| Sunday, 5th November 2023, 4:48 pm

ഹൈദര്‍ മരക്കാറിന് മഅദനിയുമായി സാമ്യം പറഞ്ഞവരുണ്ട്; ഇന്ന് ധ്രുവം കാണുമ്പോള്‍ ഒരു തെറ്റ് തോന്നുന്നുണ്ട്: എ.കെ. സാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ധ്രുവം. എസ്.എന്‍. സ്വാമിയും എ.കെ. സാജനും കൂടിയാണ് ചിത്രത്തിന് കഥയും സംഭാഷണവുമെഴുതിയത്.

ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരിക്കുകയാണ് എ.കെ. സാജന്‍. ധ്രുവത്തിലെ വില്ലനായ ഹൈദര്‍ മരക്കാറും പി.ഡി.പി. നേതാവായ മഅദനിയും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സാജന്‍ പ്രതികരിച്ചത്. അന്ന് പേരിന് ഗാംഭീര്യമുണ്ടാകണമെന്ന് വിചാരിച്ചാണ് അങ്ങനെ ഇട്ടതെന്ന് മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും സാജന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ആ സിനിമ കാണുമ്പോള്‍ തനിക്ക് ഒരു തെറ്റ് തോന്നുന്നുണ്ടെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സാജന്‍ പറഞ്ഞു.

‘നരസിംഹ മന്നാഡിയാര്‍ എന്നും ഹൈദര്‍ മരക്കാറെന്നും പേരിടുന്നത് ഇന്നാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ വേണ്ടെന്ന് വെക്കും. പുതിയ പഠനങ്ങളാണ് അതൊക്കെ. അങ്ങനെ പേരിടാന്‍ ഒരു മടിയും തോന്നിയില്ല. അന്ന് അത്ര അറിവേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.

പിന്നെ ചില ആകസ്മികതകള്‍ വന്നിട്ടുണ്ടാവാം. ഹൈദര്‍ മരക്കാറിന്റെ കാല് മുറിച്ചതാണ് മഅദനിയുമായുള്ള സാമ്യമായി കാണുന്നത്. വധശിക്ഷക്ക് വിധിച്ച ഒരാള്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കണമെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റണം. ഹൈദര്‍ മരക്കാറിന്റെ ഒരു തന്ത്രമാണ് അത്. സ്വന്തം കാല് മുറിക്കാന്‍ വരെ ധൈര്യമുള്ള ആളെന്ന നിലയിലേക്ക് എത്തിക്കുകയാണ് വില്ലനെ.

നമുക്ക് ഒരു നായകന്‍ വേണം. അയാള്‍ക്കൊത്ത വില്ലനും വേണം എന്നാണ് അന്ന് ചിന്തിക്കുന്നത്. നായകന് നരസിംഹ മന്നാഡിയാര്‍ എന്ന് പേരിടുമ്പോള്‍ വില്ലന് ഉത്തരാംഗ മന്നാഡിയാര്‍ എന്ന് വേണമെങ്കില്‍ പേരിടാം. അന്ന് പേരിടുമ്പോള്‍ ഒരു ഗാഭീര്യം വേണമെന്നാണ് ചിന്തിച്ചത്. കള്ളക്കടത്തുകാരൊക്കെ മുസ്‌ലിങ്ങളാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയല്ല. കള്ളക്കടത്തുകാര്‍ എല്ലാ ജാതിയിലുമുണ്ട്. ഇന്നത് കാണുമ്പോള്‍ എനിക്ക് ഒരു തെറ്റ് തോന്നുന്നുണ്ട്,’ സാജന്‍ പറഞ്ഞു.

Content Highlight: AK Sajan is responding to the discussions related to the film Dhruvam 

We use cookies to give you the best possible experience. Learn more