കോഴിക്കോട്: തന്റേതെന്ന പേരില്‍ മംഗളം ചാനല്‍ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയെ ചോദ്യം ചെയ്ത് എലത്തൂര്‍ എം.എല്‍.എ എ.കെ ശശീന്ദ്രന്‍. ഗതാഗതമന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച ശബ്ദരേഖയുടെ ആദ്യഭാഗം തന്റേത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ ചാനലിന്റെ വ്യൂ പോയിന്റ് എന്ന അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. താനിപ്പോള്‍ ഗോവയിലാണെന്ന് പറയുന്ന ഭാഗം മാത്രം തന്റെ ശബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
പുറത്തുവന്ന ശബ്ദരേഖ അവിശ്വസിനീയമാണ് എന്നാണ് താന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞത് നിഷേധിക്കല്‍ തന്നെയാണ്. നിഷേധിക്കല്‍ എന്ന വാക്ക് ഉപയോഗിച്ചില്ല എന്ന് മാത്രം. ഒരു സ്ത്രീയോടും താന്‍ മോശമായി പെരുമാറിയിട്ടില്ല. -ശശീന്ദ്രന്‍ പറഞ്ഞു.
നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ തിരിച്ചെത്തണമോയെന്ന് ആലോചിച്ച ശേഷം തീരുമാനിക്കും. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാം. തനനോട് സംസാരിച്ചത് മാധ്യമപ്രവര്‍ത്തകാണോ എന്ന കാര്യം അന്വേഷണത്തില്‍ തെളിയട്ടെയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ഈ മാസം 26-നാണ് മംഗളം ചാനലിന്റെ ആദ്യ സ്‌പ്രേക്ഷണ ദിനത്തില്‍ ശശീന്ദ്രന്റേതെന്ന പേരിലുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വിടുന്നത്. ഫോണ്‍വിളിയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരത്തേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. വനിത മാധ്യമപ്രവര്‍ത്തകരുടെ അഖിലേന്ത്യ സംഘടനയായ നെറ്റ്‌വര്‍ക്ക്ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ആണ് പരാതി നല്‍കിയത്.