ശ്രീമതി ഗാന്ധിയുടെ കാലത്ത് ഭക്തശിരോമണികള്‍ പറഞ്ഞവതരിപ്പിച്ച തോതിലും നിലയിലും അല്ലെങ്കിലും, ഇന്ദിരയ്ക്ക് ഇന്ത്യ എന്ന ഒരു വികാരമുണ്ടായിരുന്നു, ഒരു ആലോചനയുണ്ടായിരുന്നു. ഇന്നത്തെ പോലെ പഴകിപ്പൊളിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം അല്‍പമായെങ്കിലും ആയമ്മയില്‍ അവശേഷിച്ചിരുന്നു
സ്ലോ ഗണ്‍ / എ.കെ രമേശ്
വോട്ടോ? ജനാധിപത്യത്തിലോ? ചോദിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ഗാന്ധിജിയുടേതിനല്ല, ശ്രീമതി ഗാന്ധിയുടെ കോണ്‍ഗ്രസിനേ അങ്ങനെ ചോദിക്കാനാകൂ എന്ന് നമുക്ക് അറിയാം.
കോടതിയോ, എനിയ്ക്ക് നേരയോ, പിന്നെന്ത് നീതിന്യായ വ്യവസ്ഥ എന്നായിരുന്നു അന്നത്തെ ചോദ്യം. അങ്ങനെയാണ് ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്ന ഇന്ത്യ എന്ന ഒരു അവസ്ഥയിലേക്ക് ഇന്ത്യ നയിക്കപ്പെട്ടത്.[]
അന്ന് കോണ്‍ഗ്രസിന് അതിനാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുമകള്‍ നേതൃത്വം കൊടുക്കുന്ന കാലത്ത് പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. എന്നുവെച്ച് ഒറ്റയടിക്ക് അതങ്ങനെ സമ്മതിച്ച് കൊടുക്കാനാവുമോ എന്നത് തന്നെയാണ് കാര്യം.
ശ്രീമതി ഗാന്ധിയുടെ കാലത്ത് ഭക്തശിരോമണികള്‍ പറഞ്ഞവതരിപ്പിച്ച തോതിലും നിലയിലും അല്ലെങ്കിലും, ഇന്ദിരയ്ക്ക് ഇന്ത്യ എന്ന ഒരു വികാരമുണ്ടായിരുന്നു, ഒരു ആലോചനയുണ്ടായിരുന്നു. ഇന്നത്തെ പോലെ പഴകിപ്പൊളിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കം അല്‍പമായെങ്കിലും ആയമ്മയില്‍ അവശേഷിച്ചിരുന്നു.
അത്‌കൊണ്ടാണെല്ലോ 1973 ല്‍ ഐക്യരാഷ്ട്ര സഭയില്‍ നവലോക സാമ്പത്തികക്രമത്തിന് വേണ്ടിയുള്ള വാദമുയര്‍ന്നപ്പോള്‍, അതിന്റെ മുന്നില്‍ ഇന്ത്യ തിളങ്ങി നിന്നത്. ഏഴാം കപ്പല്‍പട കാട്ടി പേടിപ്പിച്ച അമേരിക്കന്‍ കണ്ണുരുട്ടലിന് വഴങ്ങാതെ ബംഗ്ലാദേശിലെ വിമോചനപ്പോരാളികള്‍ക്കൊപ്പം ഇന്ത്യ ജ്വലിച്ച് നിന്നത!
അവര്‍ ഇന്ദിരാജിയുടെ സുഹൃത്തായിരുന്ന അറാഫത്തിന്റെ പിന്‍ഗാമികളെ കൊന്ന് തീര്‍ക്കുന്ന ഇസ്രായേലികളോട് എന്ത് വേഗതയിലാണ് കൈകോര്‍ക്കുന്നത്!
എന്നാല്‍ ഇപ്പോള്‍ തോണി മറിഞ്ഞപ്പോള്‍, പുറംഭാഗം തന്നെയാണ് നല്ലതെന്ന് കണ്ടെത്താന്‍ ഇന്ത്യക്കും സോണിയക്കും ഒരു കുഴപ്പവുമില്ല. നവലോക സാമ്പത്തിക ക്രമത്തിന്റെ വക്താക്കള്‍ സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിന്റെ അപ്പോസ്തലന്മാരായി മാറിയത് എത്ര പെട്ടന്നാണ്.
അവര്‍ ഇന്ദിരാജിയുടെ സുഹൃത്തായിരുന്ന അറാഫത്തിന്റെ പിന്‍ഗാമികളെ കൊന്ന് തീര്‍ക്കുന്ന ഇസ്രായേലികളോട് എന്ത് വേഗതയിലാണ് കൈകോര്‍ക്കുന്നത്!
സ്വാതന്ത്ര്യാനന്തര ഭാരതം ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ആക്രമണത്തില്‍ നിന്നും നാട്ടിലെ ജനങ്ങളേയും വിഭവങ്ങളേയും സംരക്ഷിക്കാനായി പണിതുയര്‍ത്തിയ രക്ഷാവാള്‍വുകള്‍ ഓരോന്നോരോന്നായി എത്രപെട്ടന്നാണ് അവര്‍ ഊരിയെറിയുന്നത്!
ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്ത് കര്‍ശനമായി നടപ്പാക്കിയിരുന്ന ഫെറ ആക്ട് എത്രവേഗത്തിലാണ് പൊളിച്ചെഴുതപ്പെട്ടത്. ഫെറ (FERA – Foreign Exchange Regulation Act) ഫെമ (FEMA – Foreign Exchange Management Act) യായി മാറിയത് എത്ര അനായാസമായാണ്! അതിന് പിന്നില്‍ ഒരൊറ്റക്കാര്യമായിരുന്നു, “റ” പോയി “മ” വന്നതിന് പിന്നിലെ രഹസ്യം “റ” യില്‍ നിയന്ത്രണമുണ്ട് എന്നതായിരുന്നു.
റെഗുലേഷന്‍ എന്ന വാക്ക് മാറ്റി മാനേജ്‌മെന്റ് എന്ന സ്ലിപ്പ് ഒട്ടിച്ച് വെക്കുകയായിരുന്നു. റഗുലേഷനും കണ്‍ട്രോളുമെന്നും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പഥ്യമല്ല. അവരാല്‍ നയിക്കപ്പെടുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ മാറ്റം ആവശ്യപ്പെട്ടു.
ഭരണാധികാരികള്‍ നിയന്ത്രണങ്ങള്‍ മാത്രമല്ല നിയന്ത്രണമെന്ന വാക്ക് തന്നെ വെട്ടിമാറ്റി. അങ്ങനെയാണ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പോര്‍ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സിന് പല്ല് പോയത്! കണ്‍ട്രോള്‍ എന്ന വാക്ക് മാറ്റണം- നിര്‍ദേശം വന്നു. മാറ്റി. തസ്തിക പേര് പുതുക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്!
അങ്ങനെ എല്ലാ നിയന്ത്രണവുമെടുത്ത് കളയുന്ന കാലത്ത് ചില്ലറ വില്‍പ്പനമേഖലയില്‍ മാത്രമായി എന്ത് നിയന്ത്രണമാണ് വിദേശനിക്ഷേപത്തിന് വെക്കുക എന്നായിരുന്നു സര്‍ക്കാറിന്റെ ചോദ്യം.
ഒരു വോട്ടെടുപ്പുമില്ലാതെ തങ്ങളെ പോലുള്ളവര്‍ക്ക് നേതാക്കളാവാമെങ്കില്‍ പിന്നെ പാര്‍ലമെന്റില്‍ എന്ത് വോട്ടെടുപ്പ് എന്ന് തന്നെയാണ് അവര്‍ ചോദിക്കുന്നത്. സ്വന്തം ജീവിതാനുഭവം മുന്‍നിര്‍ത്തി ഇക്കാര്യം ശക്തമായി വാദിക്കാന്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കും ആവും.
സംഗതി പാര്‍ലമെന്റ് തള്ളിയാല്‍ സര്‍ക്കാരിന് തുടരാനാവില്ല. എങ്കില്‍ പിന്നെ ഈ പാര്‍ലമെന്റ് തന്നെ വേണ്ടെന്ന് വെക്കാനുള്ള ശക്തി ഇന്ദിരാജിയുടെ മരുമക്കള്‍ക്കും കൂട്ടര്‍ക്കുമില്ലല്ലോ. അത് കൊണ്ട് മാത്രമാണ് പാര്‍ലമെന്റ് സ്തംഭിക്കാന്‍ ഇടയായത്. അല്ലായിരുന്നുവെങ്കില്‍ പാര്‍ലമെന്റിന്റെ തന്നെ കഥ കഴിയേണ്ടതായിരുന്നു!
ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ മാത്രമേ വിദേശ നിക്ഷേപം അനുവദിക്കൂ എന്ന് 2011 ല്‍ ഉറപ്പ് നല്‍കിയത് ഇന്നത്തെ പ്രഥമ പൗരനാണ്. അത് പാലിക്കാതെയാണ് 51 ശതമാനം ഉടമസ്ഥതയും വിദേശനിക്ഷേപകര്‍ക്കാവാം എന്ന് ഉത്തരവിറക്കിയത്.
അക്കാര്യത്തില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടത്തണമെങ്കില്‍ വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയേ അനുവദിക്കൂ എന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍ നാഥ് പറയുന്നത്. വോട്ടെടുപ്പോ, അത് ജനാധിപത്യത്തിന് എതിരാവില്ലെ എന്നാണ് നാമനിര്‍ദേശത്തിലൂടെ നേതാക്കളായി ഉയര്‍ന്നുവന്ന ജനാധിപത്യ വിശ്വാസികളായ കോണ്‍ഗ്രസ് പ്രമാണിമാര്‍ ചോദിക്കുന്നത്.
ഒരു വോട്ടെടുപ്പുമില്ലാതെ തങ്ങളെ പോലുള്ളവര്‍ക്ക് നേതാക്കളാവാമെങ്കില്‍ പിന്നെ പാര്‍ലമെന്റില്‍ എന്ത് വോട്ടെടുപ്പ് എന്ന് തന്നെയാണ് അവര്‍ ചോദിക്കുന്നത്. സ്വന്തം ജീവിതാനുഭവം മുന്‍നിര്‍ത്തി ഇക്കാര്യം ശക്തമായി വാദിക്കാന്‍ തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കും ആവും.
അതിലേറെ യോഗ്യന്‍ ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി തന്നെയാണല്ലോ. പിന്നെന്ത് വോട്ടെടുപ്പ്!