ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരകള്‍ക്കാണ് കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ഏകദിന സീരീസിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ടി-20 പരമ്പരക്കിറങ്ങുന്നത്.
റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്കും മുഹമ്മദ് സിറാജ് അടക്കമുള്ള താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഹര്‍ദിക് പണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തിനായി റാഞ്ചിയിലേക്കിറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസിനെ നയിക്കുന്നത്.
എന്നാല്‍ സാന്റ്‌നറിന്റെ കിവി പടയിലെ പകുതിയോളം താരങ്ങളെ തനിക്ക് അറിയുക പോലുമില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
‘എതിരാളികളുടെ കാര്യം വളരെയധികം രസകരമാണ്. മിച്ചല്‍ സാന്റ്‌നറാണ് അവരെ നയിക്കുന്നത്. എനിക്കും നിങ്ങള്‍ക്കും ടീമിലെ പകുതിയോളം പേരെ അറിയുക പോലുമില്ല. പണ്ടുണ്ടായിരുന്നത് പോലെ ശക്തമായ ഒരു ടീമല്ല ന്യൂസിലാന്‍ഡ് ഇപ്പോള്‍.
ന്യൂസിലാന്‍ഡ് ഇപ്പോള്‍ കുറച്ചുകൂടി ദുര്‍ബലരായിരിക്കുകയാണ്. നിങ്ങള്‍ ന്യൂസിലാന്‍ഡ് ടീമിനെ നോക്കുമ്പോള്‍ അവര്‍ക്ക് ആ ഒരു ശക്തിയുള്ളതായി തോന്നുന്നില്ല. ഡെവോണ്‍ കോണ്‍വേ ഏകദിനത്തിലെ അവസാന മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തിലും അവന്‍ സെഞ്ച്വറി നേടിയേക്കും,’ ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ കോണ്‍വേ 100 പന്തില്‍ നിന്നും 138 റണ്‍സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍വേക്ക് പിന്തുണ നല്‍കാന്‍ മറ്റാരും തന്നെ ഇല്ലാതെ പോയപ്പോള്‍ ന്യൂസിലാന്‍ഡ് 90 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി.
ഡെവോണ്‍ കോണ്‍വേക്ക് പുറമെ ഗ്ലെന്‍ ഫിലിപ്‌സും ഫിന്‍ അലനും റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും ചോപ്ര പറഞ്ഞു.
‘ഫിന്‍ അലനെ നോക്കുകയാണെങ്കില്‍ അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നവനാണ്. എന്നാല്‍ ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ അവനെ പുറത്താക്കുന്നു. ഗ്ലെന്‍ ഫിലിപ്‌സ് മികച്ച പ്രകടനം നടത്തുമെന്നും ഡെവോണ്‍ കോണ്‍വേ റണ്ണടിച്ചുകൂട്ടുമെന്നും പ്രതീക്ഷിക്കാം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
ജനുവരി 27ന് രാത്രി ഏഴ് മണിക്കാണ് റാഞ്ചിയില്‍ വെച്ച് മത്സരം നടക്കുന്നത്.