| Wednesday, 28th September 2022, 4:53 pm

ഇന്ത്യ ഉറപ്പായും തോല്‍ക്കും; അവനില്ലെങ്കില്‍ ടീം വെറും കാറ്റുപോയ ബലൂണ്‍; സൂപ്പര്‍ താരത്തിന്റെ അഭാവത്തെ കുറിച്ച് ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ടി-20 പരമ്പരക്കിറങ്ങുകയാണ്. മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.

പല സൂപ്പര്‍ താരങ്ങളും ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ല. അത്തരത്തില്‍ പുറത്തായ താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് വിശ്രമത്തിനായാണ് താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ക്രിക്കറ്റില്‍ ഇന്ത്യയുടെ ഡിപ്പന്‍ഡിബിള്‍ ഓള്‍ റൗണ്ടര്‍ എന്ന പദവിയിലേക്ക് വളരെ പെട്ടന്നാണ് താരം എത്തിയത്.

എന്നാല്‍ പ്രോട്ടീസിനെതിരായ മത്സരത്തില്‍ താരത്തിന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

ഹര്‍ദിക് ഇല്ലെങ്കില്‍ ഇന്ത്യ ശക്തി കുറഞ്ഞ ടീമായി മാറുമെന്നും ആകാശ് ചോപ്ര പറയുന്നു.

‘കഴിഞ്ഞ മത്സരത്തില്‍ മര്‍ക്രത്തിന് ഇന്ത്യക്കെതിരെ കളിക്കാന്‍ സാധിച്ചിരുന്നില്ല, ക്വിന്റണ്‍ ഡി കോക്ക് ആകട്ടെ ഒറ്റ മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ഇതെല്ലാം അന്ന് സൗത്ത് ആഫ്രിക്കയെ കാര്യമായി തന്നെ തളര്‍ത്തിയിരുന്നു.

എന്നാല്‍ അവരെല്ലാം തന്നെ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇത് അവര്‍ക്ക് അഡ്വാന്റേജായി മാറും.

ഏതൊരു കളിയും ജയിക്കാന്‍ പോന്ന താരങ്ങള്‍ സൗത്ത് ആഫ്രിക്കക്കുണ്ട്. ഐ.സി.സി ടി-20 ലോകകപ്പ് 2022ല്‍ ഇവര്‍ അപകടകാരികളായി മാറും. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയില്ലാത്തതുകൊണ്ട് ഇന്ത്യന്‍ നിര ക്ഷയിച്ചിരിക്കുകയാണ്,’ ആകാശ് ചോപ്ര പറയുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുമെന്നും ചോപ്ര പറഞ്ഞു.

‘ഇന്ത്യ പരാജയപ്പെടും’ എന്നാണ് ആദ്യ മത്സരത്തെ കുറിച്ച് ആകാശ് ചോപ്ര പ്രവചിക്കുന്നത്.

ഓസീസുമായുള്ള കഴിഞ്ഞ പരമ്പരയില്‍ മിന്നുന്ന വിജയം നേടിയാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണിത്. ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയെ വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ 28 ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം..

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. നേരത്തെ ഐ.പി.എല്ലിന് ശേഷം ഇരുവരും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.

Content highlight: Akash Chopra about Hardik Pandya’s absence in Indian team

We use cookies to give you the best possible experience. Learn more