[]റഷ്യ: ഒരു പക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയ ആയുധമെന്ന് കരുതപ്പെടുന്ന എ.കെ. 47 തോക്ക് കണ്ടുപിടിച്ച മിഖായേല്‍ കലോനിഷ്‌കോവ് മരിച്ചു. 94 കാരനായ കലാഷ്്‌നിക്കോവ് മരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ജന്മദേശമായ ഇസ് വാസ്‌ക്കില്‍ വച്ച് കലോഷ്‌നിക്കോവ് മരിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ ഇറ്റര്‍-റ്റാസ് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
അദ്ദേഹത്തിന്റെ മരണം പ്രവിശ്യാ പ്രസിഡണ്ടിന്റെ വക്താവ് സ്ഥിരീകരിച്ചതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആട്ടോമാറ്റിക് റൈഫിളായ എ.കെ 47 ലോകത്ത ഏറ്റവും കൂടുതല്‍ പ്രശസ്തിയാര്‍ജ്ജിച്ചതും ഉപയോഗിച്ചതുമായ തോക്കാണ്.
തന്റെ ഇരുപതാം വയസ്സിലാണ് റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന കലോഷ്‌നിക്കോവ് അസോള്‍ട്ട് വിഭാഗത്തില്‍പെടുന്ന എ.കെ.47 തോക്ക് വികസിപ്പിച്ചെടുക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചു. ഇത് റഷ്യയെ ഇരുത്തി ചിന്തിപ്പിച്ചു.
മിഖായേല്‍ കലോനിഷ്‌കോവും കൂടുതല്‍ മെച്ചപ്പെട്ട ആയുധം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളാരംഭിച്ചു. നാസികള്‍ക്കെതിരെയുള്ള യുദ്ധത്തിനിടെ മിഖായേലിന് പരിക്കേറ്റു.
ആശുപത്രികിടക്കയില്‍ പുതിയ തോക്കിന്റെ ആലോചനകളില്‍ മുഴുകി അദ്ദേഹം. അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഉണ്ടാക്കിയെടുത്തതാണ് എ.കെ.47. 1947ല്‍ പണി പൂര്‍ത്തിയാക്കി അവതരിപ്പിച്ച എ.കെ.47 , 1949ലാണ് സോവിയറ്റ് ആംഡ് ഫോഴ്‌സ് ഔദ്യോഗികമായി അംഗീകരിക്കുന്നത്.