ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ എനിക്കാവില്ല: മംഗളത്തിലെ ജോലി രാജിവെക്കുന്നതായി ഡ്രൈവര്‍
Kerala
ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ എനിക്കാവില്ല: മംഗളത്തിലെ ജോലി രാജിവെക്കുന്നതായി ഡ്രൈവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 12:39 pm

കോഴിക്കോട്: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മംഗളം ചാനലില്‍ നിന്നു രാജി തുടരുന്നു. മംഗളം ചാനലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന എ.കെ സാജനാണ് ഏറ്റവുമൊടുവിലായി രാജിവെച്ചിരിക്കുന്നത്.

“ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ ഇനി എനിക്കാവില്ല. മാധ്യമപ്രകവര്‍ത്തകര്‍ക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില് ജോലി ചെയ്യല് അസഹനീയമാണ്.” എന്നു പറഞ്ഞുകൊണ്ടാണ് സാജന്റെ രാജി.

“പക്ഷെ ഈ നാറിയ പ്രതിച്ഛായയുടെ തണലില്‍ നിന്നുകൊണ്ടുള്ള ശമ്പപളം വാങ്ങാന്‍ എനിക്കാവില്ല. “പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല”. ആത്മാഭിമാനമായിരുന്നു കൈമുതല്‍. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്‌ബൈ.” രാജിക്കാര്യം അറിയിച്ചുകൊണ്ട് സാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.


Must Read: ‘നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍’; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍ 


മംഗളത്തിലെ മാധ്യമപ്രവര്‍ത്തക തന്നെയാണ് മന്ത്രിയെ വിളിച്ചതെന്ന മംഗളം സി.ഇ.ഒയുടെ തുറന്നുപറച്ചിലിനു പിന്നാലെയാണ് സാജന്റെ രാജി.

സാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു മാധ്യമപ്രവര്‍കത്തനല്ലെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ കൂടെ അവരുടെ ലക്ഷ്യത്തിനോടൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് 13 വര്‍ഷത്തോളമായി. ഇന്ത്യാവിഷനു ശേഷം മംഗളത്തില്‍ ഡ്രൈവര്‍ സ്റ്റാഫായി ജോലി തുടങ്ങുന്നത് നാലു മാസം മുമ്പാപാണ്. കോഴിക്കോട് ബ്യൂറോയില്‍ ഇന്നത്തോടെ ഈ പണി നിര്‍ത്തുകയാണ്.

മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവര്‍ത്തനമെന്ന ഉത്തമബോധ്യമുണ്ട്. ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ ഇനി എനിക്കാവില്ല. മാധ്യമപ്രകവര്‍ത്തകര്‍ക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില് ജോലി ചെയ്യല് അസഹനീയമാണ്. അങ്ങനെ ഉള്ള ഒരാളായി ഞാനീ പടിയിറങ്ങുകയാണ്. ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അല്പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു.


Also Read: ‘കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്’ ശശീന്ദ്രന്‍ വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍


ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ നാറിയ പ്രതിച്ഛായയുടെ തണലില്‍ നിന്നുകൊണ്ടുള്ള ശമ്പളം വാങ്ങാന്‍ എനിക്കാവില്ല. “പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല”. ആത്മാഭിമാനമായിരുന്നു കൈമുതല്‍. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്‌ബൈ.

എനിക്ക് കിട്ടാനുള്ള ശമ്പളം ഈ പണിക്ക് നിങ്ങള്‍ക്കുള്ള ശമ്പമാകട്ടെ
മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം