തിരുവനന്തപുരം: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ജനവാസ കേന്ദ്രമായ കമ്പം മേട്ടില്‍ അരിക്കൊമ്പനെത്തിയ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാരാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. അതിരുകവിഞ്ഞ ആന സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആന പ്രേമികള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്ന് രാവിലെ കമ്പം മേട്ടിലെ ജനവാസ കേന്ദ്രത്തിലേക്ക് അരിക്കൊമ്പന്‍ ഇറങ്ങിയിട്ടുണ്ട്. ഈ ജനവാസ മേഖലയും ചിന്നക്കനാലും തമ്മില്‍ 25,26 കിലോമീറ്റര്‍ വ്യത്യാസമുണ്ട്. ഇപ്പോള്‍ അരിക്കൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണുള്ളത്. ഞങ്ങള്‍ ശ്രദ്ധിക്കേണ്ടത് തമിഴ്‌നാട് സ്വീകരിക്കാന്‍ പോകുന്ന നടപടിയാണ്.
ഞാന്‍ മനസിലാക്കിയത് അവിടെ തന്നെയുള്ള ഉള്‍ക്കാടിലേക്ക് അരിക്കൊമ്പനെ കയറ്റാന്‍ പറ്റുമോയെന്ന ശ്രമത്തിലാണ് തമിഴ്‌നാടിലെ വനവകുപ്പ് ഉദ്യോഗസ്ഥന്മാര്‍. ആ നടപടികളെല്ലാം കേരള വനം വകുപ്പുമായി പരസ്പരം ഉദ്യോഗസ്ഥ തലത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടാണ് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് കയറുമോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘ചിന്നകനാലിലേക്ക് കയറുമോയെന്നത് പരിശോധിച്ച് സ്ഥിതിഗതികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ കേരളത്തിലെ ബഹുമാനപ്പെട്ട ഹൈക്കോടതി നിയമിച്ച കമ്മീഷനുണ്ട്. അവരുടെ ഉപദേശം തേടി ഇനി കേരളത്തിലെ ജനവാസ മേഖലയിലേക്ക് വന്നാല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നതിന് കോടതിയുടെ ഉപദേശം ആവശ്യമാണ്.
കാരണം, കോടതി തന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരള വനംവകുപ്പ് അരിക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് അയക്കാനുള്ള നപടികള്‍ സ്വീകരിച്ചത്. അതില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അതിന് ഈ സമിതിയുടെ ഉപദേശം ആരായേണ്ടതുണ്ട്. അതിന് വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ ദിവസങ്ങളിലെല്ലാം തന്നെ കേരള വനം വകുപ്പും തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്പനെ ജനവാസ കേന്ദ്രത്തിലേക്ക് എത്തിക്കാതിരിക്കാനുള്ള കഠിന ശ്രമം ചെയ്തുവെങ്കിലും ഇപ്പോള്‍ അരിക്കൊമ്പന്‍ എട്ട് മണിയോട് കൂടി ജനവാസ കേന്ദ്രത്തിലെ അങ്ങാടിയിലെത്തിയിട്ടുണ്ട്.
വനം വകുപ്പിന്റെ അന്നത്തെ നിലപാട് ഈ ആനയെ മയക്ക് വെടിവെച്ച് പിടിച്ച് ആന പരിപാലന കേന്ദ്രത്തിലേക്ക് അയക്കുകയെന്നതാണ്. ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം കോടതിയുടെ തീരുമാനം നില്‍ക്കെ അതിനെ തള്ളി പറയാന്‍ സാധിക്കില്ല.
അതുകൊണ്ടാണ് കമ്മീഷനോട് കേരളത്തില്‍ വീണ്ടും ആ അരിക്കൊമ്പനെത്തുകയും ജനവാസകേന്ദ്രത്തിലെത്തുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച് ഇപ്പോഴേ ആലോചന നടത്തി മുന്‍ കരുതലെടുക്കണമെന്ന് പറഞ്ഞത്.
പെരിയാര്‍ ഉള്‍ക്കാടിലേക്ക് അയക്കുക എന്നത് വനം വകുപ്പിന്റെ ആശയമായിരുന്നില്ല, എന്നാല്‍ ആന സ്‌നേഹികളുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അങ്ങനെ പറ്റില്ല, ഉള്‍ക്കാടിലേക്ക് വിടണം എന്നും പറമ്പിക്കുളത്തേക്ക് വിടണമെന്നുമുള്ള നിര്‍ദേശം വന്നു. പറമ്പിക്കുളത്തുകാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇഷ്ടമുള്ളിടത്ത് കൊണ്ട് പോയി വിട്ടോളൂ എന്ന് പറഞ്ഞു. അങ്ങനൊരു അവസ്ഥ വന്നപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മറ്റൊരു സ്ഥലമില്ല.
കാരണം ഏതാണ്ട് ചിന്നക്കനാലിലെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ് ഈ പറയുന്ന പെരിയാര്‍ വന്യജീവി സങ്കേതം. അവിടേക്ക് അയച്ചു, കുറേ ദിവസം അവിടെ താമസിച്ചു. പിന്നെ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നു. ആനക്ക് അങ്ങനൊരു സ്വഭാവമുണ്ടെന്ന് അറിയുന്നത് കൊണ്ടാണ് ഉള്‍ക്കാടിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന നിലപാട് ഞങ്ങള്‍ എടുത്തത്.
പക്ഷേ കോടതി വിധി അനുസരിച്ചേ നമുക്ക് നില്‍ക്കാന്‍ പറ്റുള്ളൂ. അതിരുകവിഞ്ഞ ആന സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആന പ്രേമികള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണുണ്ടായിട്ടുള്ളത്,’ ശശീന്ദ്രന്‍ പറഞ്ഞു.
അരിക്കൊമ്പന്‍ പൂര്‍ണമായും തമിഴ്‌നാടിന്റെ അധീനതയിലുള്ള സ്ഥലത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: ak saseendran about arikkomban enters kambam