Phone Tapping Case
എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജി പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 05, 09:05 am
Friday, 5th January 2018, 2:35 pm

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജി പിന്‍വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായത്.

ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ യുവതി പിന്‍വലിച്ചത്. വിധി തിരിച്ചടിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകുമെന്ന് ഉറപ്പായി. കേസ് റദ്ദായാല്‍ ഉടന്‍ എല്‍.ഡി.എഫ് നേതൃത്വത്തെ സമീപിക്കാനായിരുന്നു എന്‍.സി.പി നേതൃത്വത്തിന്റെ തീരുമാനം.

കേസ് പുറത്തുവെച്ച് ഒത്തുതീര്‍പ്പായെന്നും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കേസ് പിന്‍വലിക്കുന്നതിനുള്ള ഹരജി നല്‍കിയപ്പോള്‍ തന്നെ ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാടല്ലെന്നും പൊതുതാത്പര്യമുള്ള വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എല്‍.ഡി.എഫില്‍ ശശീന്ദ്രനായുള്ള നീക്കം മുറുകുമ്പോള്‍ ധാര്‍മ്മിക പ്രശ്‌നം ഉയര്‍ത്തി പ്രതിപക്ഷം എതിര്‍ത്തിരുന്നു.