ഇവന്മാര്‍ മതിയല്ലോ, ഓസ്‌ട്രേലിയയുടെ ശത്രു ഒസ്‌ട്രേലിയയില്‍ തന്നെ: ആകാശ് ചോപ്ര
Cricket
ഇവന്മാര്‍ മതിയല്ലോ, ഓസ്‌ട്രേലിയയുടെ ശത്രു ഒസ്‌ട്രേലിയയില്‍ തന്നെ: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 5:06 pm

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്‍ഡോറിലാണ് നടക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കാനിരുന്ന മാച്ചാണ് ഇന്‍ഡോറിലേക്ക് മാറ്റിയത്. ധര്‍മശാലയിലെ പിച്ച് തയാറാകാത്തതിനെ തുടര്‍ന്നാണ് ഇന്‍ഡോറിലേക്ക് കളി മാറ്റിയത്.

ഇന്‍ഡോറിലെ പിച്ച് സ്പിന്നേഴ്‌സിന് അനുകൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് ക്രിക്കറ്റ്. വാര്‍ത്തയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര.

ഫ്‌ളാറ്റ് പിച്ച് സ്പിന്നേഴ്‌സിന് അനുകൂലമാണെന്നാണ് ഫോക്‌സിന്റെ കണ്ടുപിടുത്തമെന്നും ഇതുപോലെയുള്ള സുഹൃത്തുക്കളുണ്ടെങ്കില്‍ ശത്രുക്കളുടെ ആവശ്യമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. വിരാട് കോഹ്‌ലിയും മായങ്ക് അഗര്‍വാളും ഇരട്ട സെഞ്ച്വറി നേടിയ പിച്ചില്‍ ആര്‍. ആശ്വിന്‍ മാത്രമാണ് മികച്ച പ്രകടനം നടത്തിയതെന്നാണ് ഫോക്‌സ് ക്രിക്കറ്റ് ധരിച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ മത്സരം ഇന്‍ഡോറിലാണ് നടക്കുന്നത്. ഇന്‍ഡോറില്‍ ഫ്‌ളാറ്റ് പിച്ചാണ് ഉള്ളത്. എന്നാല്‍ ഫോക്‌സ് ക്രിക്കറ്റ് പറയുന്നത് അത് സ്പിന്നേഴ്‌സിന് അനുകൂലമായ പിച്ചാണെന്നാണ്. ഇതുപോലെയുള്ള സുഹൃത്തുക്കള്‍ ഓസ്‌ട്രേലിയക്കുണ്ടെങ്കില്‍ അവര്‍ക്ക് ശത്രുക്കളുടെ ആവശ്യമുണ്ടാവില്ല.

രണ്ട് ടെസ്റ്റ് മാച്ചുകള്‍ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇവിടെ വെച്ച് ഇന്ത്യ ശ്രീലങ്കയേയും ന്യൂസിലാന്‍ഡിനേയുമാണ് നേരിട്ടിട്ടുള്ളത്. ആ മാച്ചുകളില്‍ മായങ്ക് അഗര്‍വാളും വിരാട് കോഹ്‌ലിയും ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയും അജന്‍ക്യ രഹാനെയും റണ്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഫോക്‌സ് ക്രിക്കറ്റ് വിചാരിച്ചുവെച്ചിരിക്കുന്നത് ഇവിടെ ആര്‍. അശ്വിനാണ് ഇവിടെ മികച്ച പെര്‍ഫോമന്‌സ് എടുത്തതെന്നാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

ഫെബ്രുവരി 13ന് നടന്ന ആദ്യ ടെസ്റ്റില്‍ വലിയ മാര്‍ജിനിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. ഫെബ്രുവരി 17ന് ദല്‍ഹിയിലാണ് രണ്ടാം ടെസ്റ്റ് മത്സരം.

Content Highlight: akash chopra about foks cricket report on indore pitch