ക്രൈം ഫയൽ സിനിമയുടെ സമയത്ത് താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ സാജൻ. വെളിച്ചം കാണില്ല, റിലീസ് ചെയ്യാൻ സമ്മതിക്കില്ല തുടങ്ങിയ ഭീഷണികൾ വന്നിരുന്നെന്നും എന്ത് ഉറപ്പിന്റെ പുറത്താണ് ഒരു വൈദികനാണ് കൊന്നത് എന്ന് നിങ്ങൾ പറയുന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ വന്നിരുന്നെന്നും എ.കെ സാജൻ പറയുന്നുണ്ട്.
വൈദികനാണ് കൊന്നത് എന്ന് പറഞ്ഞു കഴിഞ്ഞിട്ട് നാളെ അത് തെളിഞ്ഞില്ലെങ്കിൽ അത് സഭയോട് ചെയ്യുന്ന ഭയങ്കരമായ ദ്രോഹമാണെന്ന ചോദ്യങ്ങൾ വന്നപ്പോൾ തന്നെ ഭയങ്കര ആശയ കുഴപ്പത്തിലായെന്നും അദ്ദേഹം പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എ.കെ സാജൻ.
‘വെളിച്ചം കാണില്ല, ഒരിക്കലും റിലീസ് ചെയ്യാൻ സമ്മതിക്കില്ല എന്ന ഭീഷണികൾ ഒക്കെ വരുന്നുണ്ട്. ഒരു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഇതു മുന്നോട്ടു പോയാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് മനസ്സിലായി. നമ്മൾ ചോദിച്ച എല്ലാവരിൽ നിന്നും സിനിമയാണ്, ഒരുപാട് കോടികൾ ചെലവാക്കുന്ന ഒരു പരിപാടിയാണ്, ഒരു വ്യക്തിപരമായ കാര്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ പ്രശ്നമാണ് തുടങ്ങിയ ഉപദേശങ്ങളാണ് കേട്ടത്. അങ്ങനെ ഇന്റർവെൽ മുതൽ കഥയിൽ മാറ്റം വരുത്താനുള്ള പണി തുടങ്ങി.
എന്ത് ഉറപ്പിന്റെ പുറത്താണ് ഒരു വൈദികനാണ് കൊന്നത് എന്നത് നമ്മൾ പറയുന്നത്. നീതിപീഠം പറഞ്ഞിട്ടില്ല, നമ്മളത് പറഞ്ഞു കഴിഞ്ഞിട്ട് നാളെ അത് അല്ലെങ്കിൽ ഭയങ്കരമായ ദ്രോഹമാണ് സഭയോട് ചെയ്യുന്നത്. അത്തരത്തിലുള്ള ചോദ്യം ഒരുപാട് വന്നതുടങ്ങി. നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണോ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. അപ്പോൾ ഞാൻ ഭയങ്കരമായിട്ട് ആശയ കുഴപ്പത്തിലായി.
അങ്ങനെ ഞങ്ങൾ അതിൻറെ മറ്റൊരു സാധ്യത ചിന്തിക്കാൻ തുടങ്ങി. സിനിമയ്ക്ക് അതിന്റേതായ വഴികളൊക്കെ ഉണ്ടല്ലോ. സെൻസർ ബോർഡിൽ നിന്നൊക്കെ രക്ഷപ്പെടാൻ കൂടി നല്ലതാണ്. സ്ട്രൈറ്റായിട്ട് നമ്മളത് പറഞ്ഞുകഴിഞ്ഞാൽ ഏതൊരാൾക്കും കോടതിയിൽ പോയി കടലാസ് കൊടുത്താൽ അത് അവിടെ നിർത്താവുന്നതേയുള്ളൂ. സിനിമ കൊണ്ടല്ല കേസ് അന്വേഷിക്കേണ്ടത്.
അങ്ങനെ ഷൂട്ട് തീർത്തു. ഒരുപാട് ഷെഡ്യൂൾ ആയിട്ടാണ് ഷൂട്ട് തീർക്കാൻ പറ്റിയത്. പ്രൊഡ്യൂസർക്ക് അത് പൂർത്തിയാക്കാൻ പറ്റാതെയായി ഒരുപാട് പേർ നിർമാണത്തിൽ സഹായികളായി. അവരുടെ ഭാഗത്തുനിന്ന് പ്രശ്നമുണ്ടായി, അവരൊക്കെ ക്രിസ്ത്യൻസ് ആയിരുന്നു,’ എ.കെ സാജൻ പറഞ്ഞു.
Content Highlight: AK Sajan on the questions he faced during the film crime File