|

എല്ലാവര്‍ക്കും വേണ്ടി എല്ലാവരും തെരുവിലിറങ്ങുന്ന നവംബര്‍ 26

എ കെ രമേശ്‌


ഇന്ത്യയിലെ സമ്പത്തുല്‍പാദകരായ മുഴുവന്‍ മനുഷ്യരും യോജിച്ച് തങ്ങളെയും രാജ്യത്തിന്റെ വിഭവങ്ങളെയും ചൂഷണം ചെയ്ത് കൊഴുക്കുന്ന വന്‍കിട കുത്തകകള്‍ക്കെതിരെ നീങ്ങുകയാണ്. ഭരണവര്‍ഗത്തിന്റെ നയങ്ങള്‍ തിരുത്തിക്കാനായി വീണ്ടും ഐതിഹാസികമായ ഒരു പ്രക്ഷോഭത്തിന് തയാറെടുക്കുകയാണവര്‍.

രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളുടെയും പ്രാതിനിധ്യമുള്ള ട്രേഡ് യൂണിയന്‍ ഐക്യ സമിതിയും, 250 ഓളം കര്‍ഷക സംഘടനകളുമടങ്ങുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുമാണ് നവംബര്‍ 26 ന് അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

അവരുയര്‍ത്തുന്നത് ഇന്ത്യയിലെ മുഴുവന്‍ കുത്തകേതരവിഭാഗങ്ങളുടെയും ആവശ്യങ്ങളാണ്. അതില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഡിമാന്റുണ്ട്, കര്‍ഷക തൊഴിലാളികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെയും ആവശ്യങ്ങളുണ്ട്, വിലക്കയറ്റമടക്കമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളുണ്ട്, ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ചുമത്തുന്ന ജി.എസ്.ടി പിന്‍വലിക്കണം എന്ന ആവശ്യമുണ്ട്.

പൊതുസേവനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകകള്‍ക്ക് പതിച്ചു കൊടുക്കരുത് എന്ന ആവശ്യമുണ്ട്, വനാവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കരുത് എന്ന ഡിമാന്റുണ്ട്, വന്‍കിട കുത്തകകളുടെ വായ്പകള്‍ വന്‍തോതില്‍ എഴുതി തള്ളുന്നതു വഴി സഹസ്രകോടികള്‍ കുത്തിച്ചോര്‍ത്തുന്ന സര്‍ക്കാര്‍, കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാനായി സമഗ്രമായ വായ്പാ എഴുതിത്തള്ളല്‍ നടപ്പാക്കണം എന്ന ആവശ്യമുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്ന ഡിമാന്റുണ്ട്.

കാര്‍ഷിക പമ്പുകള്‍ക്കും ഗാര്‍ഹികോപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ചാര്‍ജ് ഇളവ് ആവശ്യപ്പെടുന്നുണ്ട്, വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ക്കും എതിരായ നിലപാടുണ്ട്, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം വര്‍ഷങ്ങളായി ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരും വേറിട്ടും ഒന്നിച്ചും ഉയര്‍ത്തിപ്പോന്ന മറ്റു പ്രശ്‌നങ്ങളുമുണ്ട്.

100 കോടി ഡോളറുകാര്‍ പെരുകുമ്പോള്‍

നരേന്ദ്ര മോദി

മോഡി ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോള്‍ 109 പേരാണ് ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍. 8500 കോടി രൂപയുടെ (100 കോടി ഡോളറിന്റെ ) ആസ്തിയുള്ളവരാണല്ലോ ആ വകുപ്പില്‍പെടുക. 2014ല്‍ 109 പേരുടെ സ്ഥാനത്ത് ഇപ്പോളത് മൂന്നിരട്ടിയിലേറെ വര്‍ദ്ധിച്ച് 334 ആയിരിക്കുന്നു എന്നാണ് ഹാറൂണ്‍ റിച്ച് ലിസ്റ്റ് പറയുന്നത്.

ശതകോടീശ്വരന്മാര്‍ ലോകത്താകെ, ജനങ്ങളെയും വിഭവങ്ങളെയും പ്രകൃതിയെത്തന്നെയും ചൂഷണം ചെയ്യുന്നത് ദുസ്സഹമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. അതിസമ്പന്നരുടെ അത്യാര്‍ത്തി അവരൊഴികെ മറ്റുള്ളവര്‍ക്ക് ഈ ഭൂമി ജീവിതവ്യമല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

ഭരണകൂടങ്ങളെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും, വഴങ്ങാത്തവയെ അസ്ഥിരീകരിച്ചും അട്ടിമറിച്ചും അവര്‍ ജൈത്രയാത്ര തുടരുകയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം മൂലധനത്തിന്റെ സ്വച്ഛന്ദവിഹാരം കാരണം മഹാഭൂരിപക്ഷം ജനങ്ങളുടെയും ജീവിതനിലവാരം തകര്‍ന്നു കൊണ്ടിരിക്കുകയാണ്.

8 ശതകോടീശ്വരന്മാരാണ് ഈ ഭൂമിയില്‍ ആകെയുള്ള സമ്പത്തിന്റെ നേര്‍ പകുതിയും കൈയ്യടക്കിവെച്ചിരിക്കുന്നത് എന്ന് ഓക്‌സ്ഫാം ചൂണ്ടിക്കാട്ടിയത് മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എല്ലാ നികുതിവലകളും ഭേദിക്കുവാനും നിയമങ്ങളത്രയും മറികടക്കാനും കഴിവുള്ള ഈ വിഭാഗത്തിന് കനത്ത നികുതി ചുമത്തണമെന്ന് അമേരിക്കയിലെ പാട്രിയോട്ടിക്ക് മില്യണേഴ്‌സ് ആവശ്യപ്പെട്ടത് സമീപകാലത്താണ്.

2024 ജൂലായ് മാസത്തില്‍ ചേര്‍ന്ന ജി20 ധനമന്ത്രിമാരുടെ സമ്മേളനം

2024 ജൂലായ് മാസത്തില്‍ ചേര്‍ന്ന ജി20 ധനമന്ത്രിമാരുടെ സമ്മേളനവും ഭീമന്‍ കുത്തകകള്‍ക്ക് അധിക നികുതി ചുമത്തുന്ന കാര്യത്തില്‍ സമവായത്തിലെത്തിക്കൊണ്ടിരിക്കെ, അമേരിക്ക എതിര്‍ക്കുകയായിരുന്നു. ഏതായാലും ഇന്ന് ലോകത്തിന്റെ സജീവ പരിഗണനയിലുള്ള ആ വിഷയമാണ് നവംബര്‍ 26ന്റെ പ്രക്ഷോഭത്തിന്റെ കാതല്‍.

അതിസമ്പന്നര്‍ക്ക് അധിക നികുതി എന്ന ആ ഒറ്റ ഡിമാന്റ് നടപ്പായാല്‍ മതി, ഇന്ത്യയിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

തൊഴിലാളി – കര്‍ഷക ഐക്യം

വന്‍കിട മുതലാളിമാരാണ് സമ്പത്തുല്‍പാദകര്‍ എന്നു വിശേഷിപ്പിച്ച് അതിന് കണക്കായി നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോഡിയോട്, യഥാര്‍ത്ഥ സമ്പത്തുല്‍പാദകര്‍ ആവശ്യപ്പെടുന്നത് നയങ്ങള്‍ തിരിച്ചിടണമെന്നാണ്.

2020 വരെ തൊഴിലാളികളും കര്‍ഷകരും അവരവരുടെ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തി വരികയായിരുന്നു. തൊഴിലാളി – കര്‍ഷക ഐക്യം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ദീര്‍ഘകാലമായി ഇന്ത്യന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനം ഏറ്റെടുത്തു പോന്നതാണ്. അതിന്റെ ഏറ്റവും മഹനീയ മാതൃകയാണ് 1982 ജനവരി 19 ന്റെ അഖിലേന്ത്യാ പണിമുടക്കം.

ഇന്ത്യയിലെ കുത്തകേതര വിഭാഗത്തില്‍പെട്ട മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങളാണ് ആ പണി മുടക്കില്‍ ഉന്നയിക്കപ്പെട്ടത്. വിലക്കയറ്റം തടയുക എന്നത് ആദ്യ ഡിമാന്റ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില എന്നത് രണ്ടാം ഡിമാന്റ്.

(ആ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഒന്നിച്ച് പ്രക്ഷോഭത്തിലായിരുന്നു അന്ന്. കര്‍ഷകരുടെ ഐതിഹാസിക ദില്ലി മാര്‍ച്ചില്‍ ശരത്‌ജോഷിയെപ്പോലുള്ള വന്‍കിടകര്‍ഷകരുടെ നേതാക്കളും നഞ്ചുണ്ട സ്വാമിയെപ്പോലുള്ള അരാഷ്ട്രീയ കര്‍ഷകനേതാക്കളും അണിചേര്‍ന്നിരുന്നു.)

നഞ്ചുണ്ട സ്വാമിയും ശരദ് ജോഷിയും

കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമം കൂലിയും പെന്‍ഷനും എന്നത് മൂന്നാം മുദ്രാവാക്യം. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം എന്നത് അടുത്ത മുദ്രാവാക്യം. അതോടൊപ്പം കാലങ്ങളായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചു പോന്ന മറ്റു ഡിമാന്റുകളും.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്.

പണിയെടുക്കുന്നവരുടെ സമ്പൂര്‍ണ ഐക്യം

1991ല്‍ ഇന്ത്യയില്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ അന്നുമുതല്‍ ആരംഭിച്ച പ്രക്ഷോഭം, ക്രമേണ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും ഒന്നിപ്പിക്കുന്ന സമ്പൂര്‍ണ ഐക്യമായി വികസിച്ചു. രാജ്യത്ത് പണിയെടുക്കുന്നവര്‍ ഒന്നാകെ പണിയെടുക്കില്ലെന്ന് തീരുമാനിച്ചു. രണ്ടു ദിവസം തുടര്‍ച്ചയായി രാജ്യം നിശ്ചലമായി. ഇത് പുതിയ ആത്മവിശ്വാസമാണ് ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് നല്‍കിയത്. എല്ലാവരും ചേര്‍ന്ന് എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നിച്ചുയര്‍ത്തുക എന്നതിന്റെ പ്രാധാന്യം എല്ലാ വിഭാഗങ്ങള്‍ക്കും ബോധ്യപ്പെട്ടു.

രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒന്നിച്ച് തയാറാക്കിയ ഡിമാന്റുകള്‍ മുന്‍നിര്‍ത്തി വീണ്ടും പ്രക്ഷോഭത്തിലിറങ്ങി. അത് ലോകത്തെങ്ങുമുള്ള പുരോഗമന വാദികളായ ജനങ്ങള്‍ക്ക് പുതിയ ആവേശം പകര്‍ന്നു. പക്ഷേ മോഡി അധികാരത്തിലേറിയതോടെ ആര്‍.എസ്.എസ് കര്‍ശന നിര്‍ദേശപ്രകാരം, സംയുക്ത പ്രക്ഷോഭത്തില്‍ നിന്ന് അവരുടെ സംഘടനയുടെ നേതാക്കള്‍ മാറി നിന്നു. എന്നിട്ടും അണികള്‍ ഐക്യസമരത്തില്‍ അണി ചേര്‍ന്നു.

ഒറ്റയൊറ്റ സെക്റ്ററിലോ ഒറ്റയൊറ്റ സ്ഥാപനത്തിലോ മാത്രമായി ഒറ്റക്കൊരു സംഘടനക്കും പരിഹരിക്കാനാവാത്തതാണ് പ്രശ്‌നങ്ങള്‍ എന്ന് അനുഭവം തൊഴിലാളികളെ പഠിപ്പിച്ചു. വര്‍ഗപരമായ നിലപാടാണ് പ്രശ്‌നം എന്ന ബോധ്യത്തിലേക്ക് അവര്‍ ഉയര്‍ന്നു.

പൊറുതിമുട്ടിയ കര്‍ഷകര്‍

സര്‍ക്കാറിന്റെ കുത്തകാനുകൂല നയങ്ങള്‍ കാരണം പൊറുതിമുട്ടിയ കര്‍ഷകരും പ്രക്ഷോഭ രംഗത്തായിരുന്നു. ഇന്ത്യയില്‍ 4 ലക്ഷത്തിലേറെ കര്‍ഷകരാണ് നിവൃത്തികെട്ട് ആത്മഹത്യയില്‍ അഭയം തേടിയത്. വ്യാവസായിക മുതലാളിമാര്‍ക്ക് വേണ്ട അസംസ്‌കൃത സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കര്‍ഷകരുടെ നടുവൊടിച്ചു.

സ്വാഭാവികമായും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ആവശ്യപ്പെട്ടു കൊണ്ടുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറിയേറി വന്നു. അത്തരമൊരു സാഹചര്യത്തിലാണ്, 2014ലെ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ക്ക് മോഡി ഒരു വന്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നുമായിരുന്നു വാഗ്ദാനം.

എന്നാല്‍, അധികാരത്തിലെത്തിയതോടെ മട്ട് മാറി. തികച്ചും കര്‍ഷക വിരുദ്ധമായി നിലപാടുകള്‍. ഭൂമി ഏറ്റെടുക്കല്‍ നിയമം ഉദാഹരണം. കൃഷിഭൂമി കൃഷി ചെയ്യാനുള്ളതല്ല, റിസോര്‍ട്ടുകളും ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകളും പണിതുയര്‍ത്താനുള്ളതാണ് എന്നായി നിലപാട്. അതിനെതിരെ ഉയര്‍ന്ന വ്യാപകമായ രോഷം കര്‍ഷകരെയാകെ ഒന്നിപ്പിക്കാന്‍ പോന്നതായി.

മഹാരാഷ്ട്രയിലെ നാമമാത്രകര്‍ഷകര്‍ നടത്തിയ ഉജ്വലമായ മുംബൈ മാര്‍ച്ച് സംഘടിപ്പിച്ച രീതിയും അതുവഴി ആര്‍ജിച്ച പിന്തുണയും കാരണം, ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി സമരകേന്ദ്രത്തിലെത്തി പ്രക്ഷോഭകാരികളുമായി ചര്‍ച്ച നടത്താന്‍ അന്നത്തെ മുഖ്യമന്ത്രി ഫഡ്‌നാവിസ് നിര്‍ബന്ധിതനായി. ഇതുണ്ടാക്കിയ പുതിയ ആത്മവിശ്വാസത്തിലായി കര്‍ഷകര്‍.

സ്വാഭാവികമായും 3 കാര്‍ഷിക നിയമങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ, പ്രക്ഷോഭമല്ലാതെ പോംവഴിയില്ല എന്ന് സമ്പന്ന കര്‍ഷകര്‍ക്കടക്കം ബോധ്യമായി.

നിയമങ്ങളുടെ പ്രഭവ കേന്ദ്രം ഒന്ന്

മുമ്പൊക്കെ, കര്‍ഷകപ്രക്ഷോഭത്തില്‍ തൊഴിലാളി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍ 3 കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കൊപ്പം 4 തൊഴിലാളി വിരുദ്ധ ബില്ലുകളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നതോടെ ഇരുകൂട്ടരുടെയും പൊതുശത്രു നവലിബറല്‍ നയങ്ങളും അവ നടപ്പിലാക്കുന്ന രാഷ്ട്രീയ സംവിധാനവുമാണ് എന്ന് കര്‍ഷക നേതാക്കളും തൊഴിലാളി നേതാക്കളും തിരിച്ചറിഞ്ഞു.

ഇരുനിയമങ്ങളുടെയും പ്രഭവ കേന്ദ്രം ഒന്നാണ്. നാടന്‍ – മറുനാടന്‍ കുത്തകകള്‍ക്കിണങ്ങിയ രീതിയില്‍ മുതലാളിത്ത ലോകത്തെങ്ങും നിയമഭേദഗതികള്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു. നിലവിലുള്ള തൊഴില്‍ നിയമങ്ങളാകെ അയവേറിയതാക്കണം എന്നായിരുന്നു ഉടമവര്‍ഗത്തിന്റെ ആവശ്യം. അതിനു കണക്കായി ലോകബാങ്ക് തയാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ മേല്‍പ്പോട്ട് കയറാനായി രാജ്യങ്ങളുടെ പരിശ്രമം.

മുകളിലെത്താനുള്ള എളുപ്പവഴിയാണ് തൊഴില്‍നിയമങ്ങള്‍ ഉടമകള്‍ക്ക് അനുകൂലമാക്കി മാറ്റല്‍, സ്ഥിരം ജോലി ഇല്ലാതാക്കല്‍, കരാര്‍ പണിയുടെ സാര്‍വത്രികവല്‍ക്കരണം, സ്ഥിരകാലനിയമനമെന്ന തെറ്റായ പേരില്‍ അറിയപ്പെടുന്ന തൊഴിലിന്റെ അസ്ഥിരീകരണം, തൊഴിലിന്റെ ശകലീകരണം, കൂലി വെട്ടിച്ചുരുക്കല്‍.

ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യന്‍ തൊഴിലാളികള്‍ പൊരുതി നേടിയവയടക്കമുള്ള 44 നിയമങ്ങള്‍ ചുരുട്ടിക്കൂട്ടി 4 കോഡുകളാക്കി മാറ്റിയത് ഇതിന്റെ ഭാഗമായാണ്. കാര്‍ഷിക മേഖലയില്‍ പിടിമുറുക്കുന്ന വന്‍കിട ബഹുരാഷ്ട്ര കുത്തകകളുടെ നിര്‍ദ്ദേശപ്രകാരം നിലവിലുള്ള നിയമങ്ങള്‍ മാറ്റി മറിക്കാനായി ലോകത്തെങ്ങും നടന്ന അതിക്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ 3 കാര്‍ഷിക നിയമങ്ങള്‍ തയാറാക്കപ്പെട്ടത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിനു പകരം എനാബ്‌ളിങ് ബിസിനസ് ഇന്‍ ആഗ്രികള്‍ച്ചര്‍ എന്ന സൂചികയാണ് ഇക്കാര്യത്തില്‍ ലോകബാങ്ക് തയാറാക്കിയത്. അതില്‍ മുന്നോട്ടു മുന്നോട്ട് പോവാനായി മുതലാളിത്ത രാജ്യങ്ങളുടെ പരിശ്രമം. അതില്‍ ഒന്നാമതെത്തി നിന്നത് ഫ്രാന്‍സാണ്. അതേ ഫ്രാന്‍സിലാണ് ആദ്യമായി ഒരു കര്‍ഷകന്‍ പാറ്റന്റ് നിയമം ലംഘിച്ചു എന്നതിന്റെ പേരില്‍ ജെയിലിലടക്കപ്പെട്ടത്.

മൊണ്‍സാന്റോ കമ്പനിയുടെ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ വയലില്‍ അനധികൃതമായി കടന്നു ചെന്ന് വിളകള്‍ പറിച്ചെടുത്ത് പരിശോധിച്ച്, അത് തങ്ങളുടെ വിത്തുപയോഗിച്ചുണ്ടായ വിളയാണെന്ന് കണ്ടെത്തി കൊടുത്ത കേസിലാണ് കര്‍ഷകന്‍ തുറുങ്കിലായത്.

നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കര്‍ഷകന്റെതാണ്!

ഇങ്ങനെ കര്‍ഷകവിരുദ്ധ നിലപാടെടുത്താല്‍, തങ്ങളുടെ വര്‍ഗതാല്‍പര്യവും സംരക്ഷിക്കാം, റാങ്കില്‍ മുന്നോട്ടെത്തുകയും ചെയ്യാം എന്നായി മോഡി സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമായാണ് കര്‍ഷക ശാക്തീകരണ നിയമമെന്ന പേരില്‍, നിയമം വഴി കോടതിയെ സമീപിക്കാനുള്ള കര്‍ഷകന്റെ അവകാശം തന്നെ ഇല്ലാതാക്കാന്‍ ബില്ല് കൊണ്ടു വന്നത്.

അവശ്യ വസ്തുനിയമഭേദഗതിയാവട്ടെ, ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചു വെച്ച് പൂഴ്ത്തിവെപ്പ് നടത്താന്‍ ഭക്ഷ്യക്കുത്തകകള്‍ക്ക് അവസരം കൊടുക്കുന്നതാണ്. മണ്ഡികള്‍ തകര്‍ത്ത് ഭക്ഷ്യധാന്യ സംഭരണമാകെ കുത്തകകള്‍ക്ക് പതിച്ചു കൊടുക്കാനുള്ളതാണ് മറ്റൊരു ബില്‍.

ഈ മൂന്നു ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ ദില്ലി മാര്‍ച്ച് നടത്തിയ 2020 നവംബര്‍ 26ന് പണിമുടക്കിക്കൊണ്ട് കര്‍ഷകരുയര്‍ത്തുന്ന ആവശ്യം അവരുടെതു മാത്രമല്ല എന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ചു. അതിന് 4 വര്‍ഷം തികയുന്ന 2024 നവംബര്‍ 26ന് ഇരു കൂട്ടരും ഒന്നിച്ചാവശ്യപ്പെടുന്നത് സര്‍ക്കാറിന്റെ കുത്തകാനുകൂല നയങ്ങള്‍ തിരുത്തണമെന്നാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയണമെന്നാണ്.

കുത്തകകളുടെ വരുമാനം കുത്തനെ കയറുമ്പോള്‍

കുത്തകകളുടെ ലാഭം പെരുകിക്കൊണ്ടിരിക്കെ, പാപ്പരീകരിക്കപ്പെടുന്ന കര്‍ഷക കുടുംബങ്ങളുടെ എണ്ണം പെരുകുകയാണ്. 2024 ഒക്ടോബര്‍ മാസം 9 ന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ ശതകോടീശ്വരന്‍ അംബാനിയുടെ ആസ്തി 1,15,750 കോടി രൂപയാണ്. അതേയവസരത്തില്‍ 2019 ല്‍ നാഷനല്‍ സാമ്പിള്‍ സര്‍വേ കണ്ടെത്തിയത് കര്‍ഷക കുടുംബങ്ങള്‍ക്ക് കൃഷിയില്‍ നിന്ന് ലഭിച്ച ശരാശരി മാസ വരുമാനം വെറും 5298 രൂപയാണെന്നാണ്.

മുകേഷ് അംബാനി

87 ശതമാനം കുടുംബങ്ങളുടെയും വരുമാനം 10,000 ല്‍ കുറവായിരുന്നു. 5000ത്തില്‍ കുറവ് വരുമാനം ലഭിച്ചത് 71 ശതമാനത്തിന്. 44 ശതമാനത്തിനും വരുമാനം 2000ത്തില്‍ താഴെ. 27 ശതമാനം കുടുംബങ്ങളുടെ പ്രതിമാസ വരുമാനം വെറും 1000 രൂപയിലും താഴെയാണ്.

തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെ

ഐ.എല്‍.ഒ സ്റ്റാറ്റ് എന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സ്ഥിതിവിവരക്കണക്ക് വിഭാഗം തയാറാക്കുന്ന ആധികാരികരേഖയാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ വര്‍ക്കിങ്ങ് പോവര്‍ട്ടി. അത് പണിയെടുത്തിട്ടും ദരിദ്രരായി കഴിയേണ്ടി വരുന്ന തൊഴിലാളികളുടെ സ്ഥിതിവിവരങ്ങളാണ്.

133 രാജ്യങ്ങളുടെ കണക്കാണതില്‍. കടുത്ത ദാരിദ്ര്യം, മിതമായ ദാരിദ്ര്യം എന്നിങ്ങനെ ദാരിദ്ര്യത്തെത്തന്നെ തരം തിരിച്ചിട്ടുണ്ട്. കടുത്ത ദാരിദ്ര്യത്തില്‍ പെട്ട് നട്ടം തിരിയുന്ന തൊഴിലാളികള്‍ ആകെ തൊഴിലാളികളുടെ 9 ശതമാനമാണ് ഇന്ത്യയില്‍. എന്നു വെച്ചാല്‍ 11 തൊഴിലാളികളില്‍ ഒരാള്‍ കടുത്ത ദാരിദ്ര്യത്തിലാണ്.

മിതമായ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ 30 ശതമാനം വരുമ്പോള്‍, നമീബിയയില്‍ ഇത് 11 ശതമാനമാനം മാത്രമാണ്. അവിടത്തേതിന്റെ മൂന്നിരട്ടിയാണിവിടെ ദാരിദ്ര്യം എന്നര്‍ത്ഥം. ഐവറികോസ്റ്റില്‍ അത് 23 ശതമാനമേയുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ 12 ശതമാനവും.

മാന്യമായ വരുമാനം വേണം

മണ്ണിലും തൊഴിലിടങ്ങളിലും അധ്വാനിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാന്യമായി ജീവിക്കാനാവശ്യമായ വരുമാനം കിട്ടിയേ പറ്റൂ എന്നാണ് നവംബര്‍ 26 പ്രക്ഷോഭം ആവശ്യപ്പെടുന്നത്. 2014 തെരഞ്ഞെടുപ്പ് കാലത്ത് മോഡി തന്നെ വാഗ്ദാനം ചെയ്ത സ്വാമിനാഥന്‍ ശുപാര്‍ശപ്രകാരമുള്ള താങ്ങുവില സര്‍ക്കാര്‍ ഉറപ്പാക്കണം എന്നാണ് ഡിമാന്റ്.

കര്‍ഷകന് വരുന്ന കൃഷിച്ചെലവും അതില്‍ പാതിയും കൂടിയതാവണം ഉല്‍പ്പന്ന വില എന്നായിരുന്നു സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട്. ചെലവില്‍ കൃഷിഭൂമിയുടെ തറപ്പാട്ടവും കര്‍ഷകുടുംബത്തിന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലവും കൂട്ടണം. കൃഷിച്ചെലവും വിലക്കയറ്റവും വര്‍ഷംതോറും 12 ശതമാനത്തിലധികം വര്‍ദ്ധന കാട്ടുമ്പോള്‍, താങ്ങുവിലയും അതിനനുസരിച്ച് കൂടണം. പക്ഷേ അത് 2 ശതമാനം മുതല്‍ 7 ശതമാനം വരെ മാത്രമാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നത്.

താങ്ങുവില നിശ്ചയിച്ചാല്‍ പോരാ നിയമപരമായ സംഭരണം സര്‍ക്കാര്‍ ഉറപ്പാക്കുക കൂടി ചെയ്യണം എന്നാണ് ഡിമാന്റ്. കഴിഞ്ഞ വര്‍ഷം സംഭരിച്ച വിള ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കൊല്ലത്തെ നെല്ല് സംഭരണവും മുടങ്ങിയിരിക്കുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സംഭരണ സൗകര്യവും വെയര്‍ഹൗസിങ്ങ് കോര്‍പറേഷന്‍ സംവിധാനവുമൊക്കെ വന്‍കിട കുത്തകകള്‍ കൈയ്യടക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ നിയമപരമായ സംഭരണം ഉറപ്പാക്കിയേ പറ്റൂ എന്നാണ് ആവശ്യം.

ആവശ്യാധിഷ്ഠിത മിനിമം വേതനം എന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും, പട്ടിണിക്കൂലിയാണ് ഇന്ത്യയില്‍ എന്ന് ചൂണ്ടിക്കാട്ടിയത് ഐ.എല്‍.ഒ ആണ്.

1957ലെ ത്രികക്ഷി ലേബര്‍ കോണ്‍ഫറന്‍സില്‍ വിശദ ചര്‍ച്ച നടന്ന ഒന്നാണ് ആവശ്യാധിഷ്ഠിത മിനിമം വേതനം എന്ന ആശയം. ഒരു തൊഴിലാളിക്ക് ജീവന്‍ നിലനിര്‍ത്താനും വരും തലമുറ തൊഴിലാളികളെ സംഭാവന ചെയ്യാനായി കുടുംബം പോറ്റാനും വേണ്ടി വരുന്ന മിനിമം ചെലവാണത്.

അക്രോയ്ഡ് സൂചിപ്പിച്ചത്രയും കലോറി ഊര്‍ജം അകത്തെത്താനുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലയും കൊടും തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള അത്യാവശ്യം വസ്ത്രത്തിനുള്ള ചെലവും കണക്കാക്കി ഉണ്ടാക്കിയ ആ കണക്ക് ഇന്നത്തെ വില സൂചികയനുസരിച്ച് 26000 രൂപയിലധികം വരും. 26000 രൂപയെങ്കിലും മിനിമം കൂലി വേണം എന്നാണ് ഡിമാന്റ്.

ഇക്കാര്യത്തില്‍ സുപ്രീം കോടതി തന്നെ അനുകൂല നിലപാട് സ്വീകരിച്ചതാണ്. റാപ്റ്റക്കോസ് ബ്രെട്ട് ആന്റ് കമ്പനിയും അതിലെ ജീവനക്കാരും തമ്മില്‍ നടന്ന കേസില്‍ കോടതി കല്‍പ്പിച്ചത്, മിനിമം കൂലി ഇങ്ങനെ കണക്കുകൂട്ടുന്നത് ശരിയാണ് എന്നാണ്.

തൊഴിലില്ലായ്മ തൊഴില്‍രഹിതരുടെ മാത്രം പ്രശ്‌നമല്ല

മാന്യമായ കൂലി എന്നതിന് തടസ്സം നില്‍ക്കുന്നത് രൂക്ഷമായ തൊഴിലില്ലായ്മയാണ്. ചുരുങ്ങിയ കൂലിക്ക് പണിയെടുക്കാന്‍ തയാറാവുന്ന കരുതല്‍ റിസര്‍വ് തൊഴില്‍ സേനയാണ് മുതലാളിമാര്‍ക്ക് തൊഴില്‍ രഹിതര്‍. അതുകൊണ്ടുതന്നെ തൊഴില്‍ രഹിതരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കുത്തകേതര വിഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണ്.

ആ നിലക്കാണ് എല്ലാവര്‍ക്കും ഉറപ്പായ തൊഴിലും തൊഴില്‍ സംരക്ഷണവും വേണം എന്ന ഡിമാന്റുയരുന്നത്, വ്യാപകമായിക്കൊണ്ടിരിക്കുന്ന താല്‍ക്കാലികവല്‍ക്കരണവും കരാര്‍ വല്‍ക്കരണവും അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്നത്.

നിലവിലുള്ള താല്‍ക്കാലികത്തൊഴില്‍, കരാര്‍ത്തൊഴില്‍ എന്നിവക്ക് പുറമെ ഫിക്‌സഡ് ടേം അപ്പോയന്റ്‌മെന്റ്, അപ്രന്റീസ്ഷിപ്പ് എന്നീ പേരുകളിലും തൊഴില്‍ രഹിതര്‍ അതിഭീകരമായ ചൂഷണത്തിന് വിധേയമാവുമ്പോള്‍, അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തോടൊപ്പം കര്‍ഷക സംഘടനകളും ഒന്നിക്കുകയാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങുകയും അവയൊക്കെ കമ്പോളനീതിക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്നാണ് നവംബര്‍ 26 പ്രഖ്യാപിക്കുന്നത്. അതിനുള്ള സാമ്പത്തിക വിഭവങ്ങളില്ല എന്നാണ് ചുമതലകളില്‍ നിന്ന് പിന്‍വാങ്ങുന്ന സര്‍ക്കാറുകളുടെ ഭാഷ്യം.

പക്ഷേ ലോകത്താകെ ഉയര്‍ന്നു വരുന്ന അതിശക്തമായ ആവശ്യം ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും ഒന്നിച്ചുന്നയിക്കുന്നുണ്ട്, അതിസമ്പന്നര്‍ക്ക് നല്‍കുന്ന ഇളവുകള്‍ റദ്ദാക്കി അവര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന്! അത് നടപ്പാക്കുന്നതോടെ കണ്ടെത്താനാവും ഇതിനു വേണ്ട സാമ്പത്തിക വിഭവങ്ങള്‍.

ഏറ്റുമുട്ടല്‍ ഉടമ വര്‍ഗത്തോട് തന്നെ

അതെ, ഏറ്റുമുട്ടല്‍ ഉടമ വര്‍ഗവുമായിട്ടുതന്നെയാണ്. സമ്പത്തുല്‍പാദകര്‍ അക്കാര്യത്തില്‍ ചൂഷക വര്‍ഗത്തിനെതിരെ ഒന്നിച്ചാണ്. ആ ഒന്നിക്കലിനെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം എന്ന ആവശ്യം. മതാതീതവും രാഷ്ട്രീയാതീതവും ഭാഷാതീതവുമായ വര്‍ഗ ഐക്യമാണ് രൂപപ്പെട്ടു വരുന്നത്. അതു തന്നെയാണ് നവംബര്‍ 26ന്റെ സവിശേഷതയും.

content highlights: AK Ramesh writes about the November 26 joint strike of farmers and workers

എ കെ രമേശ്‌

Video Stories