തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എ ലൈംഗീക അതിക്രമം നടത്തിയിട്ടില്ല എന്നും ഫോണിലൂടെയുള്ള മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനക്കേസ് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയുണ്ട് എന്നും വിഭാഗീയതയാണ് പരാതിക്ക് കാരണം എന്നും അന്വേഷണ കമ്മീഷന്‍ അംഗം എ.കെ ബാലന്‍ പറഞ്ഞു. എന്നാല്‍ എ.കെ ബാലന്റെ ഈ വാദത്തെ പി.കെ ശ്രീമതി തള്ളി.
പീഡനക്കേസില്‍ വിശദീകരണം നല്‍കിയ പി.കെ ശശി പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി.
അതേസമയം പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതിയില്‍ എം.എല്‍.എയുള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് വരികയാണ്. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിടേറ്റ് അംഗമാണ് പി.കെ ശശി.
ജില്ലാ നേതാവില്‍ നിന്നുണ്ടായ ഇത്തരം വാക്കും പ്രവൃത്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്തു എന്നാണ് വിലയിരുത്തല്‍. അതിനാലാണ് പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടിയുണ്ടാവുക. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് മറ്റ് ആറുപേര്‍ക്കെതിരെ നടപടിയുണ്ടാവുക. ഉയര്‍ന്ന പാര്‍ട്ടി ബോധത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവായ യുവതി പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കിയത്. എന്നാല്‍ അവര്‍ പോലും അറിയാതെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആക്കിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി.
ഇതില്‍ മൂന്ന് പേര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളാണെന്നാണ് സൂചന. ഒരാള്‍ മുന്‍ എം.എല്‍.എയും, ഒരാള്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളുമാണ്. മറ്റൊരാള്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്. ഒരു ജനപ്രതിനിധിയുടെ അടുത്ത ബന്ധുവും ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. പി.കെ ശശി എം.എല്‍.എയുള്‍പ്പെടെ എല്ലാവരെയും കീഴ്ഘടകത്തിലേക്ക് താരം താഴ്ത്തുകയാകും പാര്‍ട്ടി നടപടി. പക്ഷേ നടപടികളില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.
പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കമ്മീഷന്‍. പി.കെ ശശി പാര്‍ട്ടി ജാഥയുടെ ക്യാപ്റ്റനായതുകൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ജാഥ സമാപിച്ച സഹാചര്യത്തില്‍ സംസ്ഥാനകമ്മിറ്റി വിഷയം പരിഗണിച്ച് ശശിക്കെതിരെ നടപടിയെടുത്തേക്കും.
നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇത് കൂടി പരിഗിണിച്ചാണ് നടപടി തീരുമാനിക്കാന്‍ സംസ്ഥാനകമ്മിറ്റി ചേരുന്നതും.