ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകളിലേതുള്ള പിച്ചുകളാണ് ലോകകപ്പിനായി ഒരുക്കുന്നതെങ്കില്‍ മത്സരം ആവേശകരമാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ലോകകപ്പിനായി റണ്ണൊഴുക്ക് മാത്രമുള്ള പിച്ചുകളാണ് ഒരുക്കുന്നതെങ്കില്‍ ലോകകപ്പ് തന്നെ വിരസമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റര്‍മാര്‍ക്ക് അനുകൂലമായാണ് പിച്ചുകളൊരുക്കുന്നതെങ്കില്‍ 400 വരെ എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ മത്സരങ്ങള്‍ക്ക് ഒട്ടും ആവേശമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരത്തിലുള്ള പിച്ചുകളിലാണ് ഏകദിന മത്സരങ്ങള്‍ കളിക്കുന്നതെങ്കില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമൊക്കെ ഒരുപാട് റണ്ണടിച്ചുകൂട്ടും. അവര്‍ നേരത്തെ പുറത്താകുന്ന ദിവസം വന്നാല്‍ വിരാട് കോഹ്‌ലി എതിരാളികളെ വലിച്ചു കീറും. ഇത്തരം പിച്ചുകള്‍ ഒരിക്കലും ക്രിക്കറ്റിന് ചേര്‍ന്നതല്ല.
നിങ്ങള്‍ക്ക് വെടിക്കെട്ട് ബാറ്റിങ്ങാണ് വേണ്ടതെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള പിച്ചുകള്‍ ഒരുക്കുന്നു. ലോകകപ്പ് ഇവിടെ നടക്കുന്നതിനാല്‍ ഇത് അത്ര നല്ല കാര്യമല്ല.
400 റണ്‍സൊക്കെ ഇത്തരം പിച്ചില്‍ എളുപ്പത്തില്‍ നേടാന്‍ സാധിക്കും. 400 റണ്‍സൊക്കെ പിറക്കുന്ന മത്സരം അതത്ര മികച്ചതാവില്ല,’ ചോപ്ര വ്യക്തമാക്കി.
ഇന്ത്യ അവസാനം കളിച്ച രണ്ട് ഏകദിന പരമ്പരകള്‍ മാത്രം പരിശോധിച്ചാല്‍ പിച്ചിന്റെ സ്വഭാവം വ്യക്തമാകുമെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനുമെതിരായ അവസാന ആറ് മത്സരങ്ങല്‍ പരിശോധിക്കുകയാണെങ്കില്‍ ഗുവാഹത്തി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ടീം സ്‌കോര്‍ 400നടുത്ത് വരെ എത്തിയിരുന്നു.
ലോകകപ്പ് മത്സരങ്ങള്‍ ഇവിടെ ആരംഭിക്കുകയും ഇന്ത്യ ഫേവറിറ്റുകളാവുകയും ചെയ്യും. എന്നാല്‍ മത്സരങ്ങള്‍ ഒട്ടും ആവേശകരമാകില്ല,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
2023ല്‍ ഇതുവരെ രണ്ട് പരമ്പരകളില്‍ നിന്നുമായി ആറ് ഏകദിനമാണ് ഇന്ത്യ കളിച്ചത്. അതില്‍ നാല് തവണയാണ് ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. മറ്റ് രണ്ട് മത്സരങ്ങളില്‍ ചെയ്സിങ്ങിനിറങ്ങിയതാണ് ഇന്ത്യയെ 300 കടക്കാന്‍ അനുവദിക്കാതിരുന്നത്.
337, 219, 390, 349, 111, 385 എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌കോറുകള്‍.
2011ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോള്‍, 1983ന് ശേഷം ആദ്യമായി വിശ്വകിരീടം ഇന്ത്യന്‍ മണ്ണിലേക്കെത്തിയിരുന്നു. 2023ല്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകകപ്പിന് വേദിയാവുകയാണ്. ഈ വര്‍ഷം ഇന്ത്യ തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content highlight: Akash Chopra about cricket pitches in India