| Friday, 19th July 2024, 3:49 pm

മികച്ച പ്രകടനമല്ലാതിരുന്നിട്ടും അവന്‍ രണ്ട് ടീമിലും, പക്ഷേ സെഞ്ച്വറിയടിച്ചവന് ഇടമില്ല; രാജസ്ഥാന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സൂര്യകുമാര്‍ യാദവാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍.

ഇന്ത്യ-സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മക്കും സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിനും ടി-20 സ്‌ക്വാഡില്‍ ഇടമില്ലാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. കരിയറിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ വെടിക്കെട്ട് സെഞ്ച്വറിയും ഒപ്പം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകരും വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം, അഭിഷേകിനൊപ്പം അരങ്ങേറ്റം കുറിച്ച റിയാന്‍ പരാഗ് ഏകദിന സ്‌ക്വാഡിന്റെയും ടി-20 സ്‌ക്വാഡിന്റെയും ഭാഗമാണ്.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

‘റിയാന്‍ പരാഗ് രണ്ട് ടീമിലും ഇടം നേടിയിട്ടുണ്ട്. ഏകദിന സ്‌ക്വാഡിലും ടി-20 സ്‌ക്വാഡിലും. സിംബാബ്‌വേ പര്യടനത്തില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നിട്ടും അവന്റെ പേര് രണ്ട് സ്‌ക്വാഡിലുമുണ്ട്.

അഭിഷേക് ശര്‍മയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും പേരുകള്‍ ഇക്കൂട്ടത്തിലില്ല. ഞാന്‍ പറയുന്നത് ടി-20യെ കുറിച്ചാണ്. രണ്ട് പേരുടെയും പേര് അതില്‍ ഇല്ല, എന്നാല്‍ റിയാന്‍ പരാഗിന്റെ പേര് അതിലുണ്ട്. ഇത് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് റിയാന്‍ പരാഗ് ടി-20 അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരത്തിന്റെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്.

ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ടി-20 പരമ്പരയാണ് ആദ്യം. പല്ലേക്കലെയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ, ശിവം ദുബെ.

Content highlight: Akash Chopra about Riyan Parag

We use cookies to give you the best possible experience. Learn more