| Saturday, 14th January 2023, 6:10 pm

വെള്ളം കൊണ്ടുവരാനും ബെഞ്ചിലിരുത്താനും ഒരുത്തന്‍ കൂടി; രണ്ടാം സേവാഗിനെക്കൊണ്ട് ഒരു കളി പോലും കളിപ്പിക്കില്ലെന്ന് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷമാണ് യുവതാരം പൃഥ്വി ഷാക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബി.സി.സി.ഐ സ്ഥിരമായി തഴയുന്ന താരങ്ങളില്‍ പ്രധാനിയാണ് ഷാ.

ബാറ്റിങ്ങില്‍ വിരേന്ദര്‍ സേവാഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഷായുടെ ബാറ്റിങ്. ആദ്യ പന്ത് മുതല്‍ തന്നെ ബൗണ്ടറിയടിച്ച് ആക്രമിച്ചു കളിക്കുകയെന്ന സേവാഗിന്റെ അതേ അറ്റാക്കിങ് ക്രിക്കറ്റ് രീതി തന്നെയാണ് പൃഥ്വി ഷായും പിന്തുടരുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഇന്ത്യയുടെ രണ്ടാം വിരേന്ദര്‍ സേവാഗ് എന്നാണ് ഷാ അറിയപ്പെടുന്നത്.

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിലാണ് ഷായ്ക്ക് സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഏറെ കാലത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തുകയാണെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പൃഥ്വി ഷായ്ക്ക് കളിക്കാന്‍ സാധ്യത കാണുന്നില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര.

‘പൃഥ്വി ഷാ മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാല്‍ അവന്‍ ഈ പരമ്പരയിലെ ഏതെങ്കിലും മത്സരം കളിക്കുമോ എന്ന കാര്യത്തില്‍ എനിക്കിപ്പോഴും ഉറപ്പില്ല. അവന്റെ സെലക്ഷനെ കുറിച്ച് മുന്‍ കാലങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു, ഒടുവില്‍ അവന്‍ സ്‌ക്വാഡിന്റെ ഭാഗമായി,’ ആകാശ് ചോപ്ര പറഞ്ഞു.

‘ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലുമാണ് ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കും ഓപ്പണറുടെ റോളില്‍ കളിക്കാന്‍ സാധിക്കും.

ബാറ്റിങ് ലൈന്‍ അപ്പില്‍ പൃഥ്വി ഷാ ശുഭ്മന്‍ ഗില്ലിനെ മറികടക്കുമോ? എന്നിക്കൊരു ഐഡിയയുമില്ല. പക്ഷേ അവന്‍ ടീമിലുണ്ട്, അത് മികച്ച കാര്യമാണ്,’ ചോപ്ര പറഞ്ഞു.

ഇന്ത്യ ടി-20 സ്‌ക്വാഡ്

ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ദീപ്ക് ഹൂഡ, രാഹുല്‍ ത്രിപാഠി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി, പൃഥ്വി ഷാ, മുകേഷ് കുമാര്‍.

Content highlight: Akash Chopra about Prithvi Shaw

We use cookies to give you the best possible experience. Learn more