| Friday, 9th December 2016, 5:19 pm

നാം ക്യാഷ് ലെസ്സാവുമ്പോള്‍ ക്യാഷ് ഫുള്ളാവുന്നവര്‍ വേറെയുണ്ട് !

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വീഡനെപ്പോലെ, ഇന്ത്യയുമിതാ ക്യാഷ് ലെസ് ആവാന്‍ പോവുന്നുവെന്ന് സംഘപരിവാറുകാരാകെ നാടുനീളെ പറച്ചെണ്ട മുഴക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ക്യാഷ് ലെസ്സാണല്ലൊ നാമിപ്പോള്‍ത്തന്നെ എന്ന ചോദ്യമാണ് സ്വന്തം അക്കൗണ്ടിലിട്ട കാശ് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യക്കാരാകെ ചോദിക്കുന്നത്. ഇത് ആ ക്യാഷ് ലെസ്സല്ല; ലെസ് ക്യാഷാണ് എന്നാണ് മറുപടി.


വെങ്കയ്യ നായിഡുപറയുന്നത് കറന്‍സി രഹിത സമൂഹമാവാനുള്ള അവസരം ദൈവം കൊടുത്തയച്ചതാണെന്നാണ്. God sent എന്നാണ് പ്രയോഗം. (ഹിന്ദു പത്രം. ഡിസംബര്‍ 5)

അയച്ചത് ഹിന്ദു ദൈവം തന്നെയാണെങ്കിലും ഗുണം മതാതീതമായി വിതരണം ചെയ്യപ്പെടും എന്നൊരു ധ്വനിയുണ്ട് ആ പ്രസ്താവനയില്‍. കോര്‍പറേറ്റ് സി.ഇ.ഓ മുതല്‍ സാദാ ചെരിപ്പുകുത്തി വരെയുള്ളവരുടെ ജീവിതം മുമ്പൊന്നുമില്ലാത്ത വിധം നോട്ടു റദ്ദാക്കല്‍ നടപടിക്ക് ശേഷം മാറിപ്പോയിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ നാടുനീളെ ആ മാറ്റത്തെക്കുറിച്ച് പറഞ്ഞു നടക്കുന്നതിങ്ങനെയാണ്: നോക്കൂ, കാശ്മീരില്‍ പൊലീസിനും പട്ടാളത്തിനും നേരെ കല്ലുമായി പാഞ്ഞടുത്തവരൊക്കെ അപ്പണി നിര്‍ത്തിയിരിക്കുന്നു. തീവ്രവാദികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള കള്ളനോട്ട് കിട്ടാതായതാണ് കാരണം എന്നാണ് വാദം.

കല്ലെറിഞ്ഞവരൊക്കെ ക്യൂവിലായതാവാം യഥാര്‍ത്ഥ കാരണം. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ട്രക്കുകളിലെത്തുന്നതാണ് കള്ളനോട്ടുകള്‍ എന്നു പറയുന്നത് നമ്മുടെ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സും പട്ടാളവും അതിനെ നോക്കി നടത്താന്‍ ശമ്പളം വാങ്ങിക്കുന്ന ദേശരക്ഷാ മന്ത്രിയുമൊക്കെ ഒന്നിന്നും കൊള്ളാത്തവരാണെന്ന് സമ്മതിക്കുകയല്ലേ എന്ന ചോദ്യത്തിന് മറുപടിയുണ്ടാവില്ലല്ലോ ?

ഒറ്റ വെടിക്ക് മൂന്നു പക്ഷികളെ ചുട്ടു തിന്നാനാവുമെന്നും കരുതി കാഞ്ചി വലിച്ചെങ്കിലും അത് ചെന്നു കൊണ്ടത് സ്വന്തം നെഞ്ചിലായിപ്പോയതിന്റെ ജാള്യം മറയ്ക്കാനാണ് ഇപ്പോള്‍ ഒരു പുതിയ ലക്ഷ്യപ്രഖ്യാപനം നടത്തുന്നത്. നാടാകെ കറന്‍സി രഹിതമാക്കുമത്രെ! ദൈവം നേരിട്ട് മോഡിജിയുടെ നാക്കില്‍ തക്ക സമയത്ത് കയറി വന്ന് ഇക്കാര്യം തോന്നിപ്പിച്ചതാണ് എന്ന് തന്നെയാവണം വെങ്കയ്യ നായിഡു പറഞ്ഞതിനര്‍ത്ഥം.

മഹാമണ്ടത്തമെന്ന് നാടാകെയും ലോകം മുഴുക്കെയും ഒരേപോലെ തിരിച്ചറിഞ്ഞ ഒന്നാണ് നോട്ട് റദ്ദാക്കല്‍ നടപടി. ബുദ്ധിയുള്ള ഏതെങ്കിലുമൊരാള്‍ ചെയ്യുന്ന കാര്യമാണൊ സര്‍ക്കുലേഷനിലുള്ള കറന്‍സിയുടെ 86.4 ശതമാനവും ഒറ്റ രാത്രി കൊണ്ട് പിന്‍വലിക്കല്‍?

ബാക്കിയുള്ള 13.6 ശതമാനത്തില്‍ കെട്ടതും പുഴുത്തതും കീറിയതും നാറിയതുമായ നോട്ടുകളെല്ലാം പെടും.  അത്തരം നോട്ടുകളെല്ലാം കൂടിയൊന്നാകെ നമ്മുടെ കേന്ദ്ര ബാങ്ക്, ബാങ്കുകളിലേക്ക് തിരിച്ചെത്തിച്ചിട്ടും കറന്‍സിച്ചുരുക്കം കാരണം നാടാകെ നെട്ടോട്ടമോടിയതും ക്യൂവില്‍ നിന്ന് തളര്‍ന്നതും നൂറിലേറെപ്പേര്‍ ചത്തു വീണതുമൊക്കെ അപമാനക്കറ ചില്ലറയല്ല വരുത്തിവെച്ചത്.

തുഗ്ലക്ക് പോലും തോറ്റു പോവുന്ന മഹാ മണ്ടത്തമൊന്നായിപ്പോയെന്ന് സംശയരഹിതമായി ആരും സമ്മതിക്കുന്ന ആ വിവരദോഷത്തിന് എന്ത് കീര്‍ത്തി മുദ്രയാണ് നമ്മുടെ റിസര്‍വ് ബാങ്കിന് ലഭിക്കുക? ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍, കോമണ്‍സെന്‍സുള്ള ആരും ഉടന്‍ ചെയ്യുക നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍  വേണ്ടത്ര ലഭ്യമാക്കുകയാണ്.

അതിനു പകരം ഇറക്കിതോ, രണ്ടായിരത്തിന്റെ നോട്ടുകള്‍. അതും നീളവും വീതിയും മാറ്റിക്കൊണ്ട്. അതുകൊണ്ടുണ്ടായ ഗുണമാകട്ടെ, രാജ്യത്തെ രണ്ടു ലക്ഷത്തിലേറെ എ.ടി.എമ്മുകളോരോന്നും വെട്ടിപ്പൊളിച്ച് അവയിലോരോന്നിലും പുതിയ അറകള്‍ പണിയേണ്ടിവന്നു എന്നതു തന്നെ. ഒരു ചാര്‍ളി ചാപ്ലിന്‍ പടത്തിലെ കോമാളിത്തം തന്നെ. ലോകത്തെ കേന്ദ്രബാങ്കുകള്‍ക്കിടയില്‍ നമ്മുടെ റിസര്‍വ് ബാങ്കിനുണ്ടായിരുന്ന ഖ്യാതിയും തലയെടുപ്പും അതോടെ മാറിക്കിട്ടി.

എന്നിട്ടുണ്ടായതോ? റദ്ദാക്കിയ നോട്ടുകളുടെ 90 ശതമാനവും ബാങ്കുകളില്‍ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. അതിനര്‍ത്ഥം, വരും ദിവസങ്ങള്‍ തെളിയിക്കാന്‍ പോവുന്നത് നോട്ടു റദ്ദാക്കല്‍ ഒരു തരംതാണ രാഷ്ട്രീയ സ്റ്റണ്ട് ആണ് എന്നു തന്നെയാണ്. കള്ളപ്പണത്തിന്റെ 6ശതമാനം മാത്രമേ കറന്‍സിയിലുള്ളൂ എന്നു കാര്യ വിവരമുള്ളവര്‍ നേരത്തേ പറഞ്ഞതാണ്.

ബാക്കിയുള്ള 94 ശതമാനവും സ്വിസ് ബാങ്കിലും മറ്റു വിദേശ കേന്ദ്രങ്ങളിലുമായി അട്ടിവെച്ചിരിക്കുകയാണ്. അത് തൊട്ടാല്‍ കൈ പൊള്ളും. തൊട്ടാല്‍ പെടുക സ്വന്തം ബന്ധുമിത്രാദികള്‍ തന്നെയാണ്.  സ്വന്തം കൈയ്യിലുള്ള കള്ളപ്പണക്കാരുടെ ലിസ്റ്റ് നോക്കി നടപടി കൈക്കൊള്ളാത്ത മുന്‍ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ നടപ്പുപ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയെവിടെ എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്.

ഉത്തരം പറയുക വിഷമം തന്നെ. അപ്പോഴാണ് ദൈവം നേരില്‍ വന്ന് പ്രധാനമന്ത്രിയുടെ നാവില്‍ പ്രത്യക്ഷപ്പെടുന്നത്. നാടിനെ ക്യാഷ് ലെസ്സാക്കാനാണ് തങ്ങള്‍ ഈ നടപടി കൈക്കൊണ്ടത് എന്നൊരു പ്രഖ്യാപനം നടത്തി നൂറിലേറെപ്പേരുടെ മരണത്തിനും നാട്ടിനാകെയുണ്ടായ ക്ലേശത്തിനും കൈയ്യും കെട്ടി ഉത്തരം പറയാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമം.

പക്ഷേ അപ്പോഴും ഉത്തരം പറയേണ്ട ചോദ്യങ്ങളേറെയാണ്. ആരെ സഹായിക്കാനാണ് ഈയൊരു ദിശയിലുള്ള നീക്കം? അതും ഇത്ര പെട്ടെന്ന് ? എന്തുകൊണ്ട്?

അടുത്തപേജില്‍ തുടരുന്നു

നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷം ഡിജിറ്റല്‍ കാശ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ അത്യധികം വഴികാട്ടിയായിരുന്നുവെന്ന് അതീവസന്തുഷ്ടനായിക്കൊണ്ട് പേ.ടി.എം എന്ന പേമെന്റ് ബാങ്കിന്റെ അധിപന്‍ വിജയ് ശേഖര്‍ ശര്‍മ്മ പ്രസ്താവന പുറപ്പെടുവിച്ചത് മിനഞ്ഞാന്നാണ്.

പുതിയ ഇനം ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചിട്ടേയുള്ളൂ; അത് തുടങ്ങുന്നതിന് മുമ്പ് തന്നെ വന്‍ ലാഭപ്രതീക്ഷയും തജ്ജന്യമായ ആഹ്ലാദാതിരേകവും തുടങ്ങിക്കഴിഞ്ഞു. വായ്പ കൊടുക്കാന്‍ അനുവാദമില്ലാത്ത ബാങ്ക് എന്തു ബാങ്കാണെന്ന് സംശയിച്ചവരുണ്ട്.

പക്ഷേ വിജയ് ശേഖര്‍ ശര്‍മ്മക്കും ടാറ്റക്കുമൊന്നും അന്ന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. ലൈസന്‍സ് കൊടുക്കാന്‍ ശുപാര്‍ശ ചെയ്ത നചികേത് മോറിനും ഉറപ്പായിരുന്നു വരാനിരിക്കുന്ന ദിവസങ്ങള്‍ ഡിജിറ്റല്‍ പേമെന്റിന്റെ കാലമാണെന്ന്. അത് നന്നായറിയാവുന്നതുകൊണ്ടാണ് ടാറ്റ ആ ഈവാലറ്റ് കമ്പനിയില്‍ മുതല്‍ മുടക്കിയത്.

അത്തരമൊരു കമ്പനിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത് ചൈനീസ് കമ്പനിയായ അലി ബാബാ ഗ്രൂപ്പാണെന്ന് ചീനാ വിരുദ്ധ ജ്വരം കൊണ്ട് ഉറഞ്ഞു തുള്ളുന്ന ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനറിയാത്തതുമല്ല. (പേ.ടി.എമ്മും ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ അലി ബാബാ ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ പഠനം നടത്തിവരികയാണ് എന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പ്രസ്താവിച്ച വിവരം എക്കണോമിക് ടൈംസ് പ്രസിദ്ധപ്പെടുത്തിയിരുന്നു.)

വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടി എം മാത്രമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസും ആദിത്യ ബിര്‍ളാ നുവാേയും എയര്‍ടെല്‍ എം കോമേഴ്‌സും വോഡഫോണ്‍ എം പെസയുമൊക്കെ പേമെന്റ് ബാങ്ക് ലൈസന്‍സ് ഇതിനകം കൈ വശത്താക്കിയിട്ടുണ്ട്.

നമ്മുടെ ദരിദ്ര നാരായണരായ പാവപ്പെട്ട ഗ്രാമീണരെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കാനാണ് ഇമ്മാതിരിയൊരു പുതു ബാങ്ക് തുറക്കുന്നതെന്നായിരുന്നു പ്രചാരണം. എയര്‍ടെല്‍ പോലുള്ള പ്രീപെയ്‌മെന്റ് ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ മുന്‍കൂറായി വാങ്ങി വെക്കുന്ന കാശിന് പലിശ വാങ്ങിച്ചു കൊടുക്കാന്‍ വേണ്ടിയാണ് അവയെ ബാങ്കായി മാറ്റുന്നതെന്നും അന്നൊരു ന്യായം പറഞ്ഞിരുന്നു.

അതാണ് കാര്യമെങ്കില്‍, അത്തരം കമ്പനികള്‍ അഡ്വാന്‍സായി വാങ്ങി വെക്കുന്ന കാശിന് പലിശ നല്‍കണം എന്ന ഒറ്റ ഉത്തരവ് വഴി പരിഹരിക്കാനാവുന്നതല്ലേയുള്ളൂ വിഷയം എന്ന ചോദ്യത്തിന് അന്ന് മറുപടി പറയാന്‍ നിന്നിട്ടില്ല വമ്പന്മാരാരും.

ജന്മ നാളില്‍ത്തന്നെ ഇങ്ങനെ  ഒരുപാട് ചോദ്യങ്ങളവശേഷിപ്പിച്ച ഈ പുതുജനുസ്സ് ബാങ്കുകളെ സംശയദൃഷ്ടിയോടെ നോക്കിക്കണ്ടവര്‍ക്ക് തെറ്റിയില്ല എന്നു തന്നെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം തെളിയിക്കുന്നത്.

നാസിക്കിലും ദേവാസിലും മൈസൂരും സല്‍ബോണിയിലുമുള്ള കറന്‍സി പ്രസ്സുകളിലെല്ലാം ഒറ്റ സെക്കന്റ് വിശ്രമമില്ലാതെ 3 ഷിഫ്റ്റ് ജോലി ചെയ്യിച്ചാലും ഏഴു മാസത്തിലേറെക്കാലമെടുക്കും നമുക്ക് അത്യാവശ്യത്തിനു വേണ്ട നോട്ട് അച്ചടിച്ചു തീരാന്‍. അമ്പതു ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തന്നെ തൂക്കിലേറ്റിക്കൊള്ളാനാണ് പ്രധാനമന്ത്രി കാര്യമറിയാതെ പറഞ്ഞു പോയത്.

അത്തരമൊരവസ്ഥയില്‍ പിന്നെ ചെയ്യാനുള്ള ഏക കാര്യം ആദ്യം പറഞ്ഞത് മറക്കാനനുവദിക്കുകയാണ്. അക്കൗണ്ടിലെത്തിച്ചു കൊടുക്കാമെന്നേറ്റ 15 ലക്ഷത്തിന്റെ കണക്കും കണ്ടെത്തി പിടിച്ചെടുക്കുമെന്നു പറഞ്ഞ കള്ളപ്പണത്തിന്റെ കാര്യവുമൊക്കെ മാറ്റിവെച്ച് പുതിയൊരിനം വെച്ച് പകിടകളി ആരംഭിക്കുകയാണ്.

തന്റെ ലക്ഷ്യം ക്യാഷ് ലെസ് എക്കണോമിയാണ് എന്ന് പ്രഖ്യാപിച്ച് ശ്രദ്ധ തിരിച്ചുവിടുക; അതിനുള്ള പരിശ്രമത്തിനിടയില്‍ റിലയന്‍സിനും വോഡാഫോണിനും എയര്‍ടെല്ലിനും ബിര്‍ളക്കുമൊക്കെ നേട്ടം കൊയ്യാന്‍ അവസരമൊരുക്കുക. അവിടെയും ഉദ്ദേശിച്ചത് ഒറ്റ വെടിക്ക് ഇരട്ടപ്പക്ഷികള്‍ തന്നെ.

സ്വീഡനെപ്പോലെ, ഇന്ത്യയുമിതാ ക്യാഷ് ലെസ് ആവാന്‍ പോവുന്നുവെന്ന് സംഘപരിവാറുകാരാകെ നാടുനീളെ പറച്ചെണ്ട മുഴക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ക്യാഷ് ലെസ്സാണല്ലൊ നാമിപ്പോള്‍ത്തന്നെ എന്ന ചോദ്യമാണ് സ്വന്തം അക്കൗണ്ടിലിട്ട കാശ് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യക്കാരാകെ ചോദിക്കുന്നത്. ഇത് ആ ക്യാഷ് ലെസ്സല്ല; ലെസ് ക്യാഷാണ് എന്നാണ് മറുപടി.

ആപ്പുണ്ടല്ലൊ യഥേഷ്ടം, ഒന്നെടുത്തോളൂ പിന്നെയെന്ത് പ്രശ്‌നം എന്നാണ് ചോദ്യം. ചോദിക്കുന്നത് എഴുതാനും വായിക്കാനറിയാത്ത പാവം ഗ്രാമീണ കര്‍ഷകനൊടും കൂലിപ്പണിക്കാരനോടുമാണ്. നീതി ആയോഗിന്റെ തലവന്‍ പറയുന്നത്, പാസ്‌വേഡ് തന്നെ വേണ്ടതില്ലാത്ത, കൃഷ്ണമണിയുടെയും കൈ വിരലടയാളത്തിന്റെയും പിന്‍ബലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന തരം പുതിയ ഫോണുകള്‍ ഉണ്ടാക്കാനാവുമോ എന്നു നോക്കുമെന്നാണ്.

ആകട്ടെ, ഫോണുമായി വന്നാലോ? ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ കഥയെന്താണ്? ട്രായ് പറയുന്ന കണക്കനുസരിച്ച് ഇന്റര്‍നെറ്റ് പെനിട്രേഷന്‍ 27 ശതമാനമാണിവിടെ. എന്നു വച്ചാല്‍ 91.2 കോടി ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനില്ല. ഇക്കാര്യത്തില്‍ ആഗോള ശരാശരി 67 ശതമാനമാണത്രെ.നൈജീരിയയുടെയും കെനിയയുടെയും ഘാനയുടെയും ഇന്തോനേഷ്യയുടെയും പിന്നിലാണ് ഇന്ത്യ എന്നതാണ് വസ്തുത.

102 കോടി മൊബൈല്‍ ഫോണുകളുണ്ടിവിടെ എന്നാണ് ഉദ്ധരിക്കപ്പെടുന്ന കണക്ക്. അതില്‍ 15 ശതമാനം മാത്രമാണേ്രത ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവ.

അടുത്തപേജില്‍ തുടരുന്നു

കാശെന്തിന് കൈയ്യില്‍ കരുതുന്നു, സൈ്വപ്പ് ചെയ്താല്‍ സാധനം വാങ്ങാമല്ലോ ,പിന്നെന്തു വിഷമം എന്നാണൊരു ചോദ്യം. ഈയ്യിടെ മീഡിയാവണ്ണില്‍ നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രേക്ഷകനായുണ്ടായിരുന്ന മത്സ്യക്കച്ചവടക്കാരന്‍ നോട്ടില്ലാത്തതു കൊണ്ട് കച്ചവടം കുറയുന്ന കാര്യം പറഞ്ഞു തീരും മുമ്പേ ബി.ജെ.പി നേതാവ് ചോദിച്ചത് ഒരു സൈ്വപ്പിങ്ങ് മെഷിന്‍ വാങ്ങി വെച്ചു കൂടെ എന്നാണ്.

മീന്‍കാരന്‍ ബീരാനിക്കാക്ക് സൈ്വപ്പിങ് മെഷിന്‍ ഇല്ലാത്തതു കൊണ്ട് ചെക്കനുച്ചക്ക് മീന്‍ പൊരിച്ചു കൊടുക്കാനായി ഓടുകയാണയാള്‍, റിലയന്‍സ് ഫ്രെഷിലേക്ക് എന്നായിരുന്നു എന്റെ പ്രതികരണം. ഇത് മീന്‍കാരന്റെ മാത്രം പ്രശ്‌നമല്ല. ക്യാഷ് ലെസ്സാവുന്നതോടെ ചെറുകിട ഇടത്തരം കച്ചവടക്കാരുടെ ഇടങ്ങേറ് ഒഴിവായി കിട്ടും എന്നൊരു പാര്‍ശ്വഫലം കൂടി അതിനുണ്ട്.

ഇവിടെയാണ് മുമ്പ് വാള്‍മാര്‍ട്ട്, അവന്‍ പറഞ്ഞ കാര്യം കൂട്ടി വായിക്കേണ്ടത്. ഇന്ത്യയില്‍ പ്രവേശനം കിട്ടാനായി ലോബീയിങ്ങിന് 25 ബില്യണ്‍ ചെലവായ കഥ! പ്രതിപക്ഷത്തിരുന്നപ്പോള്‍ ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം പാടില്ലെന്ന് വാദിച്ചവര്‍ അധികാരത്തിലേറിയപ്പോള്‍ ലോബീങ്ങില്‍ പെട്ടതിന്റെ പ്രത്യക്ഷ ലക്ഷണം ഇങ്ങനെയൊക്കെയാണ് കൊണ്ടറിയുക.

ഇനി സൈ്വപ്പിങ്ങ് മെഷിന്റെ കാര്യമെടുത്താലോ? 10 ലക്ഷം ഇന്ത്യക്കാര്‍ക്ക് 856 യന്ത്രമാണ് ഇന്ത്യയിലുള്ളത് എന്നാണ് ആര്‍.ബി.ഐ 2016 ആഗസ്റ്റില്‍ കൊടുത്ത കണക്ക്. 2017 മാര്‍ച്ച് ആവുന്നതിനു മുമ്പു തന്നെ 10 ലക്ഷം പോയന്റ് ഓഫ് സെയില്‍സ് ടെര്‍മിനലുകള്‍ സ്ഥാപിക്കണമെന്ന് ബാങ്കുകളോട്  കേന്ദ്രം നിര്‍ദേശിച്ചതായി ഇന്നലെയാണല്ലൊ പത്രവാര്‍ത്ത വന്നത്! (തൂറാന്‍ നേരം കണ്ടം തിരയുക എന്നാണ് ഇതിന്റെ നാടന്‍ ഭാഷ)

ഏണസ്റ്റ് &യങ്ങിന്റെ ഒരു കണക്കനുസരിച്ച് ബ്രസീലില്‍ പത്തുലക്ഷം പേര്‍ക്കുള്ള സൈ്വപ്പിങ്ങ് യന്ത്രത്തിന്റെ കണക്ക് 32,995 ആണ്.ഇന്ത്യയിലുള്ളതിന്റെ 39 ഇരട്ടിയാണ് ഈ മൂന്നാം ലോകരാജ്യത്ത് എന്നര്‍ത്ഥം. വികസിത സമ്പന്ന രാജ്യങ്ങളിലെ സ്ഥിതി ഇതിലുമെത്രയോ മുകളിലാണ്. ഇത്ര താഴെ നിന്നാണ് നാം സ്വീഡനെപ്പോലെയാവും എന്ന് മേനിപറയുന്നത്. തവള മസില്‍ പിടിച്ച് ആനയെ തോല്‍പ്പിച്ചു കളയും എന്ന് വീമ്പിളക്കുന്നതു പോലെ!

ഇതത്രയും സ്ഥാപിച്ചു കഴിഞ്ഞാലോ? സാധാരണ ഉപഭോക്താവിനുണ്ടാവുന്ന ഗുണമെന്തെന്ന് കൈയ്യില്‍ കാശില്ലാത്തതു കൊണ്ട് കാര്‍ഡുരച്ച് പെട്രോള്‍ വാങ്ങിയവര്‍ക്ക് ഈയ്യിടെ മനസ്സിലായിത്തുടങ്ങി. ഒരുരസലിന് 46 രൂപ. ട്രെയിന്‍ ടിക്കറ്റും ഉരസി വാങ്ങാം. അധികച്ചെലവ് എസി ടിക്കറ്റല്ലെങ്കില്‍ 26 രൂപയും ചില്ലറയും.

പ്ലാസ്റ്റിക് മണിയിലേക്ക് നാട് വളരുമ്പോള്‍ കോരന്റെ കീശക്ക് ഓട്ടവീഴുന്നുവെന്ന്! നോട്ടടിക്കാന്‍ സര്‍ക്കാറിന് കാശില്ലാത്തതു കൊണ്ട് അതിന്റെ ചെലവ് നാട്ടുകാരില്‍ നിന്നീടാക്കാമെന്ന്!

ആകട്ടെ, നാടിനു വേണ്ടിയല്ലേ, സര്‍ക്കാറിന് കാശില്ലാഞ്ഞല്ലേ, കൊടുത്തേക്കാമെന്നു വെച്ചാലോ? നാട്ടാരായ നാട്ടാരെല്ലാം കച്ചവടം കാര്‍ഡ് വഴിയാക്കിയാലോ? കാശ് മാത്രമല്ല, ഉറക്കവും പോയിക്കിട്ടും എന്നതാണനുഭവം. 32 ലക്ഷം കാര്‍ഡാണ് ഈയ്യിടെ സ്റ്റേറ്റ് ബാങ്ക് പിന്‍വലിച്ചത്. കാര്‍ഡിന്റെ സകലമാന ഡാറ്റയും, എന്നു വെച്ചാല്‍ ആളുടെ പേര്, അച്ഛന്റെ പേര്, ജനനത്തിയതി, പാസ്‌വേഡ് തുടങ്ങി സകലമാന വിവരങ്ങളും മോഷ്ടിക്കപ്പെട്ടു പോയതു കൊണ്ട് കാര്‍ഡ് തന്നെ റദ്ദാക്കിക്കളയുകയായിരുന്നു ബാങ്ക്.

ഇതാണ് നമ്മുടെ ഇന്റര്‍നെറ്റ് സുരക്ഷിതത്വം .തിരുവനന്തപുരത്തെ എസ്.ബി.ഐ എ.ടി.എമ്മിനകത്തു കയറി അതിനുള്ളില്‍ ഒരു യന്ത്രം സ്ഥാപിച്ച് രഹസ്യം ചോര്‍ത്തി തട്ടിപ്പ് നടത്തി നാട് വിട്ട റൊമേനിയക്കാര്‍ കളിയാക്കിച്ചിരിച്ച് ചോദിച്ചത്, ഒരു പാവം വാച്ച്‌മേന് കൂലി കൊടുക്കാന്‍ മടിച്ചതുകൊണ്ടല്ലേ ഇങ്ങനെ നാണംകെട്ടത് എന്നായിരുന്നല്ലോ അത്തരമൊരു നാട്ടില്‍ എന്തും വിശ്വസിച്ചാണ് കാശിനു പകരം കാര്‍ഡാക്കാം എന്ന് നാട്ടാര്‍ കരുതുക ?

ബാങ്കിലിട്ട സ്വന്തം സമ്പാദ്യം തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍, നാട്ടില്‍ ചില കള്ളപ്പണക്കാരുണ്ടെന്നും പറഞ്ഞ് കാശ് പിന്‍വലിക്കാന്‍ സമ്മതിക്കാത്ത ഒരു സര്‍ക്കാറുള്ള രാജ്യത്ത്, ഇനി കാര്‍ഡ് വഴിയേ കാര്യം നടക്കൂ എന്ന കല്‍പ്പന വരാനും ഇടയുണ്ടല്ലോ. അങ്ങനെ പ്ലാസ്റ്റിക് മണി പ്രോത്സാഹിപ്പിച്ചാലെ തങ്ങളുദ്ദേശിക്കുന്ന പല കാര്യങ്ങളും  റീട്ടെയില്‍ മേഖലയിലെ “കളപറച്ചു കളയ”ലടക്കം  നടപ്പാക്കാനാവൂ എന്ന് സര്‍ക്കാറിനറിയാം. അത് നമുക്കും അറിയാമെന്ന് സര്‍ക്കാറിനെ അറിയിക്കാന്‍ വൈകിയാല്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക.


ബെഫിയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more