Kerala News
കെ.എസ്.ആര്‍.ടി.സി ബസപകടം: മരണ സംഖ്യ 19; അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 20, 02:45 am
Thursday, 20th February 2020, 8:15 am

കോയമ്പത്തൂര്‍: ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ മരണ സംഖ്യ 19 ആയി.

നിയന്ത്രണം വിട്ട് തെറ്റായ ദിശയില്‍ വന്ന കണ്ടയ്‌നര്‍ ലോറിയാണ് നാടിനെ ഞെട്ടിച്ച വലിയ അപകടത്തിന് ഇടയാക്കിയത്. കേരളത്തില്‍ നിന്നും ടൈല്‍സ് കയറ്റി വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ വന്ന് ഇടിക്കുകയായിരുന്നു. നാലുവരിപ്പാതയില്‍ ഡിവൈഡര്‍ കടന്നാണ് ലോറി ബസിനെ വന്നിടിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാലക്കാട്, തൃശൂര്‍, എറണാകുളം സ്റ്റോപ്പിലേക്ക് റിസര്‍വ്വ് ചെയ്തവരാണ് ബസിലെ ഭൂരിഭാഗം യാത്രക്കാരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്രക്കാരില്‍ ബഹുഭൂരിപക്ഷം പേരും മലയാളികളാണെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബസിലെ കണ്ടക്ടറും ഡ്രൈവറും അപകടത്തില്‍ മരണപ്പെട്ടു എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബസിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് 48 പേര്‍ ബസില്‍ ഉണ്ടായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ബസിന്റെ പിന്‍ഭാഗത്തെ എട്ട് സീറ്റ് പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 3 മണിക്കാണ് അപകടം നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റി. പതിനേഴാം തീയ്യതി പാലക്കാട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്.അപകടം നടന്നത് നഗരത്തില്‍ നിന്ന് മാറി ഉള്‍പ്രദേശത്തായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയാണ് ആരംഭിച്ചത്. കേരളത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു.