സാമൂതിരിയുടെ നാട്ടില്‍പുതിയ പാണ്ടികശാലകള്‍:കാട്ടുകൊള്ളക്കെതിരെ ജനങ്ങള്‍
Opinion
സാമൂതിരിയുടെ നാട്ടില്‍പുതിയ പാണ്ടികശാലകള്‍:കാട്ടുകൊള്ളക്കെതിരെ ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2017, 3:56 pm

നാലര ഏക്കറിലേറെ ഭൂമിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ചുറ്റും പച്ചപിടിച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നതത്രെ. വെറുതെ തണല്‍ വിരിച്ചും ആരാന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്തും കാല്‍ കാശിനുപയോഗമില്ലാതെ കിടക്കുന്ന പാഴ് സ്ഥലം വെട്ടി വെടിപ്പാക്കി കെട്ടിടം വെച്ച് കൂട്ടപ്പനാക്കാനാണത്രെ നീക്കം.


മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ മുത്തച്ഛന്‍ ദ്വാരകാ നാഥ് ടാഗോര്‍ അന്നത്തെ ഗവര്‍ണര്‍ ജനറലിന്റെ ആപ്പീസിലേക്കാണെന്നു തോന്നുന്നു, അയച്ച ഒരു കത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിന്റെ ഭാഗമാണ്. റാണി ഗഞ്ചിലെ തങ്ങളുടെ കല്‍ക്കരി ഖനിക്കടുത്തു കൂടിയാണ് റെയില്‍വേ ട്രാക്കിടുന്നതെങ്കില്‍, പുതുതായി തുടങ്ങുന്ന റെയില്‍വേയുടെ ചെലവിന്റെ മൂന്നിലൊന്ന് താന്‍ വഹിച്ചു കൊള്ളാം എന്നായിരുന്നു കത്ത്. അനുകൂലമായ മറുപടി കിട്ടാഞ്ഞതുകൊണ്ടുതന്നെയാവണം അദ്ദേഹം നേരിട്ട് ഗ്രെയ്റ്റ് വെസ്റ്റേണ്‍ റെയില്‍വേ ഓഫ് ബംഗാള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായത്. അത് 1845ലായിരുന്നു. ദല്‍ഹൗസി ഗവര്‍ണര്‍ ജനറലാവുന്നതിനും മൂന്നു കൊല്ലം മുമ്പ്!

പതിനേഴ് ദശകം കഴിഞ്ഞ് ഇപ്പോഴാണ് അത്തരമൊരു നിര്‍ദേശം നമ്മുടെ സ്വദേശി സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്നതെങ്കിലോ? റെയില്‍വെ ട്രാക്ക് മാത്രമല്ല, അതിനിരുവശവുമുള്ള ഭൂമി കൂടി പതിച്ചു കിട്ടും. സ്റ്റേഷന്‍ പരിസരമാകെ ചില്ലറപ്പാട്ടത്തിന് ഏല്‍പ്പിച്ചു കിട്ടും. അവിടെ അവനവന്റെ ഭാവനക്കിണങ്ങും വിധം രമ്യഹര്‍മ്യങ്ങള്‍ പണിയാം, ചൂതാട്ട കേന്ദ്രങ്ങളും മദ്യശാലകളും തിരുമ്മല്‍ശാലകളും ജിംനാഷിയങ്ങളും സ്ഥാപിക്കാം. പാട്ടം ഒറ്റ രൂപ മാത്രം – സ്‌ക്വയര്‍ മീറ്ററിന് !

സ്വാതന്ത്ര്യം കിട്ടിയതിന്റെ ഒരു മെച്ചം നോക്കണേ. വെറുതെയാണോ നാട്ടിലും മറുനാട്ടിലുമുള്ള വന്‍കിട കുത്തകകള്‍, അതിസങ്കുചിത ദേശീയതാവാദമുരുവിട്ടു കൊണ്ട് ആഗോള മൂലധനത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ യഥാര്‍ത്ഥ ദേശീയതാവാദികളായി കൊണ്ടാടുന്നത്!

1884 ലാണ് “അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ഓണ്‍ ദ ഇന്ത്യന്‍ റെയില്‍വേ ” പ്രസിദ്ധീകരിച്ചുതുടങ്ങിയത്. റെയില്‍വേക്ക് അതു വരെയുള്ള സഞ്ചിത നഷ്ടം അന്നത്തെ 5 ലക്ഷം പൗണ്ടായിരുന്നുവത്രെ. ഇന്നത്തെ കണക്കിലാണെങ്കില്‍ അത് അനേക കോടി വരും. ബിബേക് ദേബ്‌റോയിയും (റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച അതേ ദേബ്‌റോയ് തന്നെ ) സംഘവും ചേര്‍ന്നെഴുതിയ ഇന്ത്യന്‍ റെയില്‍വേയ്‌സ് എന്ന പുസ്തകത്തില്‍ നിന്നാണ് ഈ വിവരം. ഇത്രക്കേറെ നഷ്ടം വന്നിട്ടും റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ ബ്രിട്ടീഷുകാര്‍ തയാറായിരുന്നില്ല.

അതു മാത്രവുമല്ല, ഇന്ത്യയിലെ റെയില്‍വേ നടത്തിപ്പിനെപ്പറ്റി ശുപാര്‍ശ സമര്‍പ്പിക്കാനായി നിയുക്തനായ തോമസ് റോബെട്‌സണ്ണാണ് റെയില്‍വേ ബോര്‍ഡ് എന്ന ഒരു സംവിധാനം വേണമെന്ന് ശുപാര്‍ശ ചെയ്തത്. അങ്ങിനെയാണ് 1905 ല്‍ റെയില്‍വേ ബോഡ് രൂപവല്‍കൃതമാകുന്നത്. പക്ഷേ ഇത്രക്ക് പ്രധാനപ്പെട്ട ശുപാര്‍ശ മുന്നോട്ടുവെച്ച ആ കമ്മിറ്റിയെ പാതി വഴിക്കുപേക്ഷിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ . തന്നേടത്തോളം ശുപാര്‍ശകള്‍ മതി; ഇനിയങ്ങോട്ട് റെയില്‍വേ നടത്തിപ്പിനെപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വേറെ ആളെ നോക്കാം എന്നായി നിലപാട്. അതിനായി മക്കേ (Mac Kay) കമ്മിറ്റി എന്ന പുതിയൊരു സമിതിയെ നിയോഗിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍.

അതിനുള്ള കാരണമാണ് വിചിത്രം. പഴയ ഉടമസ്ഥന്മാര്‍ക്ക് ഇന്ത്യന്‍ റെയില്‍വെയുടെ വിവിധ ഭാഗങ്ങള്‍ തിരിച്ചു കൊടുക്കണമെന്നായിരുന്നു റോബെട്ട്‌സണ്‍ അഭിപ്രായപ്പെട്ടത്. വീണ്ടും സ്വകാര്യവല്‍ക്കരിക്കണമെന്ന ആ കടുത്ത ശുപാര്‍ശ തീര്‍ത്തും അസ്വീകാര്യമായതുകൊണ്ടായിരുന്നത്രെ ഇങ്ങനെയൊരു നടപടി. സ്വദേശി സര്‍ക്കാറിന് മുമ്പില്‍ സ്വദേശിയായ ബിബേക് ദേബ്‌റോയി അവതരിപ്പിച്ച് നടപ്പാക്കിത്തുടങ്ങിയ അതേ ശുപാര്‍ശകള്‍ തന്നെയാണ് അന്ന് വിദേശി സര്‍ക്കാറിനു മുന്നില്‍ വിദേശി തന്നെയായിരുന്ന റോബര്‍ട്ട് സണ്‍ സമര്‍പ്പിച്ചതും ആ ഒരൊറ്റ നിര്‍ദേശത്തിന്റെ പേരില്‍ പണി മതിയാക്കാക്കൊള്ളാന്‍ വിദേശി സര്‍ക്കാര്‍ കല്‍പ്പിച്ചതും. വിദേശി സര്‍ക്കാര്‍ വേണ്ടെന്നു വെച്ച ഒരു കാര്യം വേണമെന്നു തീരുമാനിക്കാന്‍ ഒരു സ്വദേശി സര്‍ക്കാര്‍ തന്നെ വേണ്ടി വന്നു!

രാജ്യം സ്വതന്ത്രമായിരുന്നില്ലെങ്കില്‍ ഈ പുതിയ സൗകര്യം കിട്ടുമായിരുന്നോ എന്നു തന്നെയാണ് പുതിയ മുതലാളിമാരുടെ ചോദ്യം. സ്വാതന്ത്യത്തിന് അങ്ങിനെ ചില ഗുണങ്ങളുണ്ടല്ലോ.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ കലാപത്തെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് തിരുതകൃതിയായ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍,1880 ല്‍ ദുര്‍ഗാചരണ്‍ റായി ബംഗാളിയില്‍ എഴുതിയ കൃതിയിലെ കഥാപാത്രങ്ങളായ ബ്രഹ്മാവും ഇന്ദ്രനും വരുണനും സ്വര്‍ലോകത്ത് തിരിച്ച് ചെന്ന് ബ്രിട്ടീഷുകാരുടെ റെയില്‍വേ അവിടെയും അതേപടി പകര്‍ത്താന്‍ ശ്രമിച്ച കഥയാണ് പറയുന്നത്. ദേബ് ഗണേര്‍ മര്‍ത്യേ ആഗമന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ദൈവങ്ങള്‍ ഭൂമിയില്‍ വരുന്നു എന്നാണ് ഏകദേശ തര്‍ജിമ.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ വിലയിരുത്താനാണ് ദൈവങ്ങള്‍ ഭൂലോകം സന്ദര്‍ശിക്കുന്നത്. അതിനായി കല്‍ക്കത്ത വരെ യാത്ര ചെയ്യുന്നുമുണ്ട് അവര്‍. പക്ഷേ റെയില്‍വേ സ്റ്റേഷനിലെ വെയ്റ്റിങ്ങ് റൂമില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണ്. മാന്യന്മാര്‍ (gentlemen)ക്ക് മാത്രം പ്രവേശനമുള്ള പ്രതീക്ഷാലയത്തില്‍ തദ്ദേശീയര്‍ക്ക് കയറിപ്പറ്റാനാവില്ലല്ലോ. ദൈവങ്ങളെയും അവര്‍ണരായി മാത്രമല്ലേ സവര്‍ണരായ വെള്ളക്കാര്‍ക്ക് കാണാനാവൂ.

കാത്തിരിപ്പ് മുറിയുടെ അകത്തു കയറ്റാതെ തിരിച്ചയക്കപ്പെട്ടെങ്കിലും സ്വര്‍ലോകത്തിലെത്തിയപ്പോള്‍ അവിടെ ഭൂമിയിലെ ഈ റെയില്‍വെ സ്വര്‍ഗം പണിയാനാണത്രെ അവര്‍ ശ്രമിച്ചത്.

ബ്രിട്ടീഷുകാര്‍ പോയി പുതിയ സവര്‍ണര്‍ അധികാരത്തിലെത്തിയപ്പോള്‍ തങ്ങളുടെ ദൈവങ്ങള്‍ സ്വര്‍ഗത്തില്‍ പണിതതിലും നല്ല റെയില്‍വേ സ്റ്റേഷനുകള്‍ പണിയാനുള്ള തിരക്കിലാണ്. വിമാനത്താവളമേത്, റെയില്‍വേ സ്റ്റേഷനേത് എന്ന് തിരിച്ചറിയാനാവാത്ത വിധം സ്വര്‍ഗീയ സൗകര്യങ്ങള്‍ ഒരുക്കും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

സര്‍ക്കാറിന് മുതല്‍ മുടക്കാന്‍ കാശില്ലാത്തതു കൊണ്ട് കാശുള്ളവരെക്കൊണ്ട് മുതല്‍ മുടക്കിച്ച് സൗകര്യങ്ങളൊരുക്കുകയാണത്രെ. ബ്രഹ്മാവല്ല വിഷ്ണുവല്ല ശിവനായാലും കാശ് കൊടുക്കാതെ വെയ്റ്റിങ്ങ് റൂമിലെന്നല്ല, പരിസര പ്രദേശങ്ങളില്‍ത്തന്നെ കടന്നു ചെല്ലാനാവാത്ത വിധം കനത്ത ഫീസീടാക്കിക്കൊണ്ടു മാത്രമേ ഇങ്ങനെയൊരു വന്‍ മുതല്‍മുടക്ക് മുതലാക്കാനാവൂ.

ഇമ്മാതിരി പരിഷ്‌കാര നടപടികള്‍ ശുപാര്‍ശ ചെയ്ത ബിബേക് ദേബ് റോയ് ലോകത്താകെ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായി പഠിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ
പണ്ടേ പഠിച്ച പാട്ടുകള്‍ പകര്‍ത്തി വെക്കുക മാത്രമായിരുന്നു ആ റെയില്‍വേ വിദഗ്ധന്‍.

ലോകത്ത് ഫലപ്രദമായ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയതിന്റെ പേരില്‍ വേള്‍ഡ് ബാങ്ക് മുക്തകണ്ഠം പ്രശംസിച്ച ഒരു നാടാണ് ന്യൂസിലാന്റ്. നവ ഉദാരവല്‍ക്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച80 കളിലാണ് ന്യൂസിലാന്റ് റെയില്‍വേ സ്വകാര്യവല്‍ക്കരിച്ച് പെരുമാറ്റി ട്രാന്‍സ് റാക്കായി തീര്‍ന്നത്. പക്ഷേ2004 ആയപ്പോഴേക്കും സ്വകാര്യ മേഖല അതിന്റെ തല്‍സ്വരൂപം കാട്ടിത്തുടങ്ങുകയും ഏതാണ്ട് കുത്തുപാളയെടുക്കുകയും ചെയ്തു. പിന്നെ അതിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയല്ലാതെ നിവൃത്തിയില്ലല്ലൊ.

1948 ല്‍ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് റെയില്‍വേ സ്വകാര്യ വല്‍ക്കരണത്തിന്റെ വഴി സ്വീകരിച്ചത് ഏതാണ്ട് നാലര ദശകങ്ങള്‍ക്ക് ശേഷമാണ്. 1994 ല്‍ ബ്രിട്ടീഷ് റെയില്‍വേ വെട്ടിപ്പൊളിച്ച് 25 ഓപറേറ്റിങ് കമ്പനികളെ ഏല്‍പ്പിച്ചു കൊടുത്തെങ്കിലും, പശ്ചാത്തല സൗകര്യങ്ങള്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തിരുന്നില്ല. അത് റെയില്‍ ട്രാക്ക് എന്ന പേരിലുള്ള മറ്റൊരു കമ്പനിയെയാണ് ഏല്‍പ്പിച്ചത്. റെയില്‍ ട്രാക്ക് ഏറെക്കഴിയാതെ ട്രാക്ക് തെറ്റുകയും കുത്തുപാളയെടുക്കുന്ന അവസ്ഥയെത്തുകയും ചെയ്തു. അവിടെയും സര്‍ക്കാറിന് ഇടപെടേണ്ടി വന്നു. റെയില്‍ ട്രാക്കിന്റെ കഥ കഴിഞ്ഞു. ഇപ്പോഴത് പൊതു ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക് റെയിലായി മാറി.

ബ്രിട്ടീഷ് ജനതയെ അനുഭവം പഠിപ്പിക്കുന്നത്, തങ്ങളുടെ റെയില്‍വെ പഴയപടി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുക മാത്രമാണ് രക്ഷ എന്നാണ്. 2020 ഓടെ അതിന് ലക്ഷ്യമിടുകയാണ് ലേബര്‍ പാര്‍ട്ടി തലവന്‍ ജെറമി കോര്‍ ബിന്‍.

ഈ ലോകാനുഭവങ്ങളൊന്നും അറിയാത്ത മട്ടിലാണ് പഴയ ചിക്കാഗോ ബോയ്‌സ് പറഞ്ഞതില്‍ പടി ബിബേക് ദേബ്‌റോയ് കുറിപ്പടി തയാറാക്കിയത്. പൊതുമേഖല എന്നത് ഒരശ്ലീല പദമാണല്ലൊ വാഷിങ്ങ്ടണ്‍ സമവായത്തിന്റെ വക്താക്കള്‍ക്ക്. എല്ലാം തൂക്കി സ്വകാര്യ മുതലാളിമാര്‍ക്ക് പാട്ട വിലക്ക് പതിച്ചു കൊടുക്കുക എന്നതാണ് പ്രമാണം.

അതനുസരിച്ച് തയാറാക്കിയ ബിബേക് ദേബ്‌റോയ് റിപ്പോര്‍ട്ട് പറഞ്ഞ ഒരു കാര്യം “പാഴായി കിടക്കുന്ന ” റെയില്‍വേ ഭൂമി വാണിജ്യാവശ്യത്തിന് പതിച്ചു കൊടുക്കണമെന്നാണ്. അക്കമിട്ട് പറയുന്നുണ്ട് 23 റെയില്‍വെ സ്റ്റേഷനുകളുടെ പേര്. മുഖം മിനുക്കി പൊട്ടും പൗഡറും റൂഷുമണിയിച്ചൊരുക്കാന്‍ പ്രാപ്തിയുള്ള വന്‍ കമ്പനികളുടെ ഭാവനക്കൊത്ത വിധം രൂപകല്‍പ്പന ചെയ്യുന്ന രമ്യഹര്‍മ്യങ്ങളാവുമത്രെ ഇനിമേല്‍ റെയില്‍വേ സ്റ്റേഷനുകള്‍. ലോക മാന്യതിലകിനും താനെക്കും വിശാഖപട്ടണത്തിനും ഹൗറക്കും ചെന്നൈക്കുമൊപ്പം കേരളത്തില്‍ നിന്ന് കോഴിക്കോട് സ്റ്റേഷന്‍ കൂടി ഉള്‍പ്പെടുമത്രെ ലിസ്റ്റില്‍.

നാലര ഏക്കറിലേറെ ഭൂമിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ചുറ്റും പച്ചപിടിച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നതത്രെ. വെറുതെ തണല്‍ വിരിച്ചും ആരാന്റെ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്തും കാല്‍ കാശിനുപയോഗമില്ലാതെ കിടക്കുന്ന പാഴ് സ്ഥലം വെട്ടി വെടിപ്പാക്കി കെട്ടിടം വെച്ച് കൂട്ടപ്പനാക്കാനാണത്രെ നീക്കം.

ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പതിച്ചു കൊടുത്താല്‍ ട്രാക്ക് വികസനത്തിനും ഭാവിയിലെ മറ്റാവശ്യങ്ങള്‍ക്കും എവിടെ പോകും എന്ന ചോദ്യത്തിന് ഒരുത്തരവുമില്ല. ദക്ഷിണേന്ത്യയില്‍ ചെന്നൈ കഴിഞ്ഞാല്‍ പിന്നെ കോഴിക്കോടിനെ മാത്രമേ പട്ടികയില്‍ പെടുത്തിയിട്ടുള്ളുവത്രെ. അത് തന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സ്ഥലം എം.പി പത്ര സമ്മേളനം വിളിച്ചും അല്ലാതെയും വന്‍ പ്രചാരണം അഴിച്ചുവിടുകയാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് തന്നെ കോഴിക്കോടിനെ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഷനാക്കാനുള്ള പണി തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു.

സ്വകാര്യവല്‍ക്കരണ കാര്യത്തില്‍ യു.പി.എ യും ബി.ജെ.പിയും തമ്മില്‍ ഒരഭിപ്രായ വ്യത്യാസവും തര്‍ക്കവുമില്ലല്ലോ. അതു കൊണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവളത്തിന്റെ മട്ടില്‍ വന്‍ വ്യാപാര സമുച്ചയമായി മാറുമെന്നും അവിടേക്ക് തിരൂരില്‍ നിന്നും വടകരയില്‍ നിന്നുമൊക്കെ ആളുകള്‍ ഒഴുകിയെത്തുമെന്നുമാണ് എം.പി പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് ജനങ്ങളെ അറിയിച്ചത്.

സാമൂതിരിയുടെ നാടായിരുന്നല്ലോ കോഴിക്കോട്. പാണ്ടികശാല കെട്ടാനുള്ള അനുവാദത്തിനാണ് മുമ്പ് സായ്പ് രാജാവിനെ മുഖം കാണിച്ചത്. പാണ്ടികശാലയുടെ ആധുനിക രൂപമാണ് ഷോപ്പിങ്ങ് മാളുകള്‍. ഏതായാലും സാമൂതിരിക്ക് പണ്ട് പറ്റിയ തെറ്റ് തങ്ങള്‍ക്ക് പറ്റില്ല എന്നു തന്നെയാണ് കോഴിക്കോട്ടുകാര്‍ കക്ഷിരാഷ്ട്രീയാതീതമായി തീരുമാനിച്ചിരിക്കുന്നത്.

ഈ കാട്ടു കൊള്ളയെ, തൂക്കി വില്‍പ്പനയെ യാതൊരു വിധത്തിലും വെച്ചുപൊറുപ്പിക്കില്ല എന്നു തന്നെയാണ് കോഴിക്കോട്ടെ പൗരാവലി പ്രഖ്യാപിച്ചത്. നാല്‍ കോയിലും നെയ്‌വേലി ലിഗ്‌നൈറ്റിലുമൊക്കെ ഉയര്‍ന്നു വന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റി മറിക്കാനായ അനുഭവം മുന്നിലുണ്ട്. പൊതുമുതല്‍ കുത്തിച്ചോര്‍ത്തുന്ന വന്‍ കൊള്ളക്കെതിരെയുള്ള ജനകീയ ഐക്യനിര വളരുക തന്നെയാണ്.