| Friday, 18th February 2022, 1:15 pm

ഗവര്‍ണര്‍ ഇതുപോലെ മുമ്പും ചെയ്തിട്ടുണ്ട്, അന്ന് കേക്ക് കൊടുത്താണ് പ്രശ്‌നം പരിഹരിച്ചത്: പ്രതിപക്ഷത്തെ പരിഹസിച്ച് എ.കെ. ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്‍. മുമ്പും ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അന്ന് കേക്കും കൊണ്ട് പോയാണ് പ്രശ്‌നം പരിഹരിച്ചതെന്നും എ.കെ. ബാലന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇതിന് മുമ്പും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ കൃഷി മന്ത്രിയും ഞാനും ഒരു കേക്കുമായി പോയാണ് പ്രശ്നം പരിഹരിച്ചത്,’ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.

സര്‍ക്കാരിനേയും ഗവര്‍ണറേയും രണ്ട് തട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടന്നിരുന്നെങ്കിലും തങ്ങള്‍ അതെല്ലാം പൊളിച്ച് കൈയ്യില്‍ കൊടുത്തിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാറും ഗവര്‍ണറുമായി പ്രശ്നമില്ല, എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപ്രതിസന്ധിയുണ്ടാകുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള അവസരം ഒരുക്കിയില്ലെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുളള ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാതെ മാറിനിന്ന ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. മറുവശത്ത് ഗോ ബാക്ക് വിളികളോടെയാണ് പ്രതിപക്ഷം ഗവര്‍ണറെ എതിരേറ്റത്. മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് കടന്ന പ്രതിപക്ഷം സഭാ കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


Content Highlights: AK Balan trolls congress party on the basis of Governor issue

We use cookies to give you the best possible experience. Learn more