ഒരാള്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നപ്പോള്‍ മറ്റൊരാള്‍ ക്രിക്കറ്റിനോട് ടാറ്റ ബൈ ബൈ പറയുന്നു; വിമര്‍ശനവുമായി ആകാശ് ചോപ്ര
Sports News
ഒരാള്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നപ്പോള്‍ മറ്റൊരാള്‍ ക്രിക്കറ്റിനോട് ടാറ്റ ബൈ ബൈ പറയുന്നു; വിമര്‍ശനവുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th September 2023, 3:59 pm

വരാനിരിക്കുന്ന ലോകകപ്പിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡി കോക്കിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

കൂടുതല്‍ താരങ്ങള്‍ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ആകാശ് ചോപ്ര വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

2021ല്‍ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നതായിരുന്നു താരം പറഞ്ഞത്.

‘ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണെന്നും ഇതിനുശേഷം താന്‍ ഈ ഫോര്‍മാറ്റ് കളിക്കില്ലെന്നും ഡി കോക്ക് പറഞ്ഞു. വിരമിക്കല്‍ പിന്‍വലിച്ച് ബെന്‍ സ്റ്റോക്സ് തിരിച്ചുവന്നപ്പോള്‍ ഡി കോക്ക് കളി നിര്‍ത്തുകയാണ്. ഒരുപക്ഷെ ബെന്‍ സ്റ്റോക്സ് ഈ ലോകകപ്പിന് മാത്രമേ ഉണ്ടാവുകയുള്ളു,’ ചോപ്ര പറഞ്ഞു

ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സ് വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചുകൊണ്ട് ലോകകപ്പിലേക്ക് തിരിച്ചുവന്നപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ താരം ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് അറിയിച്ചത്. ഇവിടെ രണ്ട് താരങ്ങളും വ്യത്യസ്തമായ വഴികളാണ് സ്വീകരിച്ചതെന്ന് ചോപ്ര ചൂണ്ടികാട്ടി.

‘താന്‍ ബിഗ് ബാഷ് ലീഗിലെ തന്റെ ഡ്യൂട്ടി പൂര്‍ത്തിയാക്കുമെന്നും ഏകദിന ക്രിക്കറ്റ് കളിക്കാനില്ലെന്നും ഡി കോക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നിങ്ങള്‍ക്ക് ഡി കോക്ക് കളിക്കുന്നത് കാണാന്‍ സാധിക്കില്ല,’ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 141 ഏകദിന മത്സരങ്ങള്‍ കളിച്ച ഡി കോക്ക് 5977 റണ്‍സ് നേടിയിട്ടുണ്ട്. 17 സെഞ്ച്വറിയും 29 അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

2022 ലാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഈയടുത്താണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചുകൊണ്ട് താരം തിരിച്ചുവന്നത്.

 

Content highlight: Akash Chopra about Quinton de Kock