ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനിലെ ഡൊണാള്‍ഡ് ട്രംപ്
Discourse
ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനിലെ ഡൊണാള്‍ഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2016, 3:39 pm

ആള്‍ കണിശക്കാരിയാണ്, എന്തും ചെയ്തു കളയും എന്നായിരുന്നു കേള്‍വി. പക്ഷേ വിദേശകാര്യ മന്ത്രിയായി പ്രത്യക്ഷപ്പെട്ടത് ബോറിസ് ജോണ്‍സണ്‍ ! ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന് മൂപ്പര്‍ പറഞ്ഞൊ എന്നറിയില്ല. പക്ഷെ തെരേസക്ക് തെറ്റി എന്നാണ് കാര്യബോധമുള്ളവര്‍ പറയുന്നത്. ശത്രുക്കളെ ക്ഷണിച്ചു വരുത്തുന്ന ഒരു മേല്‍ത്തരം നാവിനുടമയാണ് താനെന്ന് അനേക തവണ തെളിയിച്ച ആളാണ് ബോറിസ്. ആ സുന്ദരവദനത്തില്‍ നിന്നുതിര്‍ന്ന മൊഴി മുത്തുകള്‍ കേള്‍ക്കുക. യോഗ്യത തെളിയും.


jho-1


ramesh ak| ഒപ്പീനിയന്‍: എ.കെ രമേശ് |


പ്രധാനമന്ത്രിയാവാന്‍ കൊള്ളില്ലെങ്കില്‍ പിന്നെയാകാവുന്നത് വിദേശകാര്യ മന്ത്രിയാണെന്ന് ഇന്ത്യക്കാര്‍ക്കറിയാം. വിദേശകാര്യത്തില്‍ തീരേ ഗ്രാഹ്യം പോരെന്ന് ദീര്‍ഘകാലം കൂടെ പ്രവര്‍ത്തിച്ച ഒരു ക്യാബിനറ്റംഗത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ആള്‍ പ്രധാനമന്ത്രിയായാലോ? ആപ്പീസിടനാഴികയില്‍ നിന്ന് അങ്ങനെയൊന്ന് പറയുമ്പോള്‍ കെന്‍ ക്ലാര്‍ക്ക് ഓര്‍ത്തിരുന്നില്ല ഇത്ര പെട്ടെന്ന് കാര്യം നാട്ടാരറിയുമെന്ന്! സ്‌കൈ ന്യൂസ് ആ വര്‍ത്തമാനം ഒപ്പിയെടുത്തിരുന്നില്ലെങ്കിലും മണിക്കൂറുകള്‍ക്കകം അത് തെളിഞ്ഞിരിക്കുകയാണ്..

പ്രധാനമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്ന പഴയ ലണ്ടന്‍ മേയര്‍ ബോറിസ് ജൊണ്‍സണ്‍ തളപ്പറ്റു വീണത് തെങ്ങിന്റെ മണ്ടയിലെത്തിയാണ്. ചതിച്ചത് സ്വന്തം മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഗോവ്! താനാണ് യോഗ്യന്‍ എന്ന് തലേന്ന് സ്വപ്നം കണ്ടുവെന്നും പറഞ്ഞ് അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ ശിഷ്യന്‍ ഗുരുവിനെ കടത്തിവെട്ടുകയായിരുന്നു.

അതുവരെ ബോറിസാവണം പ്രധാനമന്ത്രി എന്നും പാടി നടന്നവനാണ് പെട്ടെന്ന് മട്ടു മാറ്റുന്നത്! കസേര കളിയില്‍ ഗോവ് തോറ്റ് പിന്മാറേണ്ടി വന്നു. രണ്ടു മഹിളാ മണികള്‍ തമ്മിലായി പോര്. അങ്ങനെ തെരേസ പ്രധാനമന്ത്രിയുമായി.

teresa-may

ആള്‍ കണിശക്കാരിയാണ്, എന്തും ചെയ്തു കളയും എന്നായിരുന്നു കേള്‍വി. പക്ഷേ വിദേശകാര്യ മന്ത്രിയായി പ്രത്യക്ഷപ്പെട്ടത് ബോറിസ് ജോണ്‍സണ്‍ ! ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന് മൂപ്പര്‍ പറഞ്ഞൊ എന്നറിയില്ല. പക്ഷെ തെരേസക്ക് തെറ്റി എന്നാണ് കാര്യബോധമുള്ളവര്‍ പറയുന്നത്.

ശത്രുക്കളെ ക്ഷണിച്ചു വരുത്തുന്ന ഒരു മേല്‍ത്തരം നാവിനുടമയാണ് താനെന്ന് അനേക തവണ തെളിയിച്ച ആളാണ് ബോറിസ്. ആ സുന്ദരവദനത്തില്‍ നിന്നുതിര്‍ന്ന മൊഴി മുത്തുകള്‍ കേള്‍ക്കുക. യോഗ്യത തെളിയും.

ഒന്ന് ഹിലാരി ക്ലിന്റനെപ്പറ്റി.”ഭ്രാന്താശൂപത്രിയിലെ സാഡിസ്റ്റായ നഴ്‌സിനെപ്പോലെയാണത്രെ ഹിലാരി .അവിടം കൊണ്ടും അവസാനിക്കുന്നില്ല. ” ഹിലാരിയെ കൈകാര്യം ചെയ്യാന്‍ ആവുമെങ്കില്‍ ഏത് ആഗോള പ്രതിസന്ധിയും നിശ്ചയമായും ബില്‍ ക്ലിന്റന് കൈകാര്യം ചെയ്യാനാവും എന്ന് മറ്റൊന്ന്!

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെപ്പറ്റി ഒരു കവിതയെഴുതി സമ്മാനം നേടിയിട്ടുണ്ട് കഥാപുരുഷന്‍. എര്‍ഡോഗന്റെ ആട് പ്രണയത്തെപ്പറ്റിയാണ് ആ ലിമറിക്ക്! തനിക്കത് മാനനഷ്ടമുണ്ടാക്കി എന്ന് തുര്‍ക്കി പ്രസിഡണ്ട്! ജര്‍മ്മനിയില്‍ അതിനെതിരെ കേസ് നടക്കുന്നു. അതു കേട്ട് ജര്‍മ്മന്‍ ചാന്‍സലറെ കുറിച്ചും നല്ലൊരു കമന്റ് പാസ്സാക്കിയിട്ടുണ്ടത്രെ കഥാപുരുഷന്‍.

boris-1

ഏറെയായില്ല കാലം, മറ്റൊരു പ്രസ്താവനയെച്ചൊല്ലി മാപ്പപേക്ഷിച്ചിട്ട്! ആഫ്രിക്കക്കാരെയാകെ അധിക്ഷേപിച്ചതിനാണത്. തണ്ണി മത്തന്‍ പുഞ്ചിരിയുമായി നടക്കുന്ന പിക്കാനിന്നീസാണ് ആഫ്രിക്കക്കാര്‍ എന്നായിരുന്നു ആ നറു മൊഴി.

ചൈനയോടും കോര്‍ത്തു കൊമ്പ്. ബെയ്ജിങ്ങ് ഒളിംപിക്‌സില്‍ ചെന്നാണ് വിവാദ പ്രസ്താവന.പിങ്ങ് പോങ് ചൈനയുടെ കണ്ടുപിടുത്തമാണെന്നു പറയുന്നത് തെറ്റാണെന്ന്! 19ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ തീന്‍മേശകളില്‍ കണ്ടു പിടിച്ചതാണത്രെ കളി! അന്നതിന്റെ പേരു വാഫ് വാഫ് എന്നായിരുന്നു പോലും. പ്ലാസ്റ്റിക്ക് സര്‍ജറി നമ്മുടെ കണ്ടുപിടുത്തമാണെന്ന് പറയുന്നതുപോലെയാണ് കാര്യം.

ഇങ്ങനെ ഭൂഖണ്ഡാന്ത രണ്ടളിലാകെ തന്റെ വാണീവിലാസം കൊണ്ട് കരുത്ത് തെളിയിച്ച കക്ഷിയെത്തന്നെ വിദേശകാര്യമന്ത്രിയാക്കി നിയമിച്ച തെരേസാമേയ്ക്ക് വിദേശകാര്യ പരിജ്ഞാനം കുറയും എന്ന നിരീക്ഷണം എത്ര കൃത്യം!!