അങ്കാറ: പ്രാദേശിക തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതിന് പിന്നാലെ ഇസ്താംബൂളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി. ഇസ്താംബൂളിലെ 39 ജില്ലകളിലും വീണ്ടും വോട്ടെണ്ണമെന്നാണ് ആവശ്യം.
പ്രാരംഭ ഫലങ്ങളനുസരിച്ച് എ.കെ പാര്‍ട്ടിയുടെ എതിര്‍ സ്ഥാനത്ത് നില്‍ക്കുന്ന പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എ.കെ പാര്‍ട്ടി ആരോപിക്കുന്നത്. അതേസമയം രണ്ടാമതും വോട്ടെണ്ണിയാലും ഫലം മാറില്ലെന്ന് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എക്രം ഇമംമൗളു പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളായ ഇസ്താംബൂളിലും അങ്കാറയിലും ഉര്‍ദുഗാന്റെ പാര്‍ട്ടിയ്ക്ക് പരാജയം ഉറപ്പിച്ചിരിക്കുകയാണ്. 15 മില്ല്യണ്‍ ജനങ്ങളുള്ള തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമാണ് ഇസ്താംബൂള്‍. 16 വര്‍ഷത്തോളം ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുണ്ടായിരുന്ന നഗരങ്ങളാണ് ഇവ രണ്ടും. ദേശീയ തലത്തിലേക്ക് വളര്‍ന്ന് വരുന്നതിന് മുമ്പ് 1990 കളില്‍ എര്‍ദോഗാന്‍ ഇസ്താംബൂള്‍ മേയറായിരുന്നു.
എ.കെ പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ദെര്‍സിം മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കിയുടെ (ടി.കെ.പി.) ഫാത്തി മെഹ്മത് മശ്‌റുദുള്ള ജയിച്ചിരുന്നു. ഇവിടെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി 14.76 ശതമാനത്തോടെ നാലാം സ്ഥാനത്താണുള്ളത്. അതേസമയം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മെഹ്മദിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരമേറ്റെടുക്കുന്നതില്‍ നിന്നും തടഞ്ഞുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.
രാജ്യം പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയിലേക്ക് മാറിയതിനു ശേഷം നടക്കുന്ന ആദ്യ പ്രാദേശിക തെരഞ്ഞെടുപ്പ് എര്‍ദോഗന്‍ ഭരണത്തിനുള്ള റഫറണ്ടമായാണ് വിശേഷിപ്പിച്ചിരുന്നത്.