| Tuesday, 20th February 2024, 9:36 am

വയനാട്ടിൽ പ്രശ്നപരിഹാരത്തിന് തടസ്സം കേന്ദ്ര നിയമങ്ങൾ; വയനാട് സന്ദർശിക്കേണ്ടതായിരുന്നുവെന്ന് എ.കെ. ശശീന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്പറ്റ: കേന്ദ്ര സർക്കാരിന്റെ വന്യജീവി സംരക്ഷണ നിയമങ്ങളാണ് നിലവിൽ വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തടസമെന്നും കേന്ദ്രമാണ് നിയമഭേദഗതി നടത്തേണ്ടതെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ആദ്യം വർഷം തന്നെ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് നിവേദനം നൽകിയതാണെന്ന് വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രം അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്ന് പ്രതിഷേധിക്കുന്നതിന് മുമ്പ് ജനങ്ങൾ ആലോചിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ രണ്ടാഴ്ചക്കിടയിൽ രണ്ടുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മന്ത്രി വയനാട്ടിൽ സന്ദർശനത്തിനത്തിയിരിക്കുകയാണ്.

വയനാട്ടിൽ താൻ വരേണ്ടതായിരുന്നു എന്നും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് തനിക്ക് വരാൻ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി സർക്കാർ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇന്ന് ചർച്ചകൾ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ ഫെബ്രുവരി 16ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കർണാടക വനത്തിൽ നിന്ന് മാനന്തവാടിയിലെ ജനവാസ മേഖലയിൽ എത്തിയ ബേലൂർ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തിൽ ഫെബ്രുവരി പത്തിന് പുല്ലരിയാൻ പോയ അജീഷ് കൊല്ലപ്പെടുകയായിരുന്നു. ആനയെ കണ്ട് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

Content Highlight: AK Sasindran visits Wayanad; barrier for solution in Wayanad is forest laws of centre

We use cookies to give you the best possible experience. Learn more