കസബിനെപ്പോലെ ചില്ലറക്കാരനല്ല, അമ്മയും പെങ്ങളുമുള്ള വക്കീലാണ്. ഭാര്യ കാലങ്ങളായി വീല്‍ചെയറിലാണ്. അത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെയൊരാളെ അങ്ങനെ ശിക്ഷിക്കുക? തൂക്കാനുള്ള വകുപ്പൊന്നുമില്ല . 6 മാസത്തെ ജയില്‍ വാസത്തിനുള്ള കയ്യിലിരിപ്പേ വക്കീല്‍ വശമുള്ളൂ
സ്ലോ ഗണ്‍ / എ.കെ രമേശ്
വാഹനാപകടക്കേസ്സില്‍ സാക്ഷിയെ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ച വക്കീലിനെതിരെയാണ് കേസ്. കോടതിയലക്ഷ്യമാണ് വകുപ്പ്. പ്രതി വക്കീല്‍. പ്രായം 69. പേര് ആര്‍.കെ ആനന്ദ്.
കസബിനെപ്പോലെ ചില്ലറക്കാരനല്ല, അമ്മയും പെങ്ങളുമുള്ള വക്കീലാണ്. ഭാര്യ കാലങ്ങളായി വീല്‍ചെയറിലാണ്. അത്തരമൊരവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെയൊരാളെ അങ്ങനെ ശിക്ഷിക്കുക? തൂക്കാനുള്ള വകുപ്പൊന്നുമില്ല . 6 മാസത്തെ ജയില്‍ വാസത്തിനുള്ള കയ്യിലിരിപ്പേ വക്കീല്‍ വശമുള്ളൂ.
ഏതു ജനതക്കെതിരെ താന്‍ വെടിയുതിര്‍ത്തോ, അതേ ജനതയുടെ പ്രഥമ പൗരനോട് തന്നെ തൂക്കിലേറ്റാതെ വിടണമെന്ന് പറഞ്ഞ കസബിനെപ്പോലെ ഔചിത്യദീക്ഷയില്ലാതെ പെരുമാറാനൊന്നും നമ്മുടെ വക്കീലിനെ കിട്ടില്ല.
ഏതു കോടതിയിലാണോ താന്‍ വാദിച്ചു ജയിച്ച പടവുകള്‍ കയറിപ്പോയത്, ആ കോടതിയില്‍ ഇനി മേല്‍ ഒരറ്റക്കക്ഷിക്കു വേണ്ടിയും വാദിക്കാനെത്തില്ല എന്നു മാത്രമല്ല, ജയില്‍ ശിക്ഷക്കു പകരം തത്തുല്യമായ (അതിനും തുല്യതയുണ്ടേ!) കാശെത്രയാണെന്ന് കോടതി കല്‍പ്പിച്ചുവോ, അത്രയും തുക ഒറ്റയടിക്ക് കെട്ടിവെയ്ക്കാന്‍ തയ്യാറാണെന്നും കക്ഷി നേരിട്ടു ബോധിപ്പിച്ചു.
പ്രസ്തുത തുക ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കൈമാറാന്‍ വക്കീല്‍ തയ്യാറായതോടെ ഇളവാക്കി കിട്ടിയത് ആറു മാസത്തടവ് !
പണത്തിന് മേല്‍ പരുന്ത് മാത്രമല്ല കോടതിയും പറക്കില്ലെന്ന് കുട്ടികള്‍ക്ക് ഇനി ശരിക്കും കോപ്പിയെഴുത്ത് നടത്താം.
തൊഴില്‍ സദാചാരത്തിന് നിരക്കാത്ത പണി ചെയ്ത് വക്കീലിന് ഇങ്ങനെ ഇളവനുവദിക്കാമെങ്കില്‍, യുവര്‍ ഓണര്‍, വൈനോട്ട് ഫോര്‍ ഡോക്‌ടേഴ്‌സ് ആള്‍സോ ?