ന്യൂദല്‍ഹി: ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ടു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചാണ് സഖ്യത്തില്‍ നിന്നും അകാലിദള്‍ പുറത്തുപോയിരിക്കുന്നത്. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലാണ് തീരുമാനം പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ഹര്‍സിമത്ര് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
എം.എസ്.പിയില്‍ കര്‍ഷകരുടെ വിളകളുടെ വിപണനം ഉറപ്പാക്കുന്നതിന് നിയമപരമായ നിയമനിര്‍മ്മാണത്തിന് ഉറപ്പ് നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചതിനാലാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ ശിരോമണി അകാലിദള്‍ തീരുമാനിച്ചതെന്ന് അകാലിദള്‍ വ്യക്തമാക്കി.
പഞ്ചാബി, സിഖ് വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം അവഗണന കാണിക്കുന്നെന്നും അകാലിദള്‍ പറഞ്ഞു.
എന്‍.ഡി.എ യില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പരിശോധിക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ ഹര്‍സിമ്രതിന്റെ രാജിക്ക് പിന്നാലെ പറഞ്ഞിരുന്നു.
കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ആദ്യം തൊട്ടുതന്നെ ഹര്‍സിമ്രതിന് വിയോജിപ്പുണ്ടായിരുന്നെന്നും കര്‍ഷകരോട് കൂടിയാലോചന നടത്താതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഞ്ചാബ് തെരഞ്ഞെടുപ്പിന് ഏറെ ദൂരം ബാക്കിയില്ലെന്നിരിക്കെയാണ് അകാലിദള്‍ സഖ്യം വിടുന്നത്.
നേരത്തെ ശിവസേനയും എന്‍.ഡി.എ വിട്ടിരുന്നു. അകാലിദള്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോയാല്‍ ബി.ജെ.പിക്കത് ചെറുതല്ലാത്ത തിരിച്ചടി തന്നെയാകും നല്‍കാന്‍ പോകുന്നത്. ശിവസേനയും അകാലിദളും എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക