| Friday, 6th December 2024, 11:15 am

കോണ്‍ഗ്രസ് പുറത്താക്കിയ എ.കെ. ഷാനിബ് ഡി.വൈ.എഫ്.ഐയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ് ഡി.വൈ.എഫ്.ഐയിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ യോഗത്തില്‍ വെച്ച് എ.കെ. ഷാനിബ് അംഗത്വം സ്വീകരിക്കും.

ഡോ. പി. സരിന് പിന്തുണ അറിയിച്ച് ഉപതെരഞ്ഞെടുപ്പ് കാലയളവില്‍ ഷാനിബ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പാലക്കാട് മുന്‍ എം.എല്‍.എ ഷാഫി പറമ്പില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ഷാനിബ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് ഷാനിബ് അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ ഉന്നയിച്ച പരാതികള്‍ സമാനമായി തുടരുകയാണെന്നും കോണ്‍ഗ്രസ് ഇപ്പോഴും മാറാന്‍ തയ്യാറാവുന്നില്ലെന്നും ഷാനിബ് പറയുന്നു.

കോണ്‍ഗ്രസുകാരന്‍ എന്ന് പറഞ്ഞുകൊണ്ട് തുടരുന്നത് മതേതര കേരളത്തിന് ശരിയാവില്ലെന്ന് മനസിലാക്കുന്നുവെന്നും ഷാനിബ് പ്രതികരിച്ചു. ഇന്ന് (വെളളിയാഴ്ച) ഉച്ചയോടെ ഡി.വൈ.എഫ്.ഐ പ്രവേശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒരു തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ആര്‍.എസ്.എസിന്റെ ആലയങ്ങളിലേക്ക് കോണ്‍ഗ്രസിനെ കൂട്ടിക്കെട്ടുന്ന നീക്കമാണ് നിലവില്‍ നടക്കുന്നതെന്നും ഷാനിബ് പ്രതികരിച്ചു. അധികാര രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസ് എന്തും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തുകയാണെന്നും ഷാനിബ് പറഞ്ഞു.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെയാണ് ഷാനിബ് അതൃപ്തിയറിയിച്ച് രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇടഞ്ഞ പി. സരിന് എ.കെ. ഷാനിബ് പിന്തുണ നല്‍കുകയായിരുന്നു. പരസ്യ പ്രതികരണത്തില്‍ എ.കെ. ഷാനിബിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

പിന്നീട് സരിന്‍ കോണ്‍ഗ്രസ് വിടുകയും പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് സരിനെ പ്രഖ്യാപിക്കുകയുമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഷാനിബ് പിന്മാറുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് ഷാനിബും ഇടതുപാളയത്തിലേക്ക് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഷാനിബ്.

Content Highlight: AK Shanib joining to DYFI

We use cookies to give you the best possible experience. Learn more