സാമ്പത്തിക സംവരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍, ഇടതുപക്ഷം നേരത്തെ ആവശ്യപ്പെട്ട കാര്യമെന്നും മന്ത്രി
national news
സാമ്പത്തിക സംവരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍, ഇടതുപക്ഷം നേരത്തെ ആവശ്യപ്പെട്ട കാര്യമെന്നും മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 3:12 pm

കോഴിക്കോട്: പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇക്കാര്യം നേരത്തെ തന്നെ സി.പി.ഐ.എമ്മും ഇടതുപക്ഷവും ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളേക്കാള്‍ കൂടുതല്‍ സവര്‍ണര്‍ അനുഭവിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഇടത് സര്‍ക്കാരാണ്.”

മുന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം പ്രഖ്യാപിച്ചത് ഇ.എം.എസിന്റെ കാലത്താണ്. അത് നടപ്പിലാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മിന്നല്‍ ഹര്‍ത്താല്‍ പാടില്ല ; ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പാടില്ലെന്നും ഹൈക്കോടതി

അതേസമയം എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള സംവരണത്തിന് ഒരു തരത്തിലുള്ള കുറവുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് ഭരണഘടന ഭേദഗതി ചെയ്തു കൊണ്ട് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാവും സംവരണയോഗ്യത.

ALSO READ: കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി.ജെ.പി ലോക്‌സഭയില്‍

എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.

സര്‍ക്കാര്‍ ജോലികളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

WATCH THIS VIDEO: