| Wednesday, 20th December 2023, 5:48 pm

പേടിക്കേണ്ട, അവന്‍ ബാറ്റ് ചെയ്‌തോളും; രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആരാധകരുടെ ആവശ്യത്തില്‍ മുംബൈ ഉടമ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്‍ 2024ന് മുന്നോടിയായുള്ള താരലേലം അരങ്ങേറിയത്. ദുബായില്‍ നടന്ന ലേലത്തില്‍ എല്ലാ ടീമുകളും തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിക്കുകയും ഡ്രസ്സിങ് റൂം കൂടുതല്‍ സ്റ്റേബിളാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന താരലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടീമുകളില്‍ പ്രധാനികള്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയായിരുന്നു. ദില്‍ഷന്‍ മദുശങ്ക, ജെറാള്‍ഡ് കോട്‌സി എന്നിവരെയടക്കം സ്വന്തമാക്കിയാണ് മുംബൈ തിളങ്ങിയത്.

താരലേലത്തിന് മുമ്പ് തന്നെ മുംബൈ ഇന്ത്യന്‍സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയാണ് മുംബൈ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റുകയും ഹര്‍ദിക് പാണ്ഡ്യയെ നിയമിക്കുകയും ചെയ്ത മാനേജ്‌മെന്റ് ആരാധകര്‍ക്ക് ഇരട്ടി ഷോക്ക് നല്‍കി.

രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെ വിളിക്കണമെന്ന് ആരാധകര്‍ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ഹര്‍ദിക്കിന് തന്നെ നല്‍കാനായിരുന്നു മുംബൈയുടെ തീരുമാനം.

രോഹിത് ശര്‍മയെ ക്യാപ്റ്റനായി വീണ്ടും നിയമിക്കണെന്ന ആവശ്യം താരലേലത്തിനിടയിലും ഉയര്‍ന്നുകേട്ടിരുന്നു. ലേല നടപടികളുടെ ഇടവേളയില്‍ ‘രോഹിത് ശര്‍മ കോ വാപസ് ലാവോ’ (രോഹിത് ശര്‍മയെ തിരിച്ചുകൊണ്ടുവരണം) എന്ന് മുംബൈ ആരാധകന്‍ വിളിച്ചുപറയുകയായിരുന്നു. ഇതിന് ആകാശ് അംബാനി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

‘ചിന്താ മത് കരോ, വോ ബാറ്റിങ് കരേംഗാ’ (വിഷമിക്കാതിരിക്കൂ, അവന്‍ ബാറ്റ് ചെയ്യും) എന്നാണ് ആകാശ് പറഞ്ഞത്.

മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് ഹാന്‍ഡിലില്‍ ഇത് സംബന്ധിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ലേലത്തില്‍ മുംബൈ സ്വന്തമാക്കിയ താരങ്ങള്‍

ജെറാള്‍ഡ് കോട്‌സി* – 5 കോടി – ഓള്‍ റൗണ്ടര്‍

നുവാന്‍ തുഷാര* – 4.80 കോടി – ബൗളര്‍

ദില്‍ഷന്‍ മധുശങ്ക* – 4.60 കോടി – ബൗളര്‍

മുഹമ്മദ് നബി* – 1.50 കോടി – ഓള്‍ റൗണ്ടര്‍

ശ്രേയസ് ഗോപാല്‍ – 20 ലക്ഷം ബൗളര്‍

ശിവാലിക് ശര്‍മ – 20 ലക്ഷം – ഓള്‍ റൗണ്ടര്‍

അന്‍ഷുല്‍ കാംബോജ് – 20 ലക്ഷം – ഓള്‍ റൗണ്ടര്‍

നമന്‍ ധീര്‍ – 20 ലക്ഷം – ഓള്‍ റൗണ്ടര്‍

(* ഓവര്‍സീസ് താരങ്ങള്‍)

ഐ.പി.എല്‍ 2024 മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡ്), ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷാംസ് മുലാനി, നെഹല്‍ വാധേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, റൊമാരിയോ ഷെപ്പേര്‍ഡ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ട്രേഡ്), ജെറാള്‍ഡ് കോട്സി, ദില്‍ഷന്‍ മധുശങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.

Content Highlight: Akash Ambani’s reply about Rohit Sharma’s captaincy

We use cookies to give you the best possible experience. Learn more