കൊല്ലം: എന്‍. സി. പി നേതാവിന്റെ മകള്‍ നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടു എന്ന കേസ് നിലനില്‍ക്കില്ലെന്ന് പൊലീസ്. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ കേസുമായി മുന്നോട്ട് പോവേണ്ടെന്ന നിലപാടിലാണ് പൊലീസ്.
കുണ്ടറ പൊലീസിനാണ് പീഡനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ പിന്തുണ ലഭിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ട് പോവേണ്ടെന്ന നിലപാട് പൊലീസ് കൈക്കൊണ്ടത്.
കേസ് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പറഞ്ഞത് പിന്‍വലിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും ശശീന്ദ്രന്റെ സംസാരത്തില്‍ ഭീഷണിയുടെ സ്വരമില്ലന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നിലനില്‍ക്കില്ലെന്ന് പൊലീസ് പറയുന്നത്.
മന്ത്രിയുടേതായി പുറത്ത് വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഇരയെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല, ശശീന്ദ്രന്റെ സംസാരത്തില്‍ ഭീഷണിയുടെ സ്വരമില്ല എന്നീ നിരീക്ഷണങ്ങളിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്.
എന്‍.സി.പി നേതാവിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഇടപെട്ടുവെന്ന പരാതി മുന്‍പേ തന്നെ ലോകായുക്ത തള്ളിയിരുന്നു.
കുണ്ടറയില്‍ എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചതോടെയായിരുന്നു ശശീന്ദ്രന്‍ വിവാദത്തില്‍പ്പെട്ടത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.
വിവാദമായതോടെ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ശശീന്ദ്രന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.