തിരുവനന്തപുരം: കാട്ട്‌പോത്ത് ആക്രമണത്തില്‍ വിലപേശല്‍ സമരം പാടില്ലെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. വിലപേശല്‍ സമരത്തെ ഒരിക്കലും കെ.സി.ബി.സി അനുകൂലിച്ചില്ലെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതേ വിഷയത്തില്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം.
‘എരുമേലിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോള്‍ നിയമപരിഷ്‌കാരം നടത്തുന്നത് വരെ കാത്തിരിക്കാന്‍ പറ്റുമോ. ഇപ്പോഴും അവിടെ ഉള്‍ക്കാടുകളില്‍ മയക്ക് വെടി നടത്തുകയാണ്. ഉള്‍ക്കാടില്‍ പോയി മയക്ക് വെടി വെച്ചിട്ടെന്താണ് കാര്യം എന്ന് വരെ ചോദിച്ചവരുണ്ട്.
അതൊക്കെ നമ്മള്‍ വല്ലാതെ ഫോക്കസ് ചെയ്യുന്നുമുണ്ട്. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ചിലയാളുകളുണ്ട്.
അവര്‍ക്ക് വെടി വെക്കാനുള്ള ഉത്തരവ് കൊണ്ട് മാത്രമല്ലേ കാട്ടിലേക്ക് പോകാന്‍ പറ്റുള്ളൂ. അവര്‍ക്ക് സ്വയം രക്ഷയില്ലേ അവരും കാട്ടിലേക്ക് പോകുന്നത് ജീവന്‍ പണയം വെച്ചിട്ടാണല്ലോ?
അവര്‍ക്ക് കാട്ടിലേക്ക് പോയാല്‍ രക്ഷപ്പെടാന്‍ എന്താണ് വഴി? ആ രക്ഷാ വഴികള്‍ തേടേണ്ടത് ആരാണ്? ആ രക്ഷാവഴികള്‍ തേടേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. ഈ മൂന്ന് നാല് ഘടകങ്ങളുടെ ഇടയില്‍ നിന്ന് വേണം നമ്മള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍.
വിലപേശല്‍ സമരം പാടില്ലെന്നാണ് എന്റെ അഭ്യര്‍ത്ഥന. അതിനെ കെ.സി.ബി.സി ഒരിക്കലും അനുകൂലിച്ചില്ലെന്ന് അതിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ്പ് തിരുമേനി പറഞ്ഞിട്ടുണ്ട്. വനം വകുപ്പ് മന്ത്രി എന്ന നിലയില്‍ അതെനിക്ക് ഊര്‍ജം നല്‍കുന്ന പ്രസ്താവനയാണ്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാട്ട് പോത്ത് വിഷയത്തില്‍ കെ.സി.ബി.സിയുടെ നിലപാട് പ്രകോപനപരമാണെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കെ.സി.ബി.സിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തെ വെച്ച് ചിലര്‍ വിലപേശുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എരുമേലി കണമലയില്‍ പുറത്തേല്‍ ജേക്കബ് തോമസ്, അയല്‍വാസി പ്ലാവനാക്കുഴി തോമസ് ആന്റണി എന്നിവര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധ സൂചകമായി റോഡ് ഉപരോധിച്ചിരുന്നു.
CONTENT HIGHLIGHT: AK SHASEENDRAN ABOUT PROTEST