തിരുവനന്തപുരം: ഫോണ്‍കെണിയില്‍ പെടുത്തി തന്നെ രാജി വെപ്പിച്ച മാധ്യമപ്രവര്‍ത്തകയായ സ്ത്രീ ആരാണെന്ന് സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുമെന്ന് മുന്‍ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താന്‍ പ്രയാസം അനുഭവിച്ച ഘട്ടത്തില്‍ കുടുംബവും മണ്ഡലത്തിലെ ജനങ്ങളും ഒപ്പം നിന്നു. ഇത് തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയെന്നും എലത്തൂര്‍ എം.എല്‍എ പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും വാക്കുകളാണ് താന്‍ പിന്‍തുടരുന്നത്. മന്ത്രിയായി തിരിച്ചു വരുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. മന്ത്രിസ്ഥാനം വലിയ കാര്യമല്ല; അങ്ങനെയായിരുന്നെങ്കില്‍ രാജി വെക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ കൊണ്ടുവരുന്നതില്‍ ആശയക്കുഴപ്പമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ, മന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടതിനെ ന്യായീകരിച്ച് മംഗളം സി.ഇ.ഒ വീണ്ടും രംഗത്ത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് വാര്‍ത്ത ശേഖരിച്ചതെന്ന കാര്യം പറഞ്ഞില്ലെന്നതു മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്നു വന്ന പിഴവെന്നാണ് സി.ഇ.ഒ അജിത് കുമാര്‍ ഇപ്പോള്‍ പറയുന്നത്.
മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീമാണ് കൃത്യം നടത്തിയെന്നും ഒരു വനിതാ മാധ്യമപ്രവര്‍ത്തക സ്വയം തയ്യാറായി മുന്നോട്ടു വരികയായിരുന്നു എന്നും ഈ നടപടി തെറ്റായിപ്പോയെന്നും പറഞ്ഞാണ് മംഗളം സി.ഇ.ഒ കഴിഞ്ഞദിവസം ഖേദപ്രകടനം നടത്തിയത്. ഇതിനു പിന്നാലെ ഈ വിഷയത്തില്‍ മംഗളം ചാനല്‍ മേധാവി അടക്കം ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും തങ്ങളുടെ വാര്‍ത്തയെ ന്യായീകരിച്ച് സി.ഇ.ഒ രംഗത്തുവന്നിരിക്കുന്നത്.