| Tuesday, 23rd March 2021, 7:34 pm

എ. കെ ബാലന്റെ ഭാര്യ ആയി എന്നത് ഒരു കുറവാണോ? ഭര്‍ത്താവിന്റെ അടുത്താണോ ഭാര്യയുടെ വ്യക്തിത്വം; സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങളില്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി. കെ ജമീലയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ കരുതിക്കൂട്ടിയുണ്ടാക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍. അത്തരമൊരു ചര്‍ച്ച ഒരു ഘട്ടത്തിലും എവിടെയും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി. കെ ജമീല രാഷ്ട്രീയത്തില്‍ വന്നാല്‍ തന്നെ, എ. കെ ബാലന്റെ ഭാര്യയാണെന്നത് അയോഗ്യതയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രതിസന്ധികള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പലപ്പോഴും അനുഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എ. കെ ബാലന്റെ പ്രതികരണം

‘ടെക്‌നോക്രാറ്റുകളായ, വിവിധ മേഖലകളിലുള്ള ആളുകള്‍ പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാവണമെന്നത് പാര്‍ട്ടിയുടെ നിര്‍ദേശത്തിന്റെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോള്‍ എ. കെ ബാലന്റെ ഭാര്യ ആരോഗ്യ രംഗത്ത് സംഭാവനകള്‍ നടത്തിയിട്ടുള്ള ആളാണ്. അപ്പോള്‍ ‘ബാലന്റെ’ഭാര്യ വരാന്‍ പോകുന്നു എന്ന ശ്രുതി വന്നു തുടങ്ങിയപ്പോഴെ പറഞ്ഞതാണ് ഞാന്‍ ഇക്കാര്യം. ഇത് ചര്‍ച്ചയാക്കേണ്ടെന്നും, തരൂര്‍ അടക്കം പിടിപാടുള്ള സ്ഥാനാര്‍ത്ഥിയെ ആയിരിക്കും പാര്‍ട്ടി നിര്‍ത്തുക എന്നും.

ഭാര്യമാരുടെ വ്യക്തിത്വം ഭര്‍ത്താവിന്റെ മേലെയാണോ? എന്റെ വാലില്‍ തൂങ്ങിയിട്ടാണോ അവരുടെ വ്യക്തിത്വം? അവര്‍ സഖാവ് പി. കെ കുഞ്ഞച്ചന്റെ മകളല്ലെ, പി. കെ കുഞ്ഞച്ചന്‍ ആരാണെന്ന് ചരിത്രം അറിയാവുന്നവരോട് ചോദിച്ചാല്‍ മതി.

ഇനി അങ്ങനെയുള്ള ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്നു എന്ന് വിചാരിക്കൂ. എ. കെ ബാലന്റെ ഭാര്യ ആയി പോയി എന്നുള്ളത് ഒരു കുറവാണോ? എന്തായാലും നമുക്ക് അത് ചര്‍ച്ചയാക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. എന്തിനാണ് ഇത് കുത്തിപ്പൊക്കിയത് എന്നത് അറിയില്ല.

ഒരു കേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ടുവന്നതാണെന്ന് എനിക്ക് അറിയാം. ഇത് ഈ പ്രസ്ഥാനത്തില്‍ നിന്ന് വന്നവര്‍ പലരും അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദളിത് വിഭാഗം നന്നായി അനുഭവിച്ചിട്ടുണ്ട്.

മുളച്ച് വരുമ്പോള്‍ വാഴയുടെ കന്ന് ചവിട്ടി മെതിക്കുന്നത് പോലെയാണിത്. അതിന്റെ മുന്നിലൊന്നും മുട്ടുമടക്കില്ല. അങ്ങനെയൊരു വേട്ടയാടലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ഥാനാര്‍ത്ഥി ആയില്ലെന്നതുകൊണ്ട് ഒരു സങ്കടവും ഞങ്ങള്‍ക്കാര്‍ക്കുമില്ല.’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AK Balan replies to candidate controversy over her wife

We use cookies to give you the best possible experience. Learn more