ഉയരുന്ന കാലുകള്‍ നിവരുന്ന മുഷ്ടികള്‍
DSport
ഉയരുന്ന കാലുകള്‍ നിവരുന്ന മുഷ്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2010, 10:41 pm

യമുനാ തീരത്തെ ചാഞ്ഞ പൂമരത്തിലേക്ക്

ഓടിച്ചാടിക്കയറി കല്‍മാഡി കുട്ടന്‍മാര്‍

കുസൃതി കാട്ടുമ്പോള്‍ വീണു തകരുന്നത്

ചെങ്കോട്ടയുടെ ചുവരുകളാണ്

ഇന്ദ്രപ്രസ്ഥത്തിന്റെ അഭിമാനമാണ്;

ചുരുക്കത്തില്‍ നമ്മുടെ നാടിന്റെ അന്തസ്സാണ്

കോമണ്‍വെല്‍ത്തിനെ

എങ്ങിനെ സ്വന്തം വെല്‍ത്താക്കാമെന്ന്

കല്‍മാഡിയുടെ കുട്ടികള്‍ കേട്ടെഴുതുമ്പോള്‍

എന്ത് സ്‌പോര്‍ട്‌സ് എന്ത് കളി?

കളിയിലും കളിയുണ്ടെന്നും

കളിക്കളത്തില്‍ കളിക്കാതിരിക്കുന്നതും കളിയാണെന്നും

കളിക്കാനിരിക്കുന്നവരെയും കളിയറിയാത്തവരെയും

ഒരേ പോലെ പഠിപ്പിക്കാന്‍

കളിക്കാരിറങ്ങിത്തിരിച്ചൊരു കാലത്ത്

ഒരു പാലം തകര്‍ന്നാല്‍ ഏത് കേളന്‍ കുലുങ്ങും?

ഒരട്ടംപൊളിഞ്ഞാല്‍ ഏത് കല്‍മാഡി വിയര്‍ക്കും?

പ്രധാനമന്ത്രി ഇടപെട്ടത്രെ,

ഇനി മേല്‍ ഒരൊറ്റപ്പാലത്തിനും

പൊളിയാനുള്ള ധൈര്യമുണ്ടാകില്ല

ഒരൊറ്റ മേല്‍ക്കൂരയും പൊളിഞ്ഞ് വീഴുകയുമില്ല

കളി കളിക്കാനുള്ളതല്ല, കാശുണ്ടാക്കാനുള്ളതാണെന്ന്

കളിക്കാരും കളിപ്പിക്കുന്ന കളിക്കാത്തോരും

ഒരേ പോലെ മനസിലാക്കിത്തുടങ്ങുമ്പോള്‍

കളി തന്നെ വെറും കളിയായ് മാറും

അങ്ങിനെ വരുമ്പോള്‍

ഒരു പാലം തകര്‍ന്നത്‌കൊണ്ടോ

മേല്‍ക്കൂര അപ്പാടെ ഇടിഞ്ഞു തകര്‍ന്നത് കൊണ്ടോ

അതിനിടയില്‍ കളിക്കാര്‍ അഞ്ചോ പത്തോ നൂറോ

ഒന്നിച്ച് ചത്തടിഞ്ഞത് കൊണ്ടോ

കുലുങ്ങുന്നവരല്ല കളിക്കാരെ കളിപ്പിക്കുന്ന കേളന്‍മാര്‍

ഇവിടല്ല, പാകിസ്ഥാനിലല്ല ലോകത്തെവിടെയും

കളിയല്ല, കാര്യത്തെ തന്നെയും വിറ്റ് കാശാക്കി മാറ്റുന്ന

കളിക്കാരും കളിപ്പിക്കുന്നോരും കൂടിവരുമ്പോള്‍

ഓര്‍മ്മയുണ്ടോ പണ്ട് കളിക്കളത്തില്‍ തിളങ്ങി നിന്നിരുന്ന

സോവിയ്റ്റ് യൂനിയന്‍ എന്നൊരു നാട്ടിലെ കളിക്കാരെ?

പന്തായ പന്തൊക്കെ അവരുടെ കാല്‍ക്കീഴില്‍-

മെഡലായ മെഡലൊക്കെ അവരുടെ കുപ്പായത്തില്‍-

എന്തേ അവിടെ കളി തീക്കളി കള്ളക്കളി

ഇതുപോലൊന്നും നടക്കാതെ പോയത്?

കളി കളിയാണെന്നും കളി കളിക്കാനുള്ളതാണെന്നും

അനന്തതയിലേക്ക് കുതിക്കുന്ന കാലുകള്‍

ഉയരത്തിലേക്ക് കുതിക്കാനാശിക്കുന്ന മനസ്സുകളുടെതാണെന്നും

സ്വകാര്യ ലാഭത്തിനപ്പുറത്തേക്ക് വിരിയുന്നൊരു ചിന്ത

അവരുടെയൊക്കെ മനസുകളിലുള്ളത്‌കൊണ്ടാണെന്നും

ഇന്ന് അതൊക്കെ തകര്‍ന്ന് തരിശായപ്പോള്‍

നാം ഒരേ പോലെ തിരിച്ചറിയുകയാണ്

കളിക്കാത്തവരും കളിക്കുന്നവരും.

ഹായ് സോഷ്യലിസം എത്ര നല്ല പദം എന്നല്ല,

എത്ര നല്ല ഒരു മാര്‍ഗമായിരുന്നു എന്ന്

തിരുത്തിപ്പറയാന്‍ ആവുമോ നിങ്ങള്‍ക്ക്?.