്തെ കുറിച്ച് ഓര്‍ത്തിരിക്കാനുള്ള സമയവും ഇന്ത്യക്ക് മുമ്പിലില്ല. ഈ വര്‍ഷം മൂന്ന് ടെസ്റ്റ് പരമ്പരയടക്കം ഇനി അഞ്ച് പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.

ഇതില്‍ ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. രണ്ട് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്നതാണ് ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം. പിന്നാലെ മൂന്ന് ടെസ്റ്റുകള്‍ക്കായി ന്യൂസിലാന്‍ഡും ഇന്ത്യയില്‍ പര്യടനം നടത്തും.

നവംബര്‍ 22ന് ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് പറക്കും മുമ്പ് പ്രോട്ടിയാസിനെതിരായ ടി-20 പരമ്പരയും ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കും. നവംബര്‍ എട്ട് മുതല്‍ 15 വരെയാണ് സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. നാല് ടി-20കളാണ് ഈ പമ്പരയിലുള്ളത്.

 

Content Highlight: Akash Chopra about Rohit Sharma