ഫെബ്രുവരി 16 ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ട്രേഡ് യൂണിയന്‍ ഐക്യവേദിയും ഒന്നിച്ച് ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദും പണിമുടക്കവും കാറ്റ് പിടിക്കാന്‍ തുടങ്ങിയതോടെ, ഐക്യപ്രസ്ഥാനത്തില്‍ വിള്ളലുണ്ടാക്കാനായാണ് രാഷ്ട്രീയേതര സംയുക്തകിസാന്‍ മോര്‍ച്ച (SKM – NP) എന്ന പേരില്‍ ആര്‍.എസ്.എസ് അനുകൂലികളെ സംഘടിപ്പിച്ചു കൊണ്ട് ഫിബ്രുവരി 13 ന് ദല്‍ഹിയിലേക്ക് ഒരു ട്രാക്റ്റര്‍ റാലി സംഘടിപ്പിച്ചത്. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയ അനുഭവമാണ് ആര്‍.എസ്.എസിനുണ്ടായത്.
യുദ്ധസമാനമായ രീതിയില്‍ നിലയുറപ്പിച്ച പൊലീസ് പതിവു രീതിയില്‍ പ്രതികരിച്ചതോടെ സംഘപരിവാറുകാര്‍ തങ്ങള്‍ ആര്‍.എസ്.എസുകാരാണ് എന്ന കാര്യം മറന്നു. 13 ന്റെ സമരത്തില്‍ തങ്ങള്‍ ഇല്ലെങ്കിലും സമരം ചെയ്തവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട് എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞത്.
ശത്രു സൈന്യത്തോടെന്നവണ്ണം പ്രക്ഷോഭകരെ നേരിട്ട നടപടിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തുക കൂടി ചെയ്തതോടെ കര്‍ഷകര്‍ സ്വന്തം രക്തം തിരിച്ചറിഞ്ഞു. ശത്രുപക്ഷത്താണ് സര്‍ക്കാര്‍ എന്ന് അവരില്‍ പലര്‍ക്കും ബോധ്യപ്പെടുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാര്‍ ഉന്നമിട്ടത് ഫെബ്രുവരി 16 പ്രക്ഷോഭത്തെയാണ്.
ഫെബ്രുവരി 13 ലെ സമരത്തെ 16 ന്റെ പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള ഒരു മറയായാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ച 13 ന്റെ പരിപാടികളില്‍ കക്ഷിയല്ല എന്ന് പരസ്യ പ്രസ്താവനയിറക്കിയിട്ടും, അതിന്റെ നേതാക്കളെ പലേടത്തും അറസ്റ്റുചെയ്ത്
തടവിലിട്ടത് 13 ന്റെ സമരത്തിന്റെ പേരിലാണ്.
കിസാന്‍സഭാ നേതാവ് രാം നാരായണ്‍ കുരാരിയ അടക്കം മധ്യപ്രദേശില്‍ 5 എസ്.കെ.എം നേതാക്കളെ തടവിലടച്ചു. AIDWA നേതാവായ അഡ്വ. അഞ്ജനാ കുരാരിയയും കിസാന്‍ സംഘര്‍ഷ് സമിതി നേതാവ് അഡ്വ. ആരാധനാ ഭാര്‍ഗവയും ബി കെ യു ( ടിക്കായത്ത്) നേതാവ് അനില്‍ യാദവും എന്‍.എ.പി.എം നേതാവ് രാജ്കുമാര്‍ സിന്‍ഹയും സി.ആര്‍.പി.സി 151 ചുമത്തപ്പെട്ട് ജയിലിലാണ്.
കര്‍ഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങള്‍ മാത്രമല്ല സമരത്തിന് ആധാരമായി ഉന്നയിക്കുന്നത്. വന്‍കിട കുത്തകകളും ഭൂപ്രഭുക്കളും ഒഴികെയുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ദുരിതം സമ്മാനിക്കുന്ന നയങ്ങള്‍ക്കെതിരെയാണ് പോരാട്ടം.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷത്തെയും ഈ പ്രക്ഷോഭത്തില്‍ അണിനിരത്താനാവണം. സ്വന്തം പിള്ളാരെ മറ്റുള്ളവരില്‍ നിന്ന് ഇന്‍സുലേറ്റ് ചെയ്ത് കൂടെ നിര്‍ത്താനുള്ള സംഘപരിവാറിന്റെ പൊയ് വെടിയും പാഴായിരിക്കുന്നു.
അത്തരമൊരു സാഹചര്യത്തിലാണ് എല്ലാ ആയാറാമന്‍മാരെയും ഗയാറാമന്‍മാരെയും കാശ് കൊടുത്ത് വശത്താക്കി ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്.
എലക്ടറല്‍ ബോണ്ടും ഇ.വി.എമ്മും മാത്രം കൊണ്ട് ജയിച്ചുവരാനാവില്ല എന്ന തോന്നലാണ് ഏത് അണ്ടനെയും അടകോടനെയും താലപ്പൊലിയോടെ സ്വീകരിച്ചു കൊണ്ട് കാവി പുതപ്പിക്കുന്നതിലേക്ക് എത്തിക്കുന്നത്. ഓരോ സംയുക്ത പ്രക്ഷോഭവും അവരുടെ പാരനോയിയ വര്‍ദ്ധിപ്പിക്കുക തന്നെയാണ്.
Content highlight: AK ramesh Article on Farmers Protest