ഇന്ത്യ-സൗത്ത് ആഫ്രിക്ക പരമ്പരയിലെ നാലാം ടി-20 മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജോഹന്നാസ്ബെര്‍ഗില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പ്രോട്ടിയാസിനോട് പരമ്പര സ്വന്തമാക്കാനാണ് സാധിക്കുക. മറിച്ച് പ്രോട്ടിയാസിന് വിജയിച്ചാല്‍ പരമ്പര സമനിലയിലാക്കാനും സാധിക്കും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ സഞ്ജു സാംസണിലാണ് ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും പൂജ്യം റണ്‍സിനാണ് പുറത്തായത്.
തന്റെ ആദ്യ സെഞ്ച്വറി പ്രകടനത്തിന് ശേഷം സഞ്ജുവിന്റെ അച്ഛന്‍ വിശ്വനാഥന്‍ സഞ്ജുവിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയും വിരാടും രോഹിത്തും ദ്രാവിടുമാണെന്ന് ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.
സഞ്ജുവിന്റെ അച്ഛന്‍രെ ആരോപണങ്ങള്‍ക്കെതിരെ ആകാശ് ചോപ്ര പറഞ്ഞത്
‘സഞ്ജു സാംസണിന്റെ അച്ഛന്‍ വളരെ രസകരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. കോഹ്‌ലി, ധോണി, രോഹിത്, ദ്രാവിഡ് എന്നിവരക്കുറിച്ചാണത്. അവര്‍ തന്റെ മകന്റെ 10 വര്‍ഷത്തെ കരിയര്‍ നശിപ്പിച്ചുവെന്ന് പറഞ്ഞു. അത് ഇപ്പോള്‍ ആവശ്യമായിരുന്നോ?
ഞാനൊരു അച്ഛനായതുകൊണ്ട് തന്നെ പറയാം, അച്ഛന്മാര്‍ പക്ഷപാതിത്വം ഉള്ളവരാണ്. നമ്മുടെ മക്കള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്, അവരുടെ ഒരു കുറവും നമ്മള്‍ കാണുന്നില്ല. അച്ഛന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കണം. അവനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു,
യോഗ്രാജ് സിങ്ങിന്റെയും യുവരാജ് സിങ്ങിന്റെയും കാര്യത്തില്‍ നമ്മള്‍ ഇത് കണ്ടതാണ്. യോഗ്രാജ് സിങ് എന്തൊക്കെയോ പറയുന്നുണ്ട്, എന്താണ് പറയേണ്ടതെന്ന് മനസിലാക്കാന്‍ യുവിക്ക് കഴിയുന്നില്ല, അങ്ങനെ ചിന്തിക്കുന്നില്ലെന്ന് സ്വയം വേര്‍പെടുത്താന്‍ അയാള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ എന്ത് നേട്ടം കൈവരിച്ചാലും ഇത്തരം അഭിപ്രായങ്ങള്‍ നിങ്ങളെ സഹായിക്കില്ല,
നിങ്ങള്‍ ഒരു ശവക്കുഴി കുഴിച്ചാല്‍ നിങ്ങള്‍ക്ക് ഒരു അസ്ഥികൂടം മാത്രമേ ലഭിക്കൂ, നിങ്ങള്‍ക്ക് മറ്റൊന്നും കിട്ടില്ല, ആ അസ്ഥികൂടം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യും? അവനെ നന്നായി കളിക്കാന്‍ അനുവദിക്കൂ, നിങ്ങള്‍ ദല്‍ഹിയില്‍ ആയിരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ജോലി ഉപേക്ഷിച്ചു, കേരളത്തില്‍ പോയി, ജീവിതകാലം മുഴുവന്‍ സഞ്ജുവിന് വേണ്ടി നിലകൊണ്ടു, നിങ്ങള്‍ അല്‍പം വൈകാരികമായിപ്പോയി,’ ആകാശ് ചോപ്ര പറഞ്ഞു.
ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ആദ്യ മത്സരത്തില്‍ പ്രോട്ടിയാസിനെതിരെ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്.
ഏഴ് ഫോറും പത്ത് സിക്സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.
Content Highlight: Akadsh Chopra Talking About Sanju Samson’s Father