| Saturday, 3rd August 2019, 11:02 am

മാധ്യമപ്രവര്‍ത്തകന്റെ മരണം: വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി; പൊലീസുകാരുടെ വീഴ്ച പരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന് ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ട്. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയാതായും മന്ത്രി പറഞ്ഞു.

ശ്രീറാംവെങ്കട്ട രാമനാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ടെങ്കിലും പൊലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യക്തമായിട്ടുണ്ട്.

യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

We use cookies to give you the best possible experience. Learn more