| Wednesday, 22nd March 2023, 9:18 pm

ഐ.പി.എല്‍ തുടങ്ങിയില്ല, അതിന് മുമ്പ് ഇയാള്‍ തുടങ്ങി; സഞ്ജു കപ്പടിക്കാന്‍ പോണില്ലെന്ന് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ ടോസ് നേടാത്തതിന് പോലും ആകാശ് ചോപ്ര സഞ്ജുവിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സഞ്ജുവിനെ കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയാണ് ആകാശ് ചോപ്ര.

രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കിരീടം നേടാന്‍ സാധ്യത കാണുന്നില്ലെന്നും ഒരു ടീം എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ബാലന്‍സിലെന്നും അദ്ദേഹം പറയുന്നു.

ജിയോ സിനിമയിലെ ആകാശ് വാണി എന്ന സെഗ്മെന്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം ഉയര്‍ത്താന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ വര്‍ഷം അവര്‍ അതിന് വേണ്ടിയായിരുന്നു പരിശ്രമിച്ചത്. ടീമിന്റെ ബാലന്‍സ് തന്നെയാണ് പ്രധാന പ്രശ്‌നം. ബാറ്റിങ്ങിനും ബൗളിങ്ങിനും ഇടയില്‍ ഒരു പാലത്തിനായുള്ള തെരച്ചിലിലാണ് അവര്‍.

ഡെത്ത് ബൗളിങ്ങാണ് ടീമിന്റെ പ്രധാന ദൗര്‍ബല്യം. ട്രെന്റ് ബോള്‍ട്ട് ഡെത്ത് ബൗളിങ്ങില്‍ മികച്ചവനല്ല. ഒബെഡ് മക്കോയ്‌യും പ്രസിദ്ധ് കൃഷ്ണയും അങ്ങനെ തന്നെ. അവര്‍ ഇരുവര്‍ക്കും പരിക്കേറ്റിരിക്കുകയാണ്, ടീം ഇതുവരെ പകരക്കാരെ പോലും പ്രഖ്യാപിച്ചിട്ടില്ല. കുല്‍ദീപ് സെന്‍ ടീമിനൊപ്പമുണ്ട്, എന്നാല്‍ ഡെത്ത് ബൗളിങ് അപ്പോഴും പ്രശ്‌നമായി നില്‍ക്കുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

ടീമിന്റെ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു.

‘ബാറ്റിങ്ങിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് കഴിഞ്ഞ സീസണിലുണ്ടായിരുന്ന പ്രധാന പ്രശ്‌നം ഈ സീസണിലും ആവര്‍ത്തിക്കുകയാണ് – ആരെല്ലാം ഏതെല്ലാം പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതാണ് അത്.

ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. അവര്‍ ഫൈനലിലും ഓപ്പണ്‍ ചെയ്തവരാണ്. അതിന് ശേഷം സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. ദേവ്ദത്ത് പടിക്കലിനെ നാലാം നമ്പറില്‍ ഇറക്കുമായിരിക്കും, എന്നാല്‍ അവന്‍ ആ പൊസിഷനില്‍ കളിക്കാന്‍ യോഗ്യനല്ല, എന്നിരുന്നാലും അവന്‍ നാലാം നമ്പറില്‍ കളിക്കും.

അഞ്ചാം നമ്പറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കളിക്കും. അവനെ അഭിനന്ദിക്കാന്‍ ഏറെയുണ്ട്. എന്നാല്‍ അഞ്ചാം നമ്പര്‍ അല്‍പം അപകടകരമായ പൊസിഷനാണ്.

അതിന് ശേഷം റിയാന്‍ പരാഗ് ആറാം നമ്പറില്‍ ഇറങ്ങും. അവന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവനാണ്, എന്നാല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും അവന് ആ മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല,’ ചോപ്ര പറഞ്ഞു.

ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

Content Highlight: Akash Chopra about Rajastan Royals

We use cookies to give you the best possible experience. Learn more